റിയാദ് - മക്കയിലെ വിശുദ്ധ ഹറമിൽനടന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്ത് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. ഹറം ഇമാമിനെ പിന്തുടർന്ന് ഹറവും പരിസരവും തിങ്ങിനിറഞ്ഞ വിശ്വാസികൾക്കൊപ്പം വിശുദ്ധ ഹറമിനോട് ചേർന്ന അൽസ്വഫാ കൊട്ടാരത്തിലെ റോയൽ കോർട്ടിലാണ് രാജാവ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്. രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക സൈനിക സഖ്യം മിലിട്ടറി കമാണ്ടർ റിട്ട. ജനറൽ റാഹേൽ ശരീഫ് എന്നിവർ രാജാവിനൊപ്പം പെരുന്നാൾ നമസ്‌കാരം നിർവഹിച്ചു. പെരുന്നാൾ നമസ്‌കാരം പൂർത്തിയായ ശേഷം പെരുന്നാൾ ആശംസകൾ അർപ്പിക്കാൻ എത്തിയ രാജകുമാരന്മാരെയും പണ്ഡിതരെയും മന്ത്രിമാരെയും മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരെയും രാജാവ് സ്വീകരിച്ചു. എല്ലാവരും സൽമാൻ രാജാവിനൊപ്പം പ്രാതൽ കഴിക്കുകയും ചെയ്തു.
റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് സുപ്രീം ജുഡീഷ്യറി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ശൈഖ് അബ്ദുല്ല ആലുശൈഖ് നേതൃത്വം നൽകി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖും റിയാദ് പ്രവിശ്യാ പോലീസ് മേധാവി മേജർ ജനറൽ ഫഹദ് അൽമുതൈരിയും അടക്കമുള്ളവർ റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖിനെ വീട്ടിൽ എത്തി സന്ദർശിച്ച് റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പെരുന്നാൾ ആശംസകൾ നേർന്നു. അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരൻ വീരമൃത്യുവരിച്ച സുരക്ഷാ സൈനികരുടെ കുടുംബാംഗങ്ങളെയും മക്കളെയും സ്വീകരിച്ച് പെരുന്നാൾ ആശംസകൾ നേരുകയും ഉപഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു. പെരുന്നാൾ നമസ്‌കാരം നടന്ന പള്ളികളിലും ഈദ് ഗാഹുകളിലും മിഠായിയും ഖഹ്‌വയും ഈത്തപ്പഴവും മറ്റും വിതരണം ചെയ്തു.