അടിച്ചാൽ മർമം നോക്കി തന്നെ വേണം. എന്നാൽ 'മർമ വിദ്യ പഠിച്ചവന് ആരെയും തല്ലാൻ ഒക്കില്ല' എന്നാണ് പഴമൊഴി. മനുഷ്യ ശരീരത്തിൽ 108 മർമങ്ങളുണ്ട്. തല്ലേറ്റ് വീണു കാറ്റുപോയാലോ? പക്ഷേ ഇത്തരം വല്യ സമസ്യകളൊന്നും ബാധിക്കാത്ത പാർട്ടി ഒന്നേയുള്ളൂ- കേരളത്തിൽ മാത്രം ഭരിക്കുന്ന സി.പി.എം. 'ദുരന്ത നിവാരണ അതോറിറ്റി' എന്നാലെന്ത് എന്ന് 2018 ലെ പ്രളയം മുതൽ പാർട്ടി ഗവേഷണം നടത്തി വരികയായിരുന്നു. നാലു വർഷം വേണ്ടിവന്നു ബോധ്യമാകാൻ. കേന്ദ്ര ഫണ്ട്, സംസ്ഥാന ഫണ്ട്, എൻ.ജി.ഒ ഫണ്ട്, നിരപരാധികളായ നാട്ടുകാരുടെ ഫണ്ട്, യു.എൻ സംഭാവന തുടങ്ങി നാനാതുറമുഖങ്ങളിൽനിന്നും വന്നു ചേരുന്നവയ്ക്ക് കൈയും കണക്കുമില്ല. ഒരു നിയന്ത്രണം വേണം. ശരിക്കും നിയന്ത്രണം വേണമെങ്കിൽ വല്യേട്ടൻ തന്നെ വേണം. തൽക്കാലം റവന്യൂ വകുപ്പ് ഫണ്ടിന്മേൽ അള്ളിപ്പിടിച്ച് ഇരിപ്പാണ്. ഓന്റെ പിടി വിടുവിക്കാൻ എന്താണ് മാർഗം? ഊണും ഉറക്കവും വെടിഞ്ഞ്, അമേരിക്കയിൽ പോയപ്പോഴും വല്യേട്ടന്റെ ചിന്ത അങ്ങനെ 'ദുരന്ത നിവാരണ ചിന്ത' മാത്രമായി.
ഏട്ടന്റെ 'മനസ്സറിയും യന്ത്രം' പി. ശശി എന്ന പേരിൽ ഈയിടെയാണ് അകത്തുകയറി പ്രവർത്തിക്കാൻ തുടങ്ങിയത്. ഉടനെ 'ലഡു പൊട്ടി'. കെ.റെയിൽ പദ്ധതി ജനഹിതം അറിഞ്ഞുവേണം എന്നു കുറച്ചു നാളായി കൊച്ചേട്ടൻ ചൊറിയുന്നു! ശരിക്കും വടി ഇങ്ങോട്ടു തന്നിരിക്കുന്നു. 'വടി കൊടുത്ത് അടി വാങ്ങുക' എന്ന് ഏതു മഹാനാണോ ആവോ, ആദ്യം ഉരുവിട്ടത്? ആരായാലും നന്ദി. മറ്റു പല വകുപ്പുകളുടെയും മന്ത്രിമാർക്ക് കാനം രാജേന്ദ്രൻ എന്നു കേൾക്കുമ്പോഴേ, വിമ്മിട്ടമാണ്. എന്നാലിനി വൈകണ്ട. 'ശുഭസ്യ ശീഘ്രം' എന്നാണ് സംസ്‌കൃതം. ദുരന്ത നിവാരണം മുഖ്യന്റെ കീഴിൽ കൊണ്ടുവരുന്നതാണ് നല്ലതെന്നു 'നോം നിശ്ചയിച്ചിരിക്കണ്' എന്നു വല്യേട്ടൻ ഉവാച: അപകടം മണത്തറിയാൻ പോലീസ് നായ്ക്കളേക്കാൾ ശേഷി 'കൊച്ചേട്ടൻ പാർട്ടി'ക്കുണ്ട് എന്നു പണ്ടേ പ്രസിദ്ധം. അതുകൊണ്ടാണല്ലോ മൂന്നു സീറ്റുമായി അഖിലേന്ത്യാ പാർട്ടിയായി വാഴ്ന്നു പോരുന്നതും. നിമിഷാർധം പാഴാക്കാതെ കാനം സഖാവ് ജില്ലാ സഖാക്കൾക്ക് അപായ സൂചന നൽകി- 'കെ റെയിൽ പദ്ധതിക്ക് നമ്മുടെ പാർട്ടി എതിരല്ല എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ വേണ്ട പരിപാടികൾ തുടങ്ങുക.' കാലിൽ ആണിരോഗമുള്ളവർ പദയാത്ര ഒഴിവാക്കി കാറിൽ സഞ്ചരിച്ചാൽ മതിയാകും. ഒരു വൻകിട പ്രശ്‌നം കെ.വി. തോമസ് പ്രശ്‌നം പോലെ മലരായി പോകുമെന്നു പ്രതീക്ഷിക്കാം.
**** **** ****
'മല പോലെ വന്നതു മലർ പോലെ പോയി' എന്നു പറഞ്ഞാൽ ഒട്ടും അധികമാകില്ല. സുധാകര ഗുരു ചുട്ട കോഴിയെ പറപ്പിച്ചിട്ടുണ്ട്, അങ്ങു കണ്ണൂരിൽ. കണ്ണൂരല്ല കുമ്പളങ്ങി. തിരുത മത്സ്യത്തിന്റെ കാര്യം പറഞ്ഞിട്ട്, നാക്ക് വായിലിടും മുമ്പേ അതിന്റെ ഗുണം തെളിയിച്ചു. മാഷിനെതിരെ കടുത്ത നടപടി വേണ്ട. ഒരു പാർട്ടി കോൺഗ്രസിൽ സംസാരിക്കാനും ഊണു കഴിക്കാനും പോകുന്നതൊക്കെ വാർധക്യ സഹജമായ 'കൊതി' നിമിത്തമുള്ള അബദ്ധങ്ങൾ മാത്രം. ഇനിമേലിൽ അവിടെ സംസാരിച്ച് അശുദ്ധമാക്കിയ വായ് കൊണ്ടു എ.ഐ.സി.സിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ ഒന്നും മിണ്ടണ്ട. പ്രവേശനം കുറച്ചുകാലത്തേക്ക് നഹീ.... പക്ഷേ എടുത്തു ചാട്ടത്തിനും ഒരു അതിരൊക്കേ വേണ്ടേ? കാള പെറ്റെന്നു കേട്ടാൽ കോടിയേരി കയറെടക്കും. സഖാവ്, കെ.വി. തോമസിന് അഭയം നൽകുമെന്ന് ഒരു പ്രഖ്യാപനം മുൻകൂറായി നടത്തി. അങ്ങോർ കോൺഗ്രസിനെക്കുറിച്ചു പഠിച്ചിട്ടില്ല; വയസ്സ് 67 ആയിട്ടെന്തു കാര്യം? കോൺഗ്രസ് വീട്ടിൽ തന്നെയാണെന്നും വീടില്ലാത്തവർക്കാണ് അഭയം നൽകേണ്ടതെന്നും മാഷിന്റെ മറുപടി. വിവിധ അർഥതലങ്ങളുള്ള വാക്കുകളാണവ. തന്നെ പുറത്താക്കാൻ സോണിയാ മാഡത്തിനു പോലു കഴിയില്ലെന്ന് പൊരുൾ. പഴയ ലക്ഷം വീടു പദ്ധതി മുതൽ ലൈഫ് മിഷൻ പദ്ധതി വരെ 'പണിതീരാത്ത വീട്' എന്നു ലേബലൊട്ടിച്ച പല തരം ഭവന പദ്ധതികളുണ്ട് നാട്ടിൽ.
സാധുജനങ്ങൾക്കും സ്വന്തം സർവീസ് സംഘടനയിലെ ആജീവനാന്ത സഖാക്കൾക്കും അഭയം കൊടുക്ക്, എന്നിട്ടു മതി തന്റെ കാര്യം എന്ന് നിർസ്വാർഥനും ത്യാഗിയുമായ മാഷിന്റെ വാക്കുകൾക്കു മറ്റൊരു അർഥതലം കാണണം. ഇനിയും കണ്ടെത്താൻ അർഥങ്ങൾക്കു പഞ്ഞമൊന്നുമില്ല; പഴയ 'നവ സിനിമക്കാരെയോ, പുതിയ ചാനൽ സിനിമക്കാരെയോ വിളിച്ച് മാഷിന്റെ പദങ്ങൾക്ക് ഒരു വ്യാഖ്യാനം ചോദിച്ചാൽ മതി. അതുമല്ലെങ്കിൽ വൈകുന്നേരത്തെ ഏതെങ്കിലുമൊരു 'ചാനൽ ചർച്ച'യിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാലും മതി. കോൺഗ്രസ് സ്വന്തമായി വൃദ്ധസദനം തുടങ്ങിയാലും ഒരു മുറി/ഫഌറ്റ് കുമ്പളങ്ങി മാഷിനു സ്വന്തമായി ഉണ്ടാകും എന്ന കാര്യം മനസ്സിലാക്കാത്തത് സുധാകര ഗുരു മാത്രമായിരിക്കും. അല്ലെങ്കിൽ തന്നെ, ദേശീയ പാർട്ടിയിൽ പ്രായപരിധിയുണ്ടോ? എല്ലാം നവയൗവനങ്ങളല്ലേ? വോട്ടു ചെയ്യാൻ നാട്ടിൽ ആളില്ലെന്ന ഒരു കുറവു മാതമല്ലേയുള്ളൂ? അംഗത്വം പെരുപ്പിക്കാൻ ഡിജിറ്റൽ മാതൃക കൊണ്ടു സാധിക്കുമായിരിക്കും. ചെന്നിത്തലയുടെ എതിർപ്പു കാര്യമാക്കണ്ട. പക്ഷേ തെരഞ്ഞെടുപ്പിൽ എന്തു ചെയ്യാൻ കഴിയും? കുമ്പളങ്ങി മാഷും കുര്യൻ മാഷുമൊക്കെ മതിയോ?
**** **** ****
എന്തു വികസനമാണ് നടന്നതെന്ന് ആർക്കും തിട്ടമില്ലെങ്കിലും 'കേരള മാതൃക വികസന മാതൃക' എന്നൊക്കെ കേൾക്കാൻ ഒരു സുഖമുണ്ട്. ആരോഗ്യ വികസനത്തിൽ നമ്മൾ എന്താ കാട്ടിയത്? ദിവസേനയുള്ള കോവിഡ് നിലവാരം അങ്ങു മുക്കി. നാട്ടുകാരുടെ ഭയവും ഉൽക്കണ്ഠയും അതോടെ കഴിഞ്ഞു. സമാധാനമായി കിടന്നുറങ്ങാൻ തുടങ്ങി. എണീറ്റാൽ 'മാസ്‌ക്' വെയ്ക്കുന്ന പരിപാടി നിർത്തിയതു മറ്റൊരാശ്വസം. സർക്കാർ പറഞ്ഞുവെന്നാണ് പ്രചാരണം. ഏതെല്ലാം വിധത്തിൽ ഒരു ജനാധിപത്യ ഗവൺമെന്റിനെ താറടിക്കുന്നു! എന്നാൽ 'ഈ നേരങ്ങളിൽ' സർക്കാർ എന്തു ചെയ്യുന്നുവെന്നു നോക്കൂ, മുഖ്യൻ മയോ ക്ലിനിക്, യു.എസിൽ. കോടിയേരി സഖാവ് അടുത്ത മാസം അങ്ങു മറ്റൊരു ക്ലിനിക്കിൽ. അപ്പോൾ ഭരണമോ? പി. ശശി സഖാവു തന്നെ. സഖാവിന് മോഡിയുടെ ഗുജറാത്തിൽ പോകാൻ വർഗപരമായ മടിയുള്ളതിനാൽ ചീഫ് സെക്രട്ടറി വി.പി. ജോയിയെ തന്നെ അങ്ങോട്ടയച്ചു. വൻകിട പദ്ധതികളും വികസനവുമാണ് പഠിക്കാൻ കൊടുത്തയച്ച വിഷയം.
അമേരിക്കക്കാരും ഗുജറാത്തുകാരും മടങ്ങിയെത്തുന്നതോടെ ആദ്യം പറഞ്ഞ വികസനത്തിൽ ചെറിയൊരു തിരുത്തുണ്ടാകാം- 'കേരള മാതൃക ഗുജറാത്ത് മാതൃക'. ബി.ജെ.പി- മാർക്‌സിസ്റ്റ് അന്തർധാര കേരളത്തിൽ ശക്തം' എന്ന് പ്രശസ്ത ഗവേഷകൻ കെ. മുരളീധരൻ കണ്ടെത്തിയിട്ട് ആഴ്ച ഒന്നായില്ല. ഗുജറാത്ത് മോഡൽ വികസനം വരുന്നതോടെ ഏറ്റവും ഉഷാറാകുക പാലാക്കാരൻ ജോസ് കെ. മാണി ആയിരിക്കും. കെ.എം. മാണിയുടെ 'അധ്വാനവർഗ സിദ്ധാന്ത'ത്തിൽ അങ്ങനെ ചില വകുപ്പുകളുണ്ടത്രേ!