ജോഹന്നസ്ബർഗ് - പന്ത് ചുരണ്ടൽ വിവാദത്തിലുൾപ്പെട്ട മൂന്ന് കളിക്കാരെയും നാട്ടിലേക്ക് മടക്കിവിളിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു. സ്ഥാനം നഷ്ടപ്പെട്ട ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാണർ, പന്ത് ചുരണ്ടാൻ നിയോഗിക്കപ്പെട്ട ഓപണർ കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരാണ് അടിയന്തരമായി നാട്ടിലേക്ക് മടങ്ങുക. അതേസമയം കോച്ച് ഡാരൻ ലേമൻ തൽക്കാലം ടീമിനൊപ്പം തുടരും. രോഷവും നിരാശയുമുണ്ടെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ഇത് ശുഭദിനമല്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി ജെയിംസ് സതർലാന്റ് പറഞ്ഞു.
തിരിച്ചയക്കുന്ന കളിക്കാർക്കു പകരം മാറ്റ് റെൻഷോ, ഗ്ലെൻ മാക്‌സ്‌വെൽ, ജോ ബേൺസ് എന്നിവരെ പകരം ടീമിലുൾപെടുത്തി. വിക്കറ്റ്കീപ്പർ ടിം പയ്ൻ ക്യാപ്റ്റനായി തുടരും. പന്ത് ചുരണ്ടൽ വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവശേഷിച്ച ദിനങ്ങളിൽ പയ്‌നായിരുന്നു ടീമിനെ നയിച്ചത്. പന്ത് ചുരണ്ടൽ വിവാദത്തിലുൾപ്പെട്ട കളിക്കാർക്കെതിരായ ശിക്ഷ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ന് പ്രഖ്യാപിക്കും.
വിവാദം അന്വേഷണ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംശയമുന ഡേവിഡ് വാണർക്കു നേരെ. വാണറാണ് പന്ത് ചുരണ്ടുകയെന്ന ആശയം കൊണ്ടുവന്നതും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ അനുവാദത്തോടെ ഓപണർ കാമറൂൺ ബാൻക്രോഫ്റ്റിനെ ചുമതലയേൽപിച്ചതുമെന്നാണ് സൂചന.
വാണറാണ് പ്രശ്‌നക്കാരനെന്ന നിലപാടിലേക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അതിവേഗം എത്തിക്കൊണ്ടിരിക്കുന്നത്.
വിവാദം ഓസ്‌ട്രേലിയയിൽ വൻ ജനരോഷമാണ് ഇളക്കിവിട്ടത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്‌പോൺസർമാരും നിശിത വിമർശനവുമായി രംഗത്തു വന്നു. അതിനാൽ തന്നെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും പ്രതിഛായ വീണ്ടെടുക്കണമെങ്കിൽ കടുത്ത നടപടികൾ എടുത്തേ പറ്റൂ.
വാണറും സ്മിത്തും ബാൻക്രോഫ്റ്റും കോച്ച് ഡാരൻ ലേമനും വൻ വില നൽകേണ്ടി വരുമെന്നാണ് സൂചന.
2014 ൽ ഇംഗ്ലണ്ട് ടീമിൽ കെവിൻ പീറ്റേഴ്‌സൻ ഒറ്റപ്പെട്ടു പോവുകയും പുറത്താക്കപ്പെടുകയും ചെയ്തതു പോലൊരു അവസ്ഥയാണ് ഇപ്പോൾ വാണർ നേരിടുന്നത്. സഹതാരങ്ങൾ തന്നെ വാണർക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ മാനേജ്‌മെന്റും വാണറെ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. വിവാദത്തിലേക്ക് തങ്ങളെ വലിച്ചിഴച്ചതിൽ സീനിയർ കളിക്കാരായ ജോഷ് ഹെയ്‌സൽവുഡിനും മിച്ചൽ സ്റ്റാർക്കിനും നാഥൻ ലയണിനും കടുത്ത രോഷമുണ്ടെന്നാണ് റിപ്പോർട്ട്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായും സഹതാരങ്ങളുമായും വാണറുടെ ബന്ധം സുഖകരമല്ല. ടീമിന്റെ വാട്‌സ്ആപ് ഗ്രൂപ്പിൽ പോലും വാണർ ഇല്ല. ഇംഗ്ലണ്ട് ടീമിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ പീറ്റേഴ്‌സനെ പുറത്താക്കിയതു പോലെ വാണറും പുറത്താക്കപ്പെട്ടാൽ അദ്ഭുതപ്പെടാനില്ല.
അതിനിടെ, ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിൽ സ്മിത്ത് സസ്‌പെന്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ മാറ്റ് റെൻഷോയെ ഓസീസ് ടീമിലുൾപ്പെടുത്തി. ബാൻക്രോഫ്റ്റ് സ്ഥാനമുറപ്പിച്ചതോടെയാണ് റെൻഷോക്ക് സ്ഥാനം നഷ്ടപ്പെട്ടത്.