Sorry, you need to enable JavaScript to visit this website.

വാണർക്ക് വിട

മെൽബൺ - പന്ത് ചുരണ്ടൽ വിവാദത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഡേവിഡ് വാണർ ഓസ്‌ട്രേലിയൻ ക്രിക്കറ്റിലേക്ക് ഇനി തിരിച്ചുവരില്ലെന്ന് സൂചന. തനിക്കെതിരായ വിവാദത്തിന്റെ ചൂട് കുറക്കാൻ പെയ്‌സ്ബൗളർമാരായ മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹെയ്‌സൽവുഡിന്റെയും പേരുകൾ വാണർ വലിച്ചിഴച്ചതിൽ ഓസീസ് കളിക്കാർ മുഴുവൻ രോഷത്തിലാണ്. അതിനാൽ തന്നെ ഡ്രസ്സിംഗ് റൂമിലേക്ക്  ഇനിയൊരിക്കലും വാണർ സ്വാഗതം ചെയ്യപ്പെടില്ലെന്നാണ് റിപ്പോർട്ട്. വിവാദത്തിലുൾപ്പെട്ട മൂന്ന് കളിക്കാരിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏറ്റവും കനത്ത ശിക്ഷ നൽകിയത് വാണർക്കാണ്. സ്ഥാനം നഷ്ടപ്പെട്ട നായകൻ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റൻ വാണറെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വർഷത്തേക്ക് വിലക്കി. വിലക്ക് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞാൽ സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാം. എന്നാൽ വാണർ ജീവിതത്തിലൊരിക്കലും പരിഗണിക്കപ്പെടില്ല. പന്ത് ചുരണ്ടിയ ഓപണർ കാമറൂൺ ബാൻക്രോഫ്റ്റിന് ഒമ്പത് മാസമാണ് വിലക്ക്. ബാൻക്രോഫ്റ്റിനെയും വിലക്ക് കഴിഞ്ഞ് ഒരു വർഷത്തോളം ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കില്ല. ആഭ്യന്തര, രാജ്യാന്തര മത്സരങ്ങളിൽ കളിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. മൂവരും ക്ലബ് ക്രിക്കറ്റ് കളിക്കുകയും ക്രിക്കറ്റ് സമൂഹവുമായി ബന്ധം നിലനിർത്തുകയും വേണമെന്ന് സി.എ നിർദേശിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്റഗ്രിറ്റി ഓഫീസർ ഇയാൻ റോയ് മുഴുവൻ കളിക്കാരുമായും സംസാരിച്ച ശേഷമാണ് ശിക്ഷ നിർദേശിച്ചത്. സ്മിത്തിനെയും ബാൻക്രോഫ്റ്റിനെയും ക്യാപ്റ്റനായി പരിഗണിക്കണമെങ്കിൽ ആരാധകരും പൊതുസമൂഹവും അംഗീകരിക്കണമെന്നും കളിക്കാരിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ വേണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. 
സാമ്പത്തികമായും വൻ നഷ്ടമാണ് കളിക്കാരെ കാത്തിരിക്കുന്നത്. വാണറെ സ്‌പോൺസർ ചെയ്തിരുന്ന പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനി സ്‌പോൺസർഷിപ് പിൻവലിച്ചു. മറ്റുള്ളവരും വൈകാതെ നടപടിയെടുത്തേക്കുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ തുടക്കത്തിൽ ആതിഥേയ വിക്കറ്റ്കീപ്പർ ക്വിന്റൺ ഡികോക്കുമായി തല്ലു കൂടാൻ മുതിർന്നതിന്റെ പേരിൽ വിമർശനം നേരിടുകയായിരുന്നു വാണർ. 

സ്മിത്ത് നാട്ടിലേക്ക് മടങ്ങാനായി കനത്ത സുരക്ഷാ വലയത്തിൽ കേപ്ടൗൺ വിമാനത്താവളത്തിലെത്തിയപ്പോൾ

 

കുറ്റപത്രം ഇങ്ങനെ
വാണർ: ഗൂഢാലോചന ആസൂത്രണം ചെയ്യുകയും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ബാൻക്രോഫ്റ്റിന് കാണിച്ചു കൊടുക്കുകയും ചെയ്തു. പിടിക്കപ്പെട്ടപ്പോൾ അമ്പയർമാരെ തെറ്റിദ്ധരിപ്പിക്കാനും നേതൃത്വം നൽകി. 
സ്മിത്ത്: ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല. കൂറ്റൻ സ്‌ക്രീനിൽ ബാൻക്രോഫ്റ്റിന്റെ ദൃശ്യങ്ങൾ തെളിയുകയും പദ്ധതി പാളിയെന്ന് വ്യക്തമാവുകയും ചെയ്തതോടെ അമ്പയർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഗൂഢാലോചനയുടെ രൂപത്തെയും വ്യാപ്തിയെയും പങ്കാളികളെയും കുറിച്ച് പത്രസമ്മേളനത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകി. 
ബാൻക്രോഫ്റ്റ്: പദ്ധതിയെക്കുറിച്ച് അറിയുകയും എങ്ങനെ നടത്തണമെന്ന് മനസ്സിലാക്കുകയും ചെയ്തു. അമ്പയർമാരെ തെറ്റിദ്ധരിപ്പിച്ചു. സ്മിത്തിനൊപ്പം ചേർന്ന് വ്യാജ പ്രസ്താവനകൾ നടത്തി. 
ഇന്നലെ രാവിലെ ജോഹന്നസ്ബർഗിലെ ടീം ഹോട്ടലിലെത്തി സി.എ ചീഫ് എക്‌സിക്യൂട്ടിവ് ജെയിംസ് സതർലാന്റ് തന്നെ കളിക്കാരെ വിലക്കിനെക്കുറിച്ച് അറിയിച്ചു. സ്മിത്ത് അൽപ സമയത്തിനകം നാട്ടിലേക്ക് മടങ്ങി. മൂന്നു കളിക്കാർക്കും വിലക്കിനെതിരെ അപ്പീൽ നൽകാൻ ഏഴ് ദിവസത്തെ സമയം അനുവദിച്ചു. വിചാരണ പരസ്യമായോ രഹസ്യമായോ എന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷണർ തീരുമാനിക്കും. വാണർ അപ്പീൽ നൽകുമെന്നും വിലക്കിനെതിരെ പൊരുതുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. 
പൊതുസമൂഹത്തിന്റെ വികാരമുൾക്കൊണ്ട് കടുത്ത ശിക്ഷ നൽകുന്നതോടൊപ്പം തന്നെ കരിയർ വീണ്ടും കെട്ടിപ്പടുക്കാനുള്ള അവസരം കളിക്കാർക്ക് നൽകുകയാണെന്ന് സി.എ ചെയർമാൻ ഡേവിഡ് പീവെർ അഭിപ്രായപ്പെട്ടു. മൂന്ന് കളിക്കാരും 100 മണിക്കൂർ വീതം പ്രാദേശിക ക്രിക്കറ്റിലും സാമൂഹിക പ്രവർത്തനവും നടത്തണം. 
ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിനു ശേഷമാണ് പന്ത് ചുരണ്ടൽ കണ്ടുപിടിക്കപ്പെട്ടത്. ലഞ്ച് സമയത്താണ് ഗൂഢാലോചന ആസൂത്രണം ചെയ്തതെന്നാണ് കളിക്കാർ വെളിപ്പെടുത്തിയത്. സ്മിത്തിനെയും വാണറെയും പിറ്റേന്ന് പദവിയിൽ നിന്ന് നീക്കുകയും വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ ടിം പയ്‌നിനെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു. ഒരു ടെസ്റ്റിൽ വിലക്കും മത്സര ഫീസ് മുഴുവൻ പിഴയുമാണ് ഐ.സി.സി സ്മിത്തിന് ശിക്ഷ വിധിച്ചത്. ബാൻക്രോഫ്റ്റിന് മത്സര ഫീസിന്റെ 75 ശതമാനമായിരുന്നു പിഴ. 
ഡോൺ ബ്രാഡ്മാൻ കഴിഞ്ഞാൽ ഏറ്റവും വലിയ ബാറ്റ്‌സ്മാനായി ഉയരുകയായിരുന്ന സ്മിത്തിന്റേതാണ് ഏറ്റവും കനത്ത പതനം. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് സ്മിത്ത്. ആഷസ് പരമ്പരയിൽ ഓസീസിനെ 4-0 വിജയത്തിലേക്ക് നയിച്ച് നേട്ടങ്ങളുടെ പാരമ്യത്തിൽ ദക്ഷിണാഫ്രിക്കയിലെത്തിയ സ്മിത്ത് സാമ്രാജ്യം നഷ്ടപ്പെട്ട രാജകുമാരനെ പോലെയാണ് ഇന്നലെ നാട്ടിലേക്ക് മടങ്ങിയത്. ശിഷ്ടജീവിതത്തിലും ഈ പിഴവിന്റെ കരിനിഴൽ പിന്തുടരും. 
പിൻഗാമി പയ്‌നിനെ ആലിംഗനം ചെയ്താണ് സ്മിത്ത് ടീം ഹോട്ടൽ വിട്ടത്. കോച്ച് ഡാരൻ ലീമൻ, പെയ്‌സ്ബൗളർ മിച്ചൽ സ്റ്റാർക്ക്, ബാറ്റ്‌സ്മാൻ ഉസ്മാൻ ഖ്വാജ എന്നിവർ യാത്രയയക്കാനുണ്ടായിരുന്നു. 
വിവാദത്തിലുലഞ്ഞ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ കനത്ത തോൽവി വാങ്ങിയിരുന്നു. പരമ്പരയിൽ 1-2 ന് പിന്നിലാണ്. നാലാം ടെസ്റ്റിൽ ജയിച്ചില്ലെങ്കിൽ അര നൂറ്റാണ്ടിനിടയിലാദ്യമായി അവർ ദക്ഷിണാഫ്രിക്കയിൽ പരമ്പര അടിയറ വെക്കും. 
 

Latest News