റിയാദ്- മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനവും മലയാളം ന്യൂസിന്റെ ഉടമകളുമായ സൗദി റിസേര്‍ച്ച് ആന്റ് മീഡിയ ഗ്രൂപ്പിന്റെ (എസ്.ആര്‍.എം.ജി) സി.ഇ.ഒ ജുമാന അല്‍റാശിദ് മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും മാധ്യമ വ്യവസായ മേഖലയിലെ ഏറ്റവും കരുത്തരായ നേതാക്കളുടെ പട്ടികയില്‍ ഇടം നേടി.
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേറ്റ് മാഗസിന്‍ മാധ്യമ മേഖലയില്‍ ഏറ്റവും ശക്തമായ സ്വാധീനമുള്ള 30 വ്യക്തികളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ജുമാനക്കുള്ളത്. 2020ല്‍ എസ്.ആര്‍.എം.ജിയുടെ ചുമതല ഏറ്റെടുത്ത ശേഷം ജുമാന അല്‍റാശിദ് നടപ്പാക്കിയ വികസന പദ്ധതികളുടെ വിജയം സ്ഥിരീകരിക്കുന്നതാണ് ഈ അംഗീകാരം. സൗദി മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖിരീജിയാണ് ലിസ്റ്റിലെ ഒന്നാമന്‍.
എസ്.ആര്‍.എം.ജിയും സൗദി മീഡിയ കമ്പനിയും തമ്മിലുളള കരാര്‍ ഒപ്പുവെച്ച് ജുമാന അല്‍റാശിദും മുഹമ്മദ് അല്‍ഖിരീജിയും (ഫയല്‍ ഫോട്ടോ)
എസ്.ആര്‍.എം.ജി മീഡിയ ഫോര്‍ മീഡിയ, എസ്.ആര്‍.എം.ജി എക്‌സ് ഇവന്റ്‌സ് ആന്‍ഡ് കോണ്‍ഫറന്‍സ്, എസ്.ആര്‍.എം.ജി തിങ്ക് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ്, എസ്.ആര്‍.എം.ജി ലാബ്‌സ് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍, എസ്.ആര്‍.എം.ജി ഇന്റര്‍നാഷണല്‍ എന്നീ അഞ്ച് അനുബന്ധ സ്ഥാപനങ്ങള്‍ കൂടി സ്ഥാപിച്ച് ഗ്രൂപിന്റെ വിപുലീകരണത്തിന് ജുമാന അല്‍റാശിദ് തുടക്കം കുറിച്ചു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മീഡിയ കമ്പനിയില്‍ ഇതാദ്യമായാണ് ഒരു സൗദി വനിത ഇത്ര ഉന്നത സ്ഥാനത്തെത്തുന്നത്.
2021ല്‍ 537 മില്യന്‍ റിയാലിന്റെ ലാഭമാണ് കമ്പനി നേടിയത്. ഗ്രൂപിന്റെ മീഡിയകളിലെ പരസ്യങ്ങളടക്കമുള്ള വരുമാന സ്രോതസ്സുകള്‍ നിയന്ത്രിക്കുന്നത് സൗദി മീഡിയ ഗ്രൂപ്പാണ്.
മലയാളം ന്യൂസിന് പുറമെ അറബ് ന്യൂസ്, ശര്‍ഖുല്‍ ഔസത്ത്, ഇന്‍ഡിപന്റന്റ്, അല്‍ഇഖ്തിസാദിയ അടക്കം 28 പ്രസിദ്ധീകരണങ്ങളാണ് എസ്.ആര്‍.എം.ജിക്ക് കീഴിലുള്ളത്.