കൊച്ചി- ലൈംഗിക പീഡന പരാതിക്ക് പിന്നാലെ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ താര സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍നിന്ന് ഒഴിവാക്കി. ഇന്ന് ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. വിജയ് ബാബുവിനെ അമ്മ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു. നേരത്തെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നല്‍കിയിരുന്നു. ഈ കത്ത് കമ്മിറ്റി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
വിഷയത്തില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തെ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു.