Sorry, you need to enable JavaScript to visit this website.

പി സി ജോര്‍ജിന്റെ കാര്‍ തടഞ്ഞു,  പിന്തുണ അറിയിച്ച് ബിജെപി

തിരുവനന്തപുരം- വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പി സി ജോര്‍ജിന്റെ വാഹനത്തിന് മുന്നില്‍ ചാടി വീണത്. പി സി ജോര്‍ജിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പിന്തുണ അറിയിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പി സി ജോര്‍ജ് നന്ദി പറഞ്ഞു. അതേസമയം, പട്ടത്ത് പി സി ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി.എആര്‍ ക്യാമ്പിനു മുന്നിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിഞ്ഞൊടിയുമായി പിസിയെ തടയാന്‍ എത്തിയിരുന്നു. ഇവരെ പൊലീസ് ബലപ്രയോഗത്തിലൂടെ മാറ്റിയാണ് പിസിയും കാര്‍ പോലീസ് ക്യാമ്പിലേക്ക് കടത്തിവിട്ടത്.
പി സി ജോര്‍ജിന്റെ കസ്റ്റഡിയെ ബിജെപി നേതാക്കള്‍ അപലപിക്കുകയാണ്. അദ്ദേഹം പറഞ്ഞപോലെ പലതും കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജിനെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
മുസ്‌ലിം മതമൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്‌ലാമിക വര്‍ഗീയ ശക്തികള്‍ക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അത് അംഗീകരിച്ചു തരാന്‍ ബിജെപി തയ്യാറല്ല. ജിഹാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സര്‍ക്കാര്‍ ഹൈന്ദവ ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

Latest News