കോഴിക്കോട്- സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം ഇന്നു ച വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം. സന്തോഷ് ട്രോഫിയില്‍ 15ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാം കിരീടം ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഗ്രൗണ്ടിലിറങ്ങുന്നത്. അവസാനമായി കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത് കൊല്‍ക്കത്തയില്‍വെച്ചായിരുന്നു. അന്ന് കേരളത്തിനായിരുന്നു വിജയം. സന്തോഷ് ട്രോഫിയില്‍ ഇതുവരെ 32 തവണയാണ് ബംഗാള്‍ കിരീടം നേടിയിട്ടുള്ളത്.