Sorry, you need to enable JavaScript to visit this website.

പി.സി ജോര്‍ജ്ജിനെ ചങ്ങലക്കിടണമെന്ന് ഷോണ്‍ ജോര്‍ജ്ജിന് തുറന്ന കത്ത്‌

തിരുവനന്തപുരം: മുസ്ലിം സമൂഹത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി ജോര്‍ജ്ജിന്റെ പ്രസംഗത്തിനെതിരെ മകന്‍ ഷോണ്‍ ജോര്‍ജ്ജിന് തുറന്ന കത്തയച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍.

മതസ്പര്‍ദ്ദ വളര്‍ത്താന്‍ വല്ലതും വിളിച്ച് പറയുമ്പോള്‍ ചെറുപ്പക്കാരന്‍ എന്ന നിലയിലും മകനെന്ന നിലയിലും താങ്കള്‍ അതിനെ തടയണമെന്നാണ് നുസൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.ആലങ്കാരികമായി പറഞ്ഞാല്‍ ചങ്ങലക്കിടണം എന്നും വ്യക്തമാക്കുന്നുണ്ട്. നാട്ടുകാര്‍ പഞ്ഞിക്കിടുന്ന അവസ്ഥ ഉണ്ടായേക്കുമെന്നും അദ്ദേഹം കത്തില്‍ വിശദമാക്കുന്നുണ്ട്. 

കത്തിന്റെ പൂര്‍ണരൂപം: 
പ്രിയപ്പെട്ട ഷോണ്‍ ജോര്‍ജ്ജ്,
വര്‍ഗ്ഗീയതക്കെതിരെ നമ്മള്‍ യുവാക്കള്‍ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. അതില്‍ താങ്കള്‍ എതിരാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം കേള്‍ക്കുകയുണ്ടായി.

പൂഞ്ഞാറില്‍ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്. അതിന് കേരളത്തിലുള്ള എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രായമാകുമ്പോള്‍ പിതാക്കന്മാര്‍ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കും. 
അദ്ദേഹം തികഞ്ഞ മുസ്ലിം വിരുദ്ധത പ്രകടമാക്കുന്നത് ബി.ജെ.പിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. അത് താങ്കള്‍ക്ക് ബി.ജെ.പിയുടെ ദയാദാക്ഷണ്യത്തിന് വേണ്ടിയിട്ടാണെന്ന് മനസിലാക്കുന്നു.

അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത് പോലെ ക്രിസ്ത്യന്‍ പള്ളികളുടെ നിയന്ത്രണാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ? ആരാധനാലയങ്ങളുടെ നിയന്ത്രണാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഒരാവശ്യം സര്‍ക്കാര്‍ പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായി അതിനെ അനുകൂലിക്കും. അതിന് ഉപാധികളുണ്ടെങ്കില്‍ മാത്രം.

ലവ് ജിഹാദിനെപ്പറ്റിയൊക്ക അദ്ദേഹം സംസാരിച്ചു. അങ്ങനെ ഒരു ജിഹാദ് ബോധപൂര്‍വ്വം നാട്ടിലുണ്ടെന്ന് എനിക്കഭിപ്രായമില്ല. താങ്കളുടെ വിവാഹത്തിന് താങ്കള്‍ അനുഭവിച്ച മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവസാനം 'മാമോദിസ മുക്കിയിട്ടല്ലേ വിവാഹത്തിന് താങ്കളുടെ പിതാവ് സമ്മതിച്ചുള്ളൂ.
 
ഇത്രയൊക്കെ ചെയ്തിട്ട് നാട്ടില്‍ മതസ്പര്‍ദ്ദ വളര്‍ത്താന്‍ വല്ലതും വിളിച്ച് പറയുമ്പോള്‍ ചെറുപ്പക്കാരന്‍ എന്ന നിലയിലും മകനെന്ന നിലയിലും താങ്കള്‍ അതിനെ തടയണം. ആലങ്കാരികമായി പറഞ്ഞാല്‍ ചങ്ങലക്കിടണം എന്നും പറയാം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നാട്ടുകാര്‍ തന്നെ പഞ്ഞിക്കിടും എന്ന് പറഞ്ഞാല്‍ തെറി വിളിക്കാം എന്നല്ലാതെ ഒന്നും ചെയ്യാനും കഴിയില്ല. താങ്കള്‍ എന്നെപ്പറ്റി സംശയിക്കേണ്ട. ഞാന്‍ തികഞ്ഞ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ വിരോധി തന്നെയാണ്. എല്ലാകാലത്തും. പിതാവിനെ നല്ല ബുദ്ധി ഉപദേശിക്കും എന്ന വിശ്വാസത്തോടെ.-
എന്‍.എസ് നുസൂര്‍.

Latest News