Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ശേഷി ആർജിച്ച ആദ്യ ഭീകര ഗ്രൂപ്പ്‌

റിയാദ് - ബാലിസ്റ്റിക് മിസൈൽ ശേഷി ആർജിച്ച ലോകത്തെ ആദ്യത്തെ ഭീകര ഗ്രൂപ്പ് ആണ് ഹൂത്തി മിലീഷ്യകളെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയും മിസൈൽ ആക്രമണങ്ങൾക്ക് സൻആ എയർപോർട്ട് സൈനിക ബാരക്ക് ആയി ഉപയോഗിച്ചും ഹൂത്തികൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചു. സൗദി അറേബ്യക്കു നേരെ 104 തവണ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളാണ് ഇതുവരെ നടത്തിയത്. ബാലിസ്റ്റിക് മിസൈലുകൾ യെമനിലേക്ക് കടത്തുന്നതിന് ഇറാൻ അൽഹുദൈദ തുറമുഖം ദുരുപയോഗിക്കുകയാണ്. ഹൂത്തികൾക്ക് ആയുധങ്ങൾ എത്തിച്ച് അന്താരാഷ്ട്ര നിയമങ്ങൾ ഇറാൻ തുടർച്ചയായി ലംഘിക്കുകയാണ്. 
യെമനിൽ മരണമാണ് ഹൂത്തി ഭീകരർ വിതക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കാലത്ത് ഹൂത്തികളുടെ ആക്രമണങ്ങളിൽ 43,000 യെമനികൾക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തു. 18,000 യെമനികളെ അന്യായ തടങ്കലിൽ അടച്ചു. യെമനിലെ 80 ശതമാനം മാധ്യമങ്ങളും ഹൂത്തികൾ അടച്ചുപൂട്ടി. ഹൂത്തി പോരാളികളിൽ 30 ശതമാനത്തിലേറെ കുട്ടികളാണെന്നും വിദേശ മന്ത്രാലയം പറഞ്ഞു. 
അന്താരാഷ്ട്ര സമൂഹത്തിന്റെ ഇച്ഛാശക്തി പരീക്ഷിച്ച്, മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളും ഇറാൻ ലംഘിക്കുകയാണെന്ന് അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മിലീഷ്യകൾക്ക് പണവും മിസൈലുകളും ആയുധങ്ങളും നൽകി സിറിയ, ഇറാഖ്, ലെബനോൻ, ബഹ്‌റൈൻ, യെമൻ എന്നീ അഞ്ചു രാജ്യങ്ങളിൽ ഇറാൻ ഭീകരതയെ പിന്തുണക്കുകയാണ്. സൗദി വിദേശ മന്ത്രിയെ വാഷിംഗ്ടണിൽ വെച്ച് വധിക്കുന്നതിന് ശ്രമിച്ച ഇറാൻ മുൻ ലെബനീസ് പ്രധാനമന്ത്രി റഫീഖ് അൽഹരീരിയെ കൊലപ്പെടുത്തി. 1994 ബ്യൂണസ് അയേഴ്‌സ്, 1996 അൽകോബാർ, 2003 റിയാദ് ഭീകരാക്രമണങ്ങളിൽ ഇറാന് പങ്കുണ്ട്. യെമനിൽ രാഷ്ട്രീയ പരിഹാരങ്ങൾ ഹൂത്തികൾ നിരാകരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന ഇറാൻ ഭരണകൂടത്തോട് കണക്ക് ചോദിക്കുന്നതിൽ ലോക സമൂഹം ഉത്തരവാദിത്തം നിറവേറ്റണമെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. 
 

Latest News