റിയാദ് - ഈ വർഷത്തെ കിംഗ് സൽമാൻ ഇഫ്താർ, ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഇസ്‌ലാമികകാര്യ മന്ത്രാലയം പൂർത്തിയാക്കി.
ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങളിലെ 10,60,475 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. വിദേശങ്ങളിലെ സൗദി എംബസികളുമായി സഹകരിച്ചാണ് ഇസ്‌ലാമികകാര്യ മന്ത്രാലയം ഇത്തവണത്തെ റമദാനിൽ 97,063 ഭക്ഷ്യകിറ്റുകളും 37,180 പാക്കറ്റ് ഇഫ്താറും വിതരണം ചെയ്തത്. ഇതിനു പുറമെ ഏതാനും രാജ്യങ്ങളിൽ സമൂഹ ഇഫ്താറുകളും സംഘടിപ്പിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം റമദാനിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളുടെ എണ്ണത്തിലും ഗുണഭോക്താക്കളുടെ എണ്ണത്തിലും വലിയ വർധന രേഖപ്പെടുത്തി. പത്തു ഏഷ്യൻ രാജ്യങ്ങളിലും പതിനാറു ആഫ്രിക്കൻ രാജ്യങ്ങളിലും നാലു യൂറോപ്യൻ രാജ്യങ്ങളിലും മൂന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും റമദാൻ കിറ്റുകൾ വിതരണം ചെയ്തു.
ഈ വർഷം ഏറ്റവും കൂടുതൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തത് ഇന്ത്യയിലാണ്. ഇന്ത്യയിൽ 30,000 കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിന്റെ പ്രയോജനം മൂന്നു ലക്ഷം പേർക്ക് ലഭിച്ചു.
ജോർദാനിൽ 990 കിറ്റുകളും പാക്കിസ്ഥാനിൽ 7016 കിറ്റുകളും തായ്‌ലിന്റിൽ 3,000 കിറ്റുകളും ഇന്തോനേഷ്യയിൽ 12,500 കിറ്റുകളും വിതരണം ചെയ്തു. മലേഷ്യയിൽ സംഘടിപ്പിച്ച സമൂഹ ഇഫ്താറിൽ 15,000 പേർ പങ്കെടുത്തു. കിറ്റുകൾക്കു പുറമെ, ഇന്തോനേഷ്യയിൽ 5000 പാക്കറ്റ് ഇഫ്താറും വിതരണം ചെയ്തു.
കസാക്കിസ്ഥാനിൽ 350 ഉം ഫിലിപ്പൈൻസിൽ 3500 ഉം മാലിയിൽ 315 ഉം ജിബൂത്തിയിൽ 415 ഉം ദക്ഷിണാഫ്രിക്കയിൽ 325 ഉം ബംഗ്ലാദേശിൽ 11,250 ഉം കാമറൂണിൽ 3000 ഉം കിറ്റുകൾ വിതരണം ചെയ്തു. കാമറൂണിൽ 2005 പാക്കറ്റ് ഇഫ്താറും ബംഗ്ലാദേശിൽ 16,500 പാക്കറ്റ് ഇഫ്താറും വിതരണം ചെയ്തു.
ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ 576 ഉം ഛാഢിൽ 3000 ഉം സുഡാനിൽ 15,000 ഉം കെനിയയിൽ 1500 ഉം എത്യോപ്യയിൽ 800 ഉം നൈജീരിയയിൽ 1930 ഉം സെനഗലിൽ 630 ഉം ലൂഗ ഇസ്‌ലാമിക് ഇൻസ്റ്റിറ്റിയൂട്ട് വഴി 500 ഉം സോമാലിയയിൽ 450 ഉം ബോസ്‌നിയയിൽ 1250 ഉം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
ബോസ്‌നിയയിൽ ഒമ്പതു സമൂഹ ഇഫ്താറുകളും സംഘടിപ്പിച്ചു. മാസിഡോണിയയിൽ 600 ഉം കൊസോവൊയിൽ 650 ഉം അർജന്റീനയിൽ 1700 ഉം ലിബിയയിലെ ടജൂറയിൽ 250 ഉം ഭക്ഷ്യകിറ്റുകളും ആണ് കിംഗ് സൽമാൻ ഇഫ്താർ, ഭക്ഷ്യകിറ്റ് വിതരണ പദ്ധതി വഴി വിതരണം ചെയ്തതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.