Sorry, you need to enable JavaScript to visit this website.

കെ.റെയിലിനെതിരെ മാവോവാദി പോസ്റ്റര്‍, പോലീസ് നീക്കം ചെയ്തു

മട്ടിക്കുന്നില്‍ മാവോവാദി പോസ്റ്ററുകള്‍ പോലിസ് നീക്കം ചെയ്യുന്നു

കോഴിക്കോട്-കെ.റെയിലില്‍  സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പുതുപ്പാടി മട്ടിക്കുന്നില്‍ മാവോവാദി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മട്ടിക്കുന്ന് ബസ് സ്‌റ്റോപ്പിലും സമീപത്തുമാണ് ശനിയാഴ്ച രാത്രി സി.പി.ഐ മാവോവാദി സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്. കേരളത്തെ കെ.റെയില്‍ കമ്പനിക്ക് വിട്ടുനല്‍കി കൃഷിഭൂമിയെ നശിപ്പിക്കുന്ന മോഡി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്റര്‍ ആഹ്വാനംചെയ്യുന്നു.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നത്. ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണമെന്നും പോസ്റ്ററില്‍ പറയുന്നു.
 
മുമ്പും മാവോവാദി സാന്നിധ്യമുണ്ടായ പ്രദേശമാണ് മട്ടിക്കുന്ന്. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫ്, ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസും തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും മട്ടിക്കുന്ന് വനമേഖലയില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്തു.
 

 

 

Latest News