തിരുവനന്തപുരം- ജൂവലറിക്കാരെ ഭീഷണിപ്പെടുത്തി സ്വര്‍ണമാലയ്ക്ക് 95 ശതമാനം ഇളവ് നേടിയെന്ന പരാതിയില്‍ ഡി.ജി.പി. സുധേഷ് കുമാറിനെതിരേ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. വിദേശത്ത് ചികിത്സയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് സൂചന.
പരാതിയില്‍ അന്വേഷണം അനിവാര്യമാണെന്ന് ആഭ്യന്തരവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കൊപ്പം സമര്‍പ്പിച്ച ബില്ലുകളും മറ്റു രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. സ്വര്‍ണമാലയ്ക്ക് തുച്ഛമായ തുക മാത്രമാണ് ഉദ്യോഗസ്ഥന്‍ നല്‍കിയതെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തി. െ്രെകംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത. പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
തലസ്ഥാനത്തെ ജൂവലറിയില്‍ സുധേഷ്‌കുമാര്‍ നേരിട്ടെത്തി ഏഴുപവന്റെ മാല വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനുശേഷം 95 ശതമാനം ഇളവ് ആവശ്യപ്പെട്ടു. ജീവനക്കാര്‍ 50 ശതമാനം ഇളവ് നല്‍കിയെങ്കിലും ഉദ്യോഗസ്ഥന്‍ തൃപ്തനായില്ല. അടുത്തദിവസം ജൂവലറിയില്‍ വീണ്ടുമെത്തിയ ഉദ്യോഗസ്ഥന്‍ ജീവനക്കാരെയും മാനേജരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഇളവ് ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഉടമ ഇടപെട്ട് 95 ശതമാനം ഇളവ് നല്‍കി. ഡിസ്‌കൗണ്ട് ബില്ലില്‍ രേഖപ്പെടുത്തി നല്‍കുകയും ചെയ്തു. ഇതിനെക്കുറിച്ച് ലഭിച്ച പരാതിയിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തിയത്.