കാസര്‍കോട്- ഷവര്‍മയില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ കൂള്‍ബാര്‍ എറിഞ്ഞു തകര്‍ത്തു. വൈകുന്നേരം അഞ്ചു മണിയോടെ നാട്ടുകാര്‍ ടൗണിലെ സ്ഥാപനത്തിന് മുന്നില്‍ ഒഴുകിയെത്തി. പോലീസും നാട്ടുകാരും ഇരുഭാഗത്തുമായി നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. രോഷാകുലരായ ചിലര്‍ കടയുടെ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തു. പോ ലീസും കൂടിനിന്നവരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ഷവര്‍മ്മ വില്‍പന നടത്തിയ ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ആരോഗ്യവകുപ്പ് അധികൃതരും പോലീസും ഭക്ഷ്യ സുരക്ഷ അധികൃതരും സ്ഥലത്തെത്തി അടച്ചു പൂട്ടി. ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സ്ഥാപനം നടത്തുന്ന നവാസിനെയും ഷവര്‍മ്മ ഉണ്ടാക്കിയ നേപ്പാളി സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ പെരളം മുണ്ട ചീറ്റയിലെ സ്വദേശി പരേതനായ നാരായണന്‍-ഇ.വി പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ-16 ആണ് മരിച്ചത്. അവശനിലയിലായ 28 കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും പനിയും വയറിളക്കവും ബാധിച്ചതില്‍ ഒരു വിദ്യാര്‍ത്ഥി ഒഴികെ മറ്റു കുട്ടികള്‍ ഗുരുതര നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിയായി ഷവര്‍മ കഴിച്ച കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്.