കണ്ണൂര്‍- ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എ.പി.അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്കിയ സംഭവത്തില്‍ മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ അറിയിച്ചു.
അബ്ദുല്ലക്കുട്ടിക്ക് മുസ്ലിം ലീഗ് നേതാക്കള്‍ സ്വീകരണം നല്കി എന്ന രൂപത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരവും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടു ള്ളതുമാണ്. അബ്ദുല്ലക്കുട്ടിയുടെ ബന്ധുവായ കെ എം.സി.സി.നേതാവിന്റെ വസതിയില്‍ ഇഫ്താറില്‍ സംബന്ധിച്ച അബ്ദുല്ലക്കുട്ടിയോടൊപ്പം ചില ലീഗ് നേതാക്കളും കെ.എം.സി.സി.നേതാക്കളും പങ്കെടുത്തതിനെ ലീഗ് നേതാക്കള്‍ സ്വീകരണം നല്കി എന്ന വിധത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്.
രാഷ്ട്രീയ കാര്യങ്ങളില്‍ അവസരവാദപരമായ നിലപാടുകള്‍ സ്വീകരിക്കുകയും ഇപ്പോള്‍ സംഘപരിവാരത്തിന്റെ ദേശീയ നേതൃത്വത്തിലെത്തി ചേരുകയും ചെയ്ത അബ്ദുല്ലക്കുട്ടിയുമായി വ്യക്തമായ അകലം പാലിക്കുക എന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടാണ്. ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കണ്ണൂരില്‍ പൗര സ്വീകരണം നല്കപ്പെട്ടപ്പോള് അതില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കാതിരുന്നതും അതുകൊണ്ടാണ്. കുപ്പായം മാറുന്നത് പോലെ പാര്‍ട്ടി മാറുന്നയാളുമായുള്ള ചങ്ങാത്തം സൂക്ഷിച്ചു വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം വിട്ട കാലത്ത് അദ്ദേഹത്തെ മുസ്ലിം ലീഗില്‍ ചേര്‍ക്കണമെന്ന ആവശ്യത്തോട് പാര്‍ട്ടി താല്പര്യം പ്രകടിപ്പിക്കാതിരുന്നത്.
അബ്ദുല്ലക്കുട്ടിക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത് കുടുംബ ബന്ധത്തിന്റെ പേരില്‍ കണ്ടാല്‍ മതി. എന്നാല്‍ അതിന് വേണ്ടി അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നതും അത്തരം ആഭാസങ്ങള്‍ക്ക് കെ.എം.സി.സി. നേതാവ് നേതൃത്വം കൊടുത്തതും നീതീകരിക്കാനാവാത്തതാണ്. ഇത്തരം വിരുന്നുകളിലും പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും തെറ്റുപറ്റിയെങ്കില്‍ പാര്‍ട്ടി ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും വിഷയം മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.