മെൽബൺ - മൂന്ന് കളിക്കാർക്ക് കനത്ത ശിക്ഷ നൽകുകയും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ അഹിതകരമായ സംസ്‌കാരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത കോച്ച് ഡാരൻ ലീമനെ വെറുതെ വിടുകയും ചെയ്ത ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം. എന്നാൽ പന്ത് ചുരണ്ടൽ ഗൂഢാലോചനയിൽ ലീമന് പങ്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്ടെത്തൽ.
കാമറൂൺ ബാൻക്രോഫ്റ്റ് മഞ്ഞ വസ്തു അടിവസ്ത്രത്തിലൊളിപ്പിക്കുന്ന ദൃശ്യങ്ങൾ സ്റ്റേഡിയത്തിലെ കൂറ്റൻ സ്‌ക്രീനിൽ ആദ്യം പ്രദർശിപ്പിക്കപ്പെട്ടപ്പോൾ വാക്കിടോക്കിയിലൂടെ കോച്ച് ബൗണ്ടറിക്ക് പുറത്തുനിൽക്കുകയായിരുന്ന പന്ത്രണ്ടാമൻ പീറ്റർ ഹാന്റ്‌സ്‌കമ്പിന് നിർദേശം നൽകുന്നതായി കണ്ടെത്തിയിരുന്നു. ഹാന്റ്‌സ്‌കമ്പാണ് ഗ്രൗണ്ടിലേക്ക് ഓടിച്ചെന്ന് ബാൻക്രോഫ്റ്റിനെ വിവരമറിയിച്ചത്. ഗൂഢാലോചനയിൽ ലീമന്റെ പങ്കിന് തെളിവായാണ് ഈ ദൃശ്യം ഉദാഹരിക്കപ്പെട്ടത്. എന്നാൽ 'വാട് ദ ഫ... ഈസ് ഗോയിംഗോൺ' (എന്ത് അസംബന്ധമാണ് അരങ്ങേറുന്നത്?) എന്നാണത്രേ വാക്കിടോക്കിയിൽ ലീമൻ ചോദിച്ചത്. ഗൂഢാലോചന ലീമൻ അറിയില്ലെന്നതിന്റെ തെളിവായാണ് ഈ വാക്കുകൾ അന്വേഷണ സംഘം സ്വീകരിച്ചത്. ഇക്കാര്യം ദൃക്‌സാക്ഷികളും സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല ചായ സമയത്ത് എല്ലാ കളിക്കാരെയും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ലീമൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇത്തരമൊരു സംസ്‌കാരം ടീമിൽ വളർന്നതിൽ ലീമന്റെ പങ്ക് പരിശോധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വെളിപ്പെടുത്തി.