കോട്ടയം - വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കാനുളള നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ കോട്ടയത്ത്് ക്രിസ്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ ലൗജിഹാദ് പരാമര്‍ശം ആവര്‍ത്തിച്ച് പി.സി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും ഇതുസംബന്ധിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്തെ പ്രസംഗത്തില്‍ പറഞ്ഞതിലും മാറ്റമില്ല.
ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്്ഷന്‍(കാസ) നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 പെണ്‍കുട്ടികളെ താന്‍ ലൗ ജിഹാദ് കെണിയില്‍നിന്ന് രക്ഷിച്ചിട്ടുണ്ട്. 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാന്‍ വിധിച്ചതില്‍ രണ്ടുപേര്‍ തന്റെ അയല്‍ക്കാരാണ്. അവര്‍ തീവ്രവാദികളാണ്്. കുറച്ചുപേര്‍ പാക്കിസ്ഥാന്റെ അച്ചാരംപറ്റി രാജ്യത്തിനെതിരേ യുദ്ധം നടത്തുകയാണ്. ഇത് അനുവദിക്കാന്‍ പറ്റില്ല. ഈ സ്ഥിതി നേരിടാന്‍ രാജ്യത്തെ സ്‌നേഹിക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ ഒന്നിക്കണം - ജോര്‍ജ് പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു, ബി.ജെ.പി. സംസ്ഥാനവക്താവ് എന്‍.കെ.നാരായണന്‍ നമ്പൂതിരി, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, അഡ്വ. പി.പി.ജോസഫ്, ഡോ.കെവിന്‍ പീറ്റര്‍, ഫാ. ലൂക്ക് പൂതൃക്ക, ജോസ് വള്ളനാട്, ജോജി ജോര്‍ജ്, മാഗി ഡൊമിനിക്ക്, ഡോ.ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വീകരണച്ചടങ്ങിനെത്തിയ പി.സി.ജോര്‍ജിനുനേരേ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ജോര്‍ജിന് പിന്തുണയുമായി ചടങ്ങിന്റെ സംഘാടകരും ബി.ജെ.പി. പ്രവര്‍ത്തകരും നിലയുറപ്പിച്ചതോടെ കോട്ടയം ശാസ്ത്രിറോഡിലെ സ്വീകരണവേദിക്കുമുന്നില്‍ സംഘര്‍ഷസ്ഥിതിയുണ്ടായി. ജോര്‍ജിന്റെ വാഹനം ശാസ്ത്രിറോഡിലേക്ക് കടന്നപ്പോളാണ് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പോലീസ് ഇവരെ തടഞ്ഞെങ്കിലും, ഹാളിനുമുന്നിലുള്ള ഗേറ്റില്‍ മറ്റൊരു സംഘമെത്തി വീണ്ടും കരിങ്കൊടി കാട്ടി. ജോര്‍ജിന്റെ വാഹനം തടഞ്ഞവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. വളപ്പിനുള്ളില്‍ കാസയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകര്‍ എ.ഐ.വൈ.എഫിനുനേരേ പ്രതിഷേധിച്ചു. പോലീസ് ഇടപെട്ട് അന്തരീഷം ശാന്തമാക്കി.