Sorry, you need to enable JavaScript to visit this website.

ഷവര്‍മ കഴിച്ച് മരണം: സ്ഥാപനത്തിന്റെ  വാഹനം കത്തിനശിച്ച നിലയില്‍

കാസര്‍കോട്- ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തിന്റെ വാഹനം കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ഇവിടെനിന്ന് ഷവര്‍മ കഴിച്ച പെണ്‍കുട്ടി കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാന്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം പെണ്‍കുട്ടി മരിച്ചെന്ന വിവരം പുറത്തുവന്നതോടെ സ്ഥാപനത്തിന് നേരേ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സ്ഥാപനത്തിന്റെ വാനും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനം ചന്തേര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഐഡിയല്‍ ഫുഡ് പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ അനക്‌സ്, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെ ചന്തേര പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറായ അഹമ്മദ് പോലീസിന്റെ കസ്റ്റഡിയിലുമാണ്.
കഴിഞ്ഞദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഷവര്‍മ കഴിച്ച മറ്റു 17 വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയന്റില്‍നിന്ന് ദേവനന്ദയടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവര്‍ ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിത്തുടങ്ങി. ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. അവിടെവെച്ചായിരുന്നു ദേവനന്ദയുടെ മരണം.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയന്റ് ഭക്ഷ്യസുരക്ഷാ ജീവനക്കാരെത്തി അടപ്പിച്ചു. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ല. ഇവിടത്തെ ഭക്ഷ്യവസ്തുക്കളുടെ സാംപിള്‍ പരിശോധനയ്ക്കയച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News