റിയാദ് - പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം നാളെ വൈകിട്ട് കരിമരുന്ന് പ്രയോഗം. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പെരുന്നാള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് വെടിക്കെട്ട് ഒരുക്കുന്നത്. ജിദ്ദ ഒഴികെയുള്ള സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം രാത്രി ഒമ്പതിന് നടത്തുന്ന കരിമരുന്ന് പ്രയോഗത്തോടെയാണ് പെരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. ജിദ്ദയില്‍ രാത്രി ഒമ്പതരക്കാണ് കരിമരുന്ന് പ്രയോഗം.
റിയാദില്‍ ബോളിവാര്‍ഡ് റിയാദ് സിറ്റി, അല്‍ഖസീമില്‍ ബുറൈദ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്, അല്‍കോബാറില്‍ സീ ഫ്രന്റ്, ജിദ്ദയില്‍ ജിദ്ദ ആര്‍ട്ട് പ്രൊമനേഡ്, കിംഗ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, മദീനയില്‍ കിംഗ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്ക്, അബഹയില്‍ അല്‍സദ്ദ് പാര്‍ക്ക്, അല്‍ബാഹയില്‍ അമീര്‍ ഹുസാം പാര്‍ക്ക്, നജ്‌റാനില്‍ അല്‍നഹ്ദ ഡിസ്ട്രിക്ടില്‍ അമീര്‍ ഹദ്‌ലൂല്‍ ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി, ജിസാനില്‍ ബീച്ച് ഫുട്പാത്ത്, ഹായിലില്‍ അല്‍മഗ്‌വാ നടപ്പാത, അറാറില്‍ അറാര്‍ മാളിനു മുന്നിലെ പാര്‍ക്ക്, സകാക്കയില്‍ അല്‍റബ്‌വ ഫുട്പാത്ത്, തബൂക്കില്‍ തബൂക്ക് സെന്‍ട്രല്‍ പാര്‍ക്ക്, അല്‍വുറൂദ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് മാനത്ത് വര്‍ണരാജികള്‍ വിരിയിച്ച് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുക.
ജിദ്ദ ആര്‍ട്ട് പ്രൊമനേഡില്‍ തുടര്‍ച്ചയായി ആറു ദിവസം രാത്രി ഒമ്പതരക്ക് കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടികളെ കുറിച്ച വിശദാംശങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങളിലെ എന്‍ജോയ് എസ്.എ, എന്‍ജോയ് സൗദി പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കാന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആവശ്യപ്പെട്ടു.






