Sorry, you need to enable JavaScript to visit this website.

ഹയർ സെക്കണ്ടറി മൂല്യനിർണയം ; വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ


കോഴിക്കോട്- കേരള ഹയർ സെക്കണ്ടറി സ്‌കൂൾ പരീക്ഷാ മൂല്യനിർണയത്തെ കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക. 28 ന് ആരംഭിക്കാനിരുന്ന രസതന്ത്രം പേപ്പർ മൂല്യനിർണയം പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ ഇന്ന് ആരംഭിക്കും. ഏപ്രിൽ 26 ന് നടന്ന ഊർജതന്ത്രം, സാമ്പത്തിക ശാസ്ത്രം പേപ്പറുകളുടെ മൂല്യനിർണയവും ഇന്ന് ആരംഭിക്കും. 
കെമിസ്ട്രി, ഫിസിക്‌സ് പേപ്പറുകൾ കടുത്തതതായിരുന്നുവെന്ന് നേരത്തെ പരാതി ഉയർന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ചോദ്യങ്ങളിലെ അപാകതകളും വിദ്യാർഥികൾ എഴുതിയ ഉത്തരങ്ങളുടെ വൈവിധ്യങ്ങളും പരിഗണിച്ച് മൂല്യ നിർണയത്തിൽ ഉദാരമായ സമീപനം സ്വീകരിക്കാറുണ്ട്. ഇത് ഇക്കുറി വേണ്ട എന്നാണ് സർക്കാർ നിലപാട്. വാരിക്കോരി മാർക്ക് കൊടുക്കാൻ അനുവദിക്കില്ലെന്നും എല്ലാ വിഷയത്തിലും 90 ശതമാനത്തിലേറെ മാർക്ക് എല്ലാവർക്കും കിട്ടണമെന്ന അധ്യാപകരുടെ താൽപര്യം അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു.  ചോദ്യക്കടലാസിന്റെ ഘടനയിൽ അവസാനം വരുത്തിയ മാറ്റത്തിൽ പല കോണുകളിൽ നിന്ന് ആശങ്ക ഉയർന്നതാണ്. പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ ബി പ്ലസിൽ ഒതുക്കാനുള്ള തന്ത്രം ഒരു വിഭാഗം ഉദ്യോഗസ്ഥർ പയറ്റുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേ കുറിച്ച് ഓൺ ലൈൻ മാധ്യമങ്ങളിൽ എഴുതിയതിന് പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പി. പ്രേമചന്ദ്രനെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്. കാരണം വിശദീകരണ നോട്ടീസിന് പ്രേമചന്ദ്രൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിധിച്ച് തുടർ നടപടികൾ എടുത്തു വരികയാണ്. 
2021 ലെ പരീക്ഷക്ക് സിലബസിന്റെ 40 ശതമാനം ഫോക്കസ് ഏരിയയായി പ്രഖ്യാപിക്കുകയും അതിൽ നിന്ന് ആകെ മാർക്കിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ നൽകുകയും എഴുതുന്ന എല്ലാ ഉത്തരത്തിനും മാർക്ക് നൽകുകയും ചെയ്തിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. ആ വർഷം എ പ്ലസുകളുടെ എണ്ണം മുൻ വർഷത്തേക്കാൾ മൂന്ന് ഇരട്ടിയായി. ഈ വർഷം ആകട്ടെ ആദ്യം ഫോക്കസ് ഏരിയ 60 ശതമാനമായി വർധിപ്പിച്ചു. പിന്നീട് ഈ 60 ശതമാനത്തിൽ നിന്ന് 70 ശതമാനം ചോദ്യങ്ങളേ ഉണ്ടാവൂവെന്നും ബാക്കി 40 ശതമാനം വരുന്ന നോൺ ഫോക്കസ് പാഠഭാഗങ്ങിൽ നിന്ന് തെരഞ്ഞെടുക്കാവുന്ന അധിക ചോദ്യങ്ങൾ പോലുമില്ലാതെ 30 ശതമാനം മാർക്കിനുള്ള ചോദ്യം ഉണ്ടാവുമെന്നും നിജപ്പെടുത്തി. മാർച്ചിൽ പരീക്ഷ നടക്കാനിരിക്കേ ജനുവരിയിലാണ് ഈ തീരുമാനങ്ങൾ വന്നത്. ഇതിനെയാണ് പ്രേമചന്ദ്രൻ ചോദ്യം ചെയ്തത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇതിനെ എതിർത്തു. പക്ഷേ വിദ്യാഭ്യാസ വകുപ്പ് മാറ്റിയില്ല. 
ഇതിനിടയിലാണ് മൂല്യനിർണയത്തിനുള്ള പേപ്പറുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് ഉത്തരവായത്. എൺപത് മാർക്കിനുള്ള പേപ്പർ നോക്കുന്നതിന് 15 മിനിട്ട് അനുവദിച്ചിരുന്നത് 10 ൽ താഴെയായി ചുരുക്കിക്കൊണ്ട് ദിവസം നോക്കുന്ന പേപ്പറുകളുടെ എണ്ണം 26 ൽ നിന്ന് 34 ആയി വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ഹയർ സെക്കണ്ടറി അധ്യാപക സംഘടനകൾ ഒറ്റക്കെട്ട് സമരം പ്രഖ്യാപിച്ചപ്പോൾ 30 ആക്കി കുറച്ചു. 
കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപകർ രൂപപ്പെടുത്തിയ ഉത്തര സൂചിക തള്ളിക്കളഞ്ഞ് ചോദ്യ കർത്താവും ഉദ്യോഗസ്ഥരും ചേർന്ന് തയാറാക്കിയ ഉത്തര സൂചിക വെച്ച് മൂല്യനിർണയം നടത്താൻ നിർദേശിച്ചപ്പോൾ അധ്യാപകർ ബഹിഷ്‌കരിക്കുകയായിരുന്നു. 28 ന് ആരംഭിക്കേണ്ട കെമിസ്ട്രി പേപ്പർ മൂല്യനിർണയം ബഹു ഭൂരിപക്ഷം കേന്ദ്രങ്ങളിലും പൂർണമായി മുടങ്ങി. മൂല്യനിർണയ ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് കോടതി അലക്ഷ്യമാകുമെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിന് മുന്നിലും അധ്യാപകർ വഴങ്ങിയില്ല. ഇതേത്തുടർന്ന് 15 അംഗ സമിതിയെ നിയോഗിച്ച് വീണ്ടും രൂപപ്പെടുത്തിയ ഉത്തര സൂചിക വെച്ചാണ് ഇന്ന് കെമിസ്ട്രി മൂല്യനിർണയം ആരംഭിക്കുക. മുൻ സൂചിക വെച്ച് മൂല്യ നിർണയം ചെയ്ത 30,000 പേപ്പർ വീണ്ടും മൂല്യനിർണയം നടത്തും. 

Latest News