Sorry, you need to enable JavaScript to visit this website.

സൗഹൃദം പുതുക്കിയും ബന്ധങ്ങള്‍ ഊഷ്മളമാക്കിയും പെരുന്നാളാഘോഷം

റിയാദ് - ലോകത്തിന് മാര്‍ഗദര്‍ശനമായി സ്രഷ്ടാവ് അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും ആരാധനാ കര്‍മങ്ങളിലും പകലിരവുകള്‍ സജീവമാക്കിയും പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞും ധാനദര്‍മങ്ങളിലൂടെ സമ്പത്ത് ശുദ്ധീകരിച്ചും ആത്മവിശുദ്ധി നേടിയും 30 ദിവസം നീണ്ട വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ഗള്‍ഫിലെങ്ങും വിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷ ലഹരിയില്‍. അത്തര്‍ പരിമളമുള്ള പുത്തനുടുപ്പുകളും ഉടയാടകളും അണിഞ്ഞ സ്ത്രീകള്‍ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും ഒഴുകിയെത്തി. തക്ബീര്‍ ധ്വനികളാല്‍ പള്ളികളും ഈദ് ഗാഹുകളും പ്രകമ്പനം തീര്‍ത്തു. മോശം കാലാവസ്ഥ കാരണം അധിക പ്രവിശ്യകളിലും ഇത്തവണ തുറസ്സായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നില്ല. ഇവിടങ്ങളില്‍ ജുമാമസ്ജിദുകളിലാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്. മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും പതിവു പോലെ ഈദ് ഗാഹുകള്‍ നടന്നു.
പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പൂര്‍ത്തിയായതോടെ വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ച് സൗഹൃദങ്ങളും സ്‌നേഹബന്ധങ്ങളും പുതുക്കുകയും ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിച്ച് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ഊഷ്മളമാക്കുകയും ചെയ്തു.
പെരുന്നാളാഘോഷങ്ങള്‍ക്ക് നിറംപകരാന്‍ പ്രധാന നഗരങ്ങളിലെ തെരുവുകളും ചത്വരങ്ങളുമെല്ലാം വര്‍ണ ദീപങ്ങളാല്‍ നഗരസഭകള്‍ അലങ്കരിച്ചിട്ടുണ്ട്. തായിഫ് നഗരസഭ നഗരവാസികളുടെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളിത്തം വഹിച്ച് 2,000 പൂച്ചെണ്ടുകളും ഉപഹാരങ്ങളും മിഠായികളും വിതരണം ചെയ്തു. മറ്റിടങ്ങളിലും നഗരസഭകളും സുരക്ഷാ വകുപ്പുകളും പൂച്ചെണ്ടുകളും മിഠായികളും വിതരണം ചെയ്തു. പൗരപ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രവിശ്യാ ഗവര്‍ണര്‍മാരെ സന്ദര്‍ശിച്ച് പെരുന്നാള്‍  ആശംസകള്‍ അര്‍പ്പിച്ചു. ഗവര്‍ണര്‍മാര്‍ പണ്ഡിതരെ വീടുകളില്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.
വിശുദ്ധ ഹറമില്‍ ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദും മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. അലി അല്‍ഹുദൈഫിയും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലക്ഷങ്ങളാണ് ഹറമിലും പ്രവാചക പള്ളിയിലും പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നും വിശുദ്ധ റമദാനിലെ അവസാന ദിവസങ്ങള്‍ ഹറമില്‍ ചെലവഴിക്കാന്‍ മക്കയില്‍ എത്തിയവരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്കും പുറമെ, മക്ക നിവാസികളും ജിദ്ദയില്‍ നിന്നും തായിഫില്‍ നിന്നുമടക്കമുള്ളവരും ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ സംബന്ധിച്ച് പുണ്യംനേടി.

 

Latest News