കൊച്ചി- പീഡന കേസിലെ പ്രതിയും നടനുമായ വിജയ് ബാബു വിഷയത്തിൽ സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മയിൽ പൊട്ടിത്തെറി. സംഘടനയിൽ നിന്ന് മാല പാർവതി രാജി വച്ചു. രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി. ഐ.സി.സി(ആഭ്യന്ത്ര പരാതി പരിഹാരസെൽ)യുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതാണ് അമ്മയിലെ തീരുമാനമെന്നും വിജയ് ബാബുവിനെ രക്ഷിക്കാൻ വേണ്ടി പുറത്താക്കൽ എന്നതിന് പകരം മാറിനിൽക്കലായി ചിത്രീകരിച്ചുവെന്നും നടിമാർ പറയുന്നു. നടപടി നിർദ്ദേശിക്കാൻ അധികാരമില്ലെങ്കിൽ ഐ.സിസി എന്തിനാണ് എന്നും അമ്മയിൽ ഐ.സി.സി സജീവമാകുന്നതിനെ ചിലർ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാർവതി പറഞ്ഞു. 'ഏപ്രിൽ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് അട്ടിമറിച്ചത്. തനിക്ക് ഐ.സി. കമ്മിറ്റിയിൽ ഇരിക്കാൻ സാധിക്കില്ലെന്നും ഐ.സി.സി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേർക്കപ്പെടുന്നു എന്നും മാല പാർവതി പറഞ്ഞു.