കൊച്ചി- കാസര്‍കോട് ജില്ലയില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചെറുവത്തൂരില്‍ ദേവനന്ദ എന്ന വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലാണ് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഭക്ഷ്യസുരക്ഷാ കമ്മിഷണറോടും ആരോഗ്യ വകുപ്പിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടു.
ദേവനന്ദയ്ക്കു ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്നു പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്നു ഡിഎംഒ പറഞ്ഞു.
ദേവനന്ദ മരിച്ച സംഭവത്തില്‍ ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് അടക്കം മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചേക്കും. ഷവര്‍മ കഴിച്ച് വിവിധ ആശുപത്രികളില്‍ 52 പേരാണു ചികിത്സയില്‍ കഴിയുന്നത്.