Sorry, you need to enable JavaScript to visit this website.

ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നു

തിരുവനന്തപുരം- കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം. സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കിയത്. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിന് ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.

അതേസമയം, ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമയെ കൂടി പ്രതിചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു. കാലിക്കടവ് സ്വദേശി പിലാവളപ്പില്‍ കുഞ്ഞഹമ്മദാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റ് എന്ന കൂള്‍ബാറിന്റെ ഉടമ. ഇദ്ദേഹം നിലവില്‍ വിദേശത്താണെന്നാണ് വിവരം. കേസില്‍ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ അനക്സിനെയും ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറും പോലീസിന്റെ കസ്റ്റഡിയിലാണ്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും പോലീസും ഭക്ഷ്യ സുരക്ഷാവകുപ്പും സ്ഥാപനത്തില്‍ പരിശോധന നടത്തി.

ഭക്ഷ്യ വിഷബാധയേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കല്‍ സംഘത്തെ രൂപവത്കരിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളും നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മരിച്ച ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

Latest News