തിരുവനന്തപുരം- സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം വെള്ളി കൂടി തുടരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോക്. യൂണിറ്റിന് 20 രൂപ വരെ ചെലവഴിച്ച് 250 മെഗാവാട്ട് വൈദ്യുതി വാങ്ങി ലോഡ്ഷെഡിങ് പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചതായും കെ.എസ.ഇ.ബി ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മേയ് 31 വരെ ഇത്തരത്തില്‍ ഉയര്‍ന്നവില നല്‍കി വൈദ്യുതി വാങ്ങുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് 50 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. കല്‍ക്കരി പ്രതിസന്ധി കാരണം ദേശീയ ഗ്രിഡില്‍ നിന്ന് 400 മെഗാവാട്ട് സംസ്ഥാനത്തിന് കുറുവണ്ടാകുന്നതിനാലാണ് കഴിഞ്ഞ ദിവസംമുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതിദിനം 400 മെഗാവാട്ടിന്റെ കുറവ് ഏറ്റവും ബാധിക്കുന്നത് മേയ് മൂന്നിനാണെന്ന് കെ.എസ്.ഇ.ബി വിലയിരുത്തി. അന്ന് നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ഒരു സ്വിച്ച് എങ്കിലും ഓഫ് ചെയ്ത് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ പരമാവധി യൂണിറ്റിന് 12 രൂപയ്ക്ക് വൈദ്യുതി വാങ്ങാനാണ് അനുമതിയുണ്ടായിരുന്നത്. ക്ഷാമം കാരണം കല്‍ക്കരിക്ക് വില ഉയര്‍ന്നത് കണക്കിലെടുത്താണ് യൂണിറ്റിന് 20 രൂപയ്ക്ക് വരെ നല്‍കി വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് യോഗം അനുമതി നല്‍കിയിയത്.