Sorry, you need to enable JavaScript to visit this website.

പെരുന്നാൾ നിലാവിന്റെ ചൈതന്യം നുകർന്ന് തിരൂർക്കാട് ഒ.പി വീട്ടിലെ നാലു ഖത്തീബുമാർ 

തിരൂർക്കാട് ഒ.പി വീട്ടിലെ നാലു ഖത്തീബുമാർ വീട്ടിൽ ഒത്തുകൂടിയപ്പോൾ.

മങ്കട- ഒരു വീട്ടിലെ നാലു മക്കൾ വിവിധ നാടുകളിലായി ജുമാ മസ്ജിദ് ഖത്തീബുമാരായി സേവനം ചെയ്യുന്നതിലൂടെ തിരൂർക്കാട് ഒ.പി വീട് മതപ്രബോധന വഴിയിൽ വേറിട്ടു നിൽക്കുന്നു. വെള്ളിയാഴ്ചയിലെ പ്രാർഥനകൾ, പ്രഭാഷണങ്ങൾ, വിവാഹ ഉടമ്പടികൾ, നിക്കാഹ്, മരണാനന്തര ചടങ്ങുകൾ, കൗൺസിലിംഗ്, തർക്ക പരിഹാരങ്ങൾക്കെല്ലാം ഒ.പി കുടുംബത്തിലെ ഖത്തീബുമാരുടെ നേതൃത്വത്തെയാണ് അതാത് മഹല്ല് നിവാസികൾ ആശ്രയിക്കുന്നത്.
തിരൂർക്കാട് സ്വദേശി പരേതനായ ഒ.പി മുഹമ്മദ് മൗലവിയുടെയും കോഴിക്കോട് ചേളന്നൂർ പുന്നായിൽ ഖദീജയുടേയും നാലു മക്കളാണ് ഖത്തീബുമാരായി വർഷങ്ങളായി സേവന രംഗത്തുള്ളത്. മക്കളായ അനീസ് ജാബിർ തിരൂരങ്ങാടി ഓർഫനേജ് ഹൈസ് സ്‌കൂൾ അധ്യാപകനും പാലത്തിങ്ങൽ കൊട്ടത്തല സലഫി മസ്ജിദ് ഖത്തീബുമാണ്. ഒ.പി നൗഷാദ് മങ്കട അൽഅമീൻ സ്‌കൂൾ അധ്യാപകനും മങ്കട മദീനാ മസ്ജിദ് ഖത്തീബുമാണ്. ജഅഫർ സലഫി കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പന്മന മനയിൽ ഗവ. എൽ.പി സ്‌കൂൾ അധ്യാപകനും പെരിയംപലം സലഫി മസ്ജിദ് ഖത്തീബും പുളിക്കൽ ജാമിഅ സലഫിയ്യ അറബി കോളേജ് മുൻ അധ്യാപകനുമാണ്. 
ഒ.പി. ഫദ്‌ലുല്ല പെരിന്തൽമണ്ണ സലഫി മസ്ജിദ് ഇമാമും അത്തിപ്പറ്റ മസ്ജിദു തൗഹീദ് ഖത്തീബും പെരിന്തൽമണ്ണ സലഫി മദ്‌റസ അധ്യാപകനുമാണ്. ഇവരുടെ ഉപ്പ ഓടുപറമ്പിൽ മുഹമ്മദ് മൗലവിയാണ് നാലു മക്കൾക്കും മാതൃക കാണിച്ച് വഴി വെട്ടിത്തെളിച്ചത്.
വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മൗലവി മണ്ണാർക്കാട് കല്ലടിക്കോട് സലഫിയ്യ അറബിക് കോളേജ്, കോഴിക്കോട് പാലത്ത് സലഫിയ്യ അറബിക് കോളേജ്, തിരൂർക്കാട് അൽമനാർ അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളുടെ പ്രിൻസിപ്പലായിട്ടും, മണ്ണാർക്കാട് ചൂര്യോട്, കടലുണ്ടി, കക്കോടി, തിരൂർക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ഖത്തീബായും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുഹമ്മദ് മൗലവി തന്റെ 39-ാം വയസ്സിൽ മരണപ്പെട്ടു. 
തന്റെ മക്കൾ മത പ്രബോധന രംഗത്ത് സജീവമാകണമെന്ന മൗലവിയുടെ ആഗ്രഹ പ്രകാരമാണ് പിതാവിന്റെ പാതയിൽ പ്രബോധന രംഗത്ത് സജീവമാകാൻ പ്രേരണയും കാരണവുമായതെന്ന് മക്കൾ പറയുന്നു. മോങ്ങം അൻവാറുൽ ഇസ്ലാം വനിതാ അറബിക് കോളേജിൽ പഠിച്ച സലീന നാലു ഖത്തീബ് സഹോദരങ്ങളുടെയും ഏകസഹോദരിയാണ്.
മാതാവിന്റെ പ്രോൽസാഹനം ഊർജമാക്കി ഖത്തീബ് സഹോദരങ്ങളുടെ ഭാര്യമാരും പ്രബോധന രംഗത്ത് സജീവമാണ്. അനീസ് ജാബിറിന്റെ ഭാര്യ ജാസ്മിൻ ചെറുമുക്ക്, തിരൂർക്കാട് മദ്‌റസത്തുൽ അത്ഫാൽ അധ്യാപികയാണ്. നൗഷാദിന്റെ ഭാര്യ 
പരിയംതടത്തിൽ ഷമീല മങ്കട അൽ ഫിത്‌റ ഇസ് ലാമിക് പ്രീ സ്‌കൂളിലും മങ്കട അൽഅമീൻ സ്‌കൂളിലും അധ്യാപികയാണ്. ജഅഫറിന്റെ ഭാര്യ റുഷ്ദ അരീക്കോട് വനിത വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തകയാണ്. ഫദ്‌ലുല്ലയുടെ ഭാര്യ അസീല ആമയൂർ  പെരിന്തൽമണ്ണ ഗവ. എൽ.പി. സ്‌ക്കൂൾ അധ്യാപികയാണ്.
 

Latest News