തിരുവനന്തപുരം - സംഘ്പരിവാറും ഇടതുസർക്കാരും ചേർന്ന് നടത്തിയ നാടകമാണ് ഇന്ന് പി.സി ജോർജിന്റെ അറസ്റ്റും സർക്കാർ പ്രോസിക്യൂട്ടറുടെ എതിർപ്പില്ലാത്തതിനാൽ ലഭിച്ച ജാമ്യവുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചരണമാണ് പി.സി ജോർജ് നടത്തിയത്. കടുത്ത ജനകീയ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങൾക്കുള്ള നീക്കങ്ങളും കണ്ടാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത പി.സി ജോർജിന്റെ ജാമ്യാപേക്ഷ സർക്കാർ അഭിഭാഷകർ എതിർക്കാതിരുന്നത് അറസ്റ്റ് നാടകമാണ് എന്നത് വ്യക്തമാക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സമീപകാലത്ത് ആർ.എസ്.എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളിട്ട മുസ് ലിം ചെറുപ്പക്കാരെ നിരവധി ദിവസം ജാമ്യം നൽകാതെ ജയിലിലും പോലീസ് കസ്റ്റഡിയിലും വെച്ച സംഭവങ്ങൾ നടന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. കേരളത്തിൽ മുസ് ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ ആർക്കും നടത്താമെന്നും ഭരണ നിർവ്വഹണ സംവിധാനങ്ങൾ ഒന്നും ചെയ്യില്ലെന്നുമാണ് ഈ നാടകത്തോടെ വ്യക്തമാകുന്നത്. സി.പി.എം നേതൃത്വവും സംഘ്പരിവാറും തമ്മിൽ നടത്തുന്ന അവിഹിത ഇടപാടുകളുടെ തുടർച്ചതന്നെയാണ് ഇത്.
കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ നില നിന്നിരുന്ന സാമുദായിക ഐക്യം ഇല്ലാതാക്കി തങ്ങളുടെ വോട്ട് ബാങ്ക് വികസിപ്പിക്കാൻ ഇടതുപക്ഷവും സംഘ്പരിവാറും തമ്മിൽ നടത്തുന്ന ഈ അവിശുദ്ധ ഇടപെടൽ കേരളത്തിന് അപകടമാണ്. പി.സി ജോർജിന്റെ വംശീയ വിദ്വേഷത്തിനെതിരെ തുടർ നിയമ നടപടികളുടെ സാധ്യത വെൽഫെയർ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.