കൽപറ്റ- കണിയാമ്പറ്റ പഞ്ചായത്തിലെ അമ്പലച്ചാൽ പണിയ കോളനിയിൽ അപ്രതീക്ഷിതമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എത്തി. പരാതികൾ ശ്രവിച്ച്, പരിഹരിക്കാമെന്ന് ഉറപ്പു നൽകി ആദിവാസികളെ കൈയിലെടുത്താണ് കേന്ദ്ര മന്ത്രി പടിയിറങ്ങിയത്.
85 കാരി മഞ്ഞള കോളനിക്കാർ അനുഭവിക്കുന്ന വിഷമതകൾ മന്ത്രിയോടു ദ്വിഭാഷിയുടെ സഹായത്തോടെ വിശദീകരിച്ചു.
ശേഷം, കോളനിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കാണാനായത് ദുരിതങ്ങളുടെ പെരുമഴയാണ്. കോളനിയിൽ 40 സെന്റ് ഭൂമിയിൽ 1989 ൽ നിർമിച്ച 23 വീടുകളിൽ 32 കുടുബങ്ങളാണ് താമസം. വാസയോഗ്യമായ വീടുകളുടെയും മതിയായ അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം കോളനി വാസികളെ വലയ്ക്കുകയാണ്.
മന്ത്രിയുടെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നതല്ല അമ്പലച്ചാൽ കോളനി സന്ദർശനം. കലക്ടറേറ്റിൽ ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനത്തിനു ശേഷം അപ്രതീക്ഷിതമായാണ് അവർ അമ്പലച്ചാൽ കോളനിയിലേക്കു തിരിച്ചത്. ചതുപ്പിലാണ് കോളനി. മഴക്കാലത്ത് മുറ്റത്തും വീടിനകത്തും വെള്ളം കയറും. ശൗചാലയങ്ങൾ നിറഞ്ഞ് വിസർജ്യം കോളനി വളപ്പിൽ ഒഴുകി നടക്കും.
വീടുകളുടെ ചോർച്ച ഇതിനു പുറമേയാണ്. കോളനിയിലെ കിണർ ഉപയോഗ ശൂന്യമാണ്. എല്ലാ വീടുകളിലും നേരത്തേ കുടിവെള്ള കണക്ഷൻ ഉണ്ടായിരുന്നു. നിലവിൽ രണ്ട് പൊതു ടാപ്പുകൾ മാത്രമാണ് ഉള്ളത്. വൈദ്യുതി എല്ലാ വീടുകളിലും ഇല്ല. സാംസ്‌കാരിക നിലയവും കുട്ടികൾക്കുള്ള പഠനമുറിയും കോളനിക്കു അന്യം.
മഞ്ഞളയുടെ വാക്കുകൾക്കു ശ്രദ്ധയോടെ കാതു കൊടുത്ത മന്ത്രി പിന്നീട് വീടുകളിൽ ഒന്നിൽ കയറി അവസ്ഥ പരിശോധിച്ചു. വിശദമായ പരാതി തയാറാക്കി ജില്ലാ കലക്ടർക്ക് നൽകാനും പകർപ്പ് കേന്ദ്ര സർക്കാരിന് അയക്കാനും നിർദേശിച്ചാണ് മന്ത്രി കോളനി വിട്ടത്. അമ്പലച്ചാലിൽ നിന്നു മാറ്റിപ്പാർപ്പിക്കണമെന്നത് കോളനി വാസികളുടെ ചിരകാല ആവശ്യമാണ്.