Sorry, you need to enable JavaScript to visit this website.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പ്രൊഫ. കെ.വി തോമസ് തനിക്കെതിരെ പറയില്ലെന്ന് ഉമാ തോമസ്

കൊച്ചി: മുന്‍ മന്ത്രി പ്രൊഫ. കെ.വി.തോമസ് തനിക്കെതിരെ പറയില്ലെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. കെ.വി തോമസ് തങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുള്ളുവെന്നും തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമാ തോമസ്. 

തനിക്ക് എല്ലാവരുടേയും സഹകരണം വേണമെന്നും മാഷ് ഒരിക്കലും തനിക്കെതിരെ ഒന്നും പറയില്ലെന്നും തങ്ങള്‍ തമ്മില്‍ അത്രയ്ക്കും കുടുംബ ബന്ധമുണ്ടെന്നും പറഞ്ഞ ഉമാ തോമസ് താന്‍ മാഷിനെ പോയി കാണുമെന്നും ഇന്നലെ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും മാഷ് വേറെ ഫോണില്‍ ആയതിനാല്‍ സംസാരിക്കാന്‍ സാധിച്ചില്ലെന്നും വിശദമാക്കി. തങ്ങളുടെ എല്ലാ അനുഗ്രഹവുമുണ്ടാകുമെന്ന് ചേച്ചി പറഞ്ഞതായും മാഷിനൊന്നും തങ്ങളെ മറക്കാന്‍ പറ്റില്ല, ചേര്‍ത്ത് പിടിച്ചിട്ടേയുള്ളു അവരൊക്കെയെന്നും പറഞ്ഞ ഉമാ തോമസ് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് എല്ലാവരും കൂട്ടായി നില്‍ക്കുമെന്നും വിശദമാക്കി. 
 
ഉമയുമായി നല്ല ബന്ധമാണുള്ളതെന്ന് പറഞ്ഞിരുന്ന പ്രൊഫ. കെ.വി തോമസ് കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്ന കാര്യം വ്യക്തിപരമാണെന്നും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് വികസനമാണെന്നും വിശദമാക്കിയിരുന്നു. വികസന കാര്യം പറയാന്‍ കഴിയുന്നിടത്താണ് തെരഞ്ഞെടുപ്പിന് ഇറങ്ങുകയെന്നും കോണ്‍ഗ്രസിനോട് വിയോജിപ്പില്ലെന്നും തോമസ് പറഞ്ഞിരുന്നു. 

താന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് കോണ്‍ഗ്രസിലുള്ളവര്‍ക്ക് പറയാനാകില്ല. കോണ്‍ഗ്രസിന്റെ വികാരവും കാഴ്ചപ്പാടും ഉള്‍കൊള്ളുന്നു. സീറ്റ് നല്‍കാതെ ആക്ഷേപിച്ചിട്ടും പാര്‍ട്ടി വിട്ടുപോയിട്ടില്ല. താന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന രാഷ്ട്രീയക്കാരനാണ്. അംഗത്വം പുതുക്കിയത് കോണ്‍ഗ്രസുകാരനായത് കൊണ്ടാണെന്നും പ്രൊഫ. കെ.വി തോമസ് പറഞ്ഞു.

Latest News