കാസര്‍കോട്-ആര്‍ക്കും പ്രിയങ്കരമാകുന്ന ഭക്ഷണമാണ് ഷവര്‍മ. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് രുചി. ലെബനോനിലാണ് ഷവര്‍മയുടെ ജനനം.
അവിടെനിന്ന് സൗദി അറേബ്യയിലേക്കും സിറിയ, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളിലേക്കുമെത്തി.
ഗള്‍ഫ് രാജ്യങ്ങളിലെത്തിയ ഷവര്‍മ അവിടെനിന്ന് കേരളത്തിലും. മലപ്പുറത്താണ് ആദ്യമായി ഷവര്‍മയെത്തുന്നത്.
എല്ലില്ലാത്ത ഇറച്ചികൊണ്ടാണ് ഷവര്‍മയുണ്ടാക്കുന്നത്. പാളികളായി മുറിച്ച ഇറച്ചി നീളമുള്ള കമ്പിയില്‍ കോര്‍ത്തെടുത്താണ് ഗ്രില്‍ അടുപ്പിനു മുന്നില്‍ വേവിച്ചെടുക്കുന്നത്. ഇറച്ചിക്കൊപ്പം ഇരുവശങ്ങളില്‍ തക്കാളി,നാരങ്ങ എന്നിവയും കോര്‍ക്കാറുണ്ട്. ഇറച്ചിക്കൊപ്പം പച്ചക്കറികളും ചെറുതാക്കി വെട്ടിയെടുത്താണ് ഷവര്‍മ തയ്യാറാക്കുന്നത്. ഖുബ്ബൂസും കൂട്ടത്തില്‍ വെച്ച് ചുരുട്ടിയെടുത്താല്‍ ഷവര്‍മ റെഡി.
എന്നാല്‍ ഷവര്‍മക്കുള്ളിലുണ്ടാകുന്ന ബോട്ടുലിനം ടോക്‌സിന്‍ എന്ന വിഷാംശം ജീവന് ഭീഷണിയാണ്. ഇത് മരണത്തിന് കാരണമാകാം. പൂര്‍ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോള്‍ അതില്‍ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു. ഇവയാണ് ബോട്ടുലിനം ടോക്‌സിന്‍ എന്ന വിഷം ഉണ്ടാക്കുന്നത്. കൂടാതെ മയോണൈസ് ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. മയോണൈസ് ഉണ്ടാക്കുന്നത് പച്ച മുട്ട ഉപയോഗിച്ചാണ്. കൂടുതല്‍ സമയം അത് വെച്ചിരുന്നാലും വിഷാംശം ഉണ്ടാകാം. വൃത്തിയില്ലാത്ത സാഹചര്യത്തിലാണെങ്കില്‍ അത് ശരീരത്തെ ദോഷമായി ബാധിക്കുകയും ചെയ്യും.
ഷവര്‍മയുണ്ടാക്കുന്ന വൃത്തിയില്ലാത്ത സാഹചര്യവും വിഷാംശവും ജീവന് ഭീഷണിയാണെന്ന് തന്നെ പറയാം. കേരളത്തില്‍ ഷവര്‍മ കഴിച്ചിട്ട് ആദ്യമരണം നടന്നത് 2012 ലാണ്. തിരുവന്തപുരം സ്വദേശി സച്ചിന്‍ ആയിരുന്നു അന്ന് മരിച്ചത്. ബംഗളുരുവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. വഴുതക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ കഴിച്ചത്. മറ്റു പത്ത് പേര്‍ക്കും ഷവര്‍മ കഴിച്ചു വയറുവേദന വന്നിരുന്നു. ആ കേസ് തീര്‍പ്പാകാതെ കിടക്കുമ്പോഴാണ് ദേവനന്ദയുടെ മരണത്തിലൂടെ കേരളം വീണ്ടും ഞെട്ടിയത്. കൊച്ചിയിലും കോഴിക്കോടും ഷവര്‍മ വില്ലനായി മാറിയിരുന്നു. വൃത്തിഹീനമായ സാഹചര്യവും പഴകിയ ഇറച്ചിയുമാണ് ബാക്ടീരിയ വളര്‍ത്തുന്നത്. കൂണുകള്‍ പോലെയാണ് തട്ടുകടകളും ഷവര്‍മ, അല്‍ഫാം കടകളും മുളച്ചു പൊന്തുന്നത്. 100 രൂപ അടച്ചാല്‍ ആര്‍ക്കും തുടങ്ങാവുന്ന കടകള്‍. ലക്ഷങ്ങളുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് ആവശ്യമായി വരുന്നുള്ളൂ. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഇല്ലാത്തതും പ്രഹസനമാകുന്ന പരിശോധനകളും ഇത്തരം സ്ഥാപനങ്ങളെ വളര്‍ത്തുന്നു.