Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അക്രമ രാഷ്ട്രീയം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഡോ. അസ്‌ന

കണ്ണൂർ - കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ ആവർത്തിക്കരുത്. ഇത് ആർക്കു വേണ്ടിയാണ്. ഇനിയും ഇവ തുടരണോ -ഈ ചോദ്യങ്ങൾ ഉയർത്തുന്നത്  കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ചെറുവാഞ്ചേരിയിലെ അസ്‌ന എന്ന പെൺകുട്ടിയാണ്. അസ്‌ന ഇന്ന് ഡോ. അസ്‌നയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയാണ് ഈ പെൺകുട്ടി. 
കണ്ണൂരിൽ എത്ര കാലമായി രാഷ്ട്രീയ അക്രമങ്ങൾ തുടരുന്നു. ആർക്കാണിതിൽ പ്രയോജനം? എത്ര ജീവനുകൾ നഷ്ടപ്പെട്ടു. എത്ര കുടുംബങ്ങൾ അനാഥമായി. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കേണ്ടേ -അസ്‌ന ചോദിക്കുന്നു. 
2000 സെപ്റ്റംബർ 27 എന്ന തീയതി അസ്‌നക്കു ഒരിക്കലും മറക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പു ദിവസം വോട്ടെടുപ്പു നടക്കുന്ന ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുകയായിരുന്ന അസ്‌നക്കു നേരെയാണ് ബോംബേറുണ്ടായത്. ബൂത്തിലുണ്ടായ തർക്കത്തിനൊടുവിൽ കോൺഗ്രസ് അനുഭാവിയായ അസ്‌നയുടെ പിതാവ് നാണുവിനു നേരെ ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നു. ഈ ബോംബ് വീട്ടുമുറ്റത്തുണ്ടായിരുന്ന അസ്‌നയുടെ മേലാണ് പതിച്ചത്. സ്‌ഫോടനത്തിൽ വലതു കാൽ പൂർണമായും അറ്റുപോയി. മൂന്നു മാസമാണ് വേദന തിന്ന് ആശുപത്രിയിൽ കഴിഞ്ഞത്. പിന്നീട് ബോംബിന്റെ രാസ പദാർഥങ്ങൾ ഉള്ളതിനാൽ തുടർച്ചയായി കാലിലെ മുറിവ് വ്രണമായി. ചെയ്യാത്ത തെറ്റിന് വർഷങ്ങളോളം വേദന തിന്നു. 
ഇതിനിടയിലും നാട്ടുകാരുടെയും അധികൃതരുടെയും സഹായത്തോടെ അസ്‌ന പഠനം പൂർത്തിയാക്കി. 2013 ൽ എം.ബി.ബി.എസിനു ചേർന്നു. ഇപ്പോൾ വിജയകരമായി പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്നു. ഒരു വർഷം കഴിയുമ്പോൾ ഡോ. അസ്‌ന പൊതുസമൂഹത്തിലേക്കിറങ്ങും. തനിക്കു സമൂഹം നൽകിയ സഹായം സേവനത്തിലൂടെ തിരിക നൽകണമെന്നാണ് ആഗ്രഹമെന്ന് അസ്‌ന പറയുന്നു. ഗ്രാമീണ മേഖലയിൽ സാധാരണക്കാരുടെ ഇടയിൽ അവർക്കു വേണ്ടി സേവനം ചെയ്യണം. ബോംബേറിൽ പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞപ്പോഴുള്ള ആഗ്രഹമാണ് പഠിച്ച് ഡോക്ടറാകണമെന്നത്. ഈ ആഗ്രഹം സഫലമായതിൽ സന്തോഷമുണ്ട്. സർജറിയിൽ പി.ജി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 
തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നതിനു താങ്ങും തണലുമായി നിന്ന പിതാവ് നാണുവും മാതാവ് ശാന്തിയും നല്ലവരായ നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം ഈ നേട്ടത്തിനു കടപ്പെട്ടവരാണെന്ന് അസ്‌ന പറയുന്നു. ഏക വരുമാന മാർഗമായ ചായക്കട അടച്ചിട്ടാണ് പിതാവ് നാണു തനിക്കൊപ്പം ചികിത്സയിൽ ഒപ്പം നിന്നത്. വീണു പൊളിയാറായ വീട് പാർട്ടി പ്രവർത്തകർ പിരിവെടുത്ത് പുതുക്കി പണിതു തന്നു. പഠനത്തിന്റെ പല ഘട്ടങ്ങളിലും പലരും സഹായിച്ചിട്ടുണ്ട്. എങ്കിലും താനനുഭവിച്ച വേദനകൾ ഒരിക്കലും മറക്കാനാവില്ല. പതിനഞ്ചു തവണയാണ് കൃത്രിമ കാൽ മാറ്റിവെച്ചത്. ഇതിന്റെ വേദന സഹിക്കാനാവില്ല. ഇത്തരമൊരു അനുഭവം ഇനി ആർക്കും ഉണ്ടാകരുത്. ഇത്രയും കാലം അക്രമത്തിനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധ നൽകിയത്. ഇനി സമാധാനത്തിനു ഒരു അവസരം നൽകിക്കൂടേ. ഇത് നൽകുന്ന ഫലം വളരെ വലുതായിരിക്കും -അസ്‌ന പറയുന്നു. 
അസ്‌നയെ ആക്രമിച്ച കേസിൽ 14 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ 13 പേരെ കോടതി അഞ്ചു മുതൽ പത്തു വർഷം വരെ തടവിനു ശിക്ഷിച്ചു. ഒരു പ്രതിയായ പ്രദീപൻ, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടു.

 

Latest News