ആലപ്പുഴ- വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുടമയുടെ കാല് തല്ലിയൊടിച്ച പ്രതി പിടിയില്‍. ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് വീട്ടുടമയെ ആക്രമിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി അരമന ബാബുവാണ് അറസ്റ്റിലായത്. രണ്ടു കൂട്ടുപ്രതികള്‍ ഒളിവിലാണ്. ആലാ സ്വദേശി ജോസിനെയാണ് ഇവര്‍ ആക്രമിച്ചത്.
വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമായിരുന്നു ജോസിനെ മര്‍ദിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ജോസിന്റെ കാല്‍ ഒടിഞ്ഞു. ബാബുവും ജോസും നേരത്തെ സുഹൃത്തുക്കളായിരുന്നു. ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സൗഹൃദം നിലച്ചു. എന്നാല്‍ ജോസ്, ബാബുവിന്റെ ഭാര്യയുമായി സൗഹൃദം തുടരുന്നതിലുള്ള വിരോധം മൂലമായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം ഒളിവില്‍പോയ ബാബുവിനെ ചെങ്ങന്നൂര്‍ എസ്.ഐയും സംഘവുമാണ് പിടികൂടിയത്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. സാരമായി പരുക്കേറ്റ ജോസ് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.