Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന്റെ പി.കെ പരീക്ഷണം

1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോൺഗ്രസ് രാജ്യത്ത് പടിപടിയായി നേരിട്ട ശോഷണത്തിന്റെ കണക്കുകൾ നിരത്തിയാണ് പ്രശാന്ത് കിഷോർ പരിഹാര നിർദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കണക്കുകളും നിർദേശങ്ങളും ഏറെ പ്രസക്തവുമാണ്. എന്നാൽ കോൺഗ്രസ് അവ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു. ഉദയ്പുരിലെ ചിന്തൻ ശിബിരിൽ കൂലങ്കഷമായി ചർച്ച ചെയ്ത് ലക്ഷ്യബോധത്തോടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് സന്നദ്ധമാകുമോ, അതോ തുടക്കത്തിലെ കാട്ടിക്കൂട്ടലുകൾക്കു ശേഷം കാര്യങ്ങൾ പഴയ പടിയാകുമോ എന്ന് കാത്തിരുന്ന് കാണണം.

 

ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലൂടെ കടന്നുപോകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരിച്ചുവരവിനുള്ള ഭഗീരഥ പ്രയത്‌നത്തിലാണിപ്പോൾ. അതിന്റെ ഭാഗമായി രാജ്യത്തെ തന്നെ ഏറ്റവും പ്രഗൽഭനായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിയാലോചിച്ച് പുതിയ കർമപരിപാടികൾ തയാറാക്കുകയാണ് പാർട്ടി. പി.കെ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന പ്രശാന്ത് കിഷോർ, പാർട്ടി നേതൃത്വത്തിലും ഘടനയിലും തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്ന കാര്യത്തിലുമെല്ലാം വ്യക്തമായ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മുമ്പാകെ സമർപ്പിച്ചുകഴിഞ്ഞു. ഇവ നടപ്പാക്കുന്നതിനായി എംപവേഡ് ആക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ ഉന്നതതല സമിതിക്ക് വൈകാതെ സോണിയ രൂപം നൽകും. 


എന്നാൽ ഈ സമിതിയിലും അതോടൊപ്പം കോൺഗ്രസിലും ചേരുന്നതിനുള്ള പാർട്ടി നേതൃത്വത്തിന്റെ അഭ്യർഥന പ്രശാന്ത് കിഷോർ നിരസിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. കോൺഗ്രസിൽ തന്റെ സാന്നിധ്യത്തേക്കാൾ ശക്തമായ നേതൃത്വവും കൂട്ടായ പ്രവർത്തനവുമാണ് ഇപ്പോൾ ആവശ്യം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ അദ്ദേഹത്തെ പാർട്ടിയിൽ എടുക്കുന്നതിനോട് നേതൃത്വത്തിൽ ചിലർക്ക് എതിർപ്പുണ്ടെന്നും ഇതാണ് പ്രശാന്ത് കിഷോർ സ്വയം പിന്മാറാൻ കാരണമെന്നും പറയപ്പെടുന്നുണ്ട്. 
പ്രശാന്ത് കിഷോർ പാർട്ടിക്ക് മുന്നിൽ സമർപ്പിച്ച നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് മെയ് 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരിൽ നവസങ്കൽപ് ചിന്തൻ ശിബിർ എന്ന പേരിൽ ദേശീയ തലത്തിൽ കൂടിയാലോചനാ യോഗം ചേരാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 400 പ്രതിനിധികൾ പങ്കെടുക്കുന്ന ഈ യോഗം രാജ്യം ഇന്ന് നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളും, ബി.ജെ.പി ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യും.


ഇന്ത്യയിലെ ഏറ്റവും വിലയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന് പ്രശാന്ത് കിഷോറിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ അത്രയധികം വിജയം നേടിയതുകൊണ്ടാണ്. അദ്ദേഹം ഒരു പാർട്ടിയുമായും അധികകാലം ബന്ധം നിലനിർത്തില്ല എന്നത് മറ്റൊരു കാര്യം. 2014 ൽ നരേന്ദ്ര മോഡിയെ ഒരു ബ്രാൻഡായി ഉയർത്തിക്കൊണ്ടുവന്നത് പി.കെയുടെ ഏറ്റവും വിജയിച്ച രാഷ്ട്രീയ തന്ത്രമായിരുന്നു. എന്നാൽ വൈകാതെ അദ്ദേഹം മോഡിയുമായും ബി.ജെ.പിയുമായും തെറ്റി. പിന്നീട് ബിഹാറിൽ നിതീഷ് കുമാറും തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിനും ബംഗാളിൽ മമത ബാനർജിയുമടക്കം പല നേതാക്കളും അദ്ദേഹത്തിന്റെ സഹായം തേടി. ഏറ്റവുമൊടുവിൽ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ വിജയം കണ്ടത് ബംഗാളിലാണ്. 2021 ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം പിടിക്കുമെന്ന തരത്തിൽ വരെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് തൃണമൂൽ കോൺഗ്രസ് വമ്പൻ വിജയത്തോടെ അധികാരം നിലനിർത്തി. ബി.ജെ.പിയെ തന്റേടത്തോടെ നേരിടുകയും സ്വന്തം അണികൾക്ക് ആവേശവും ആത്മവിശ്വാസവും നൽകുകയും ചെയ്യുന്ന മമത ബാനർജി എന്നൊരു നേതാവ് തൃണമൂലിന് ഉള്ളതുകൊണ്ടും മമതയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യമുള്ള നേതാക്കൾ പാർട്ടിക്കുള്ളിൽ ഇല്ലാത്തതുകൊണ്ടും പ്രശാന്ത് കിഷോറിന് കാര്യങ്ങൾ എളുപ്പമായി. അത്തരമൊരു സാഹചര്യം കോൺഗ്രസിൽ ഇല്ലാത്തതിനാൽ പ്രശാന്ത് കിഷോറിന്റെ പരീക്ഷണങ്ങൾ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.


പ്രശാന്ത് കിഷോർ കോൺഗ്രസിന് തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കാൻ വരുന്നത് ഇതാദ്യമല്ല. അഞ്ച് വർഷം മുമ്പ് ഉത്തർ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനു വേണ്ടി തന്ത്രമൊരുക്കാൻ പി.കെയെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയെ നയിക്കേണ്ടത് ബ്രാഹ്മണനോ, സവർണനോ ആയ നേതാവായിരിക്കണമെന്നതടക്കം നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്തു. അതെല്ലാം നടപ്പാക്കാൻ കഴിയാത്തതുകൊണ്ടാണോ എന്തോ, തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തോൽവിയായിരുന്നു ഫലം. 


രണ്ടാം വരവിൽ കോൺഗ്രസിന്റെ സമൂല പരിവർത്തനത്തിനായി അടിമുതൽ മുടിവരെ സ്പർശിക്കുന്ന നിർദേശങ്ങളാണ് അറുന്നൂറിലധികം സ്ലൈഡുകളുടെ സഹായത്തോടെ നിരവധി മണിക്കൂറുകൾ നീണ്ട പ്രസന്റേഷനിൽ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾക്കു മുന്നിൽ അവതരിപ്പിച്ചത്. പാർട്ടി അധ്യക്ഷ പദത്തിൽ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ വരണമെന്നും അയാൾ തികഞ്ഞ കോൺഗ്രസ് ആശയക്കാരനും ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നയാളുമായിരിക്കണം എന്നിവയാണ് നിർദേശങ്ങളിൽ പ്രധാനം. അതായത് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിക്കൊണ്ടോ, പാർട്ടി അധ്യക്ഷനാക്കിക്കൊണ്ടോ കോൺഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നാണ് പ്രശാന്ത് കിഷോർ പറഞ്ഞുവെക്കുന്നത്. ശക്തമായ നേതൃത്വത്തെ കണ്ടെത്തിക്കഴിഞ്ഞാൽ ജനാധിപത്യം, മതേതരത്വം തുടങ്ങി സ്ഥാപക തത്വങ്ങളിൽ ഊന്നി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കണമെന്നാണ് മറ്റൊരു നിർദേശം. താഴേതട്ട് മുതൽ സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തുക, പാർട്ടിയെ ആലസ്യത്തിൽനിന്ന് ഉണർത്തുക, സമാന ആശയങ്ങളുള്ള പാർട്ടികളുമായി സഖ്യം ശക്തിപ്പെടുത്തുക, പ്രചാരണത്തിന് മാധ്യമങ്ങളെയും ഡിജിറ്റൽ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തക എന്നിവയാണ് പി.കെ മുന്നോട്ടു വെക്കുന്ന പ്രധാന നിർദേശങ്ങൾ. 
ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കരുത്ത് കാട്ടാൻ കഴിയുന്ന 358 സീറ്റുകളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. അഞ്ച് സംസ്ഥാനങ്ങളിലെ 168 സീറ്റുകളിൽ പ്രബലരായ പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കണം. ബംഗാളിൽ തൃണമൂൽ, ആന്ധ്രാ പ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ്, തമിഴ്‌നാട്ടിൽ ഡി.എം.കെ, മഹാരാഷ്ട്രയിൽ എൻ.സി.പി, ഝാർഖണ്ഡിൽ ജെ.എം.എം എന്നിവയാണ് ആ പാർട്ടികൾ. രാജ്യത്തെ 104 കോടി വരുന്ന വോട്ടർമാരിൽ 30 ശതമാനം പേരുടെയെങ്കിലും പിന്തുണ ഉറപ്പാക്കുന്ന നടപടികൾ കോൺഗ്രസ് സ്വീകരിക്കണമെന്നാണ് പി.കെയുടെ നിർദേശം. ഇതിനായി പാർട്ടിയെ താഴെ തട്ടിൽ ശക്തിപ്പെടുത്തുകയും നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും വേണം. 1990 ൽ രാജീവ് ഗാന്ധി നടത്തിയ ഭാരത യാത്രയാണ് കോൺഗ്രസ് അവസാനമായി ദേശീയ തലത്തിൽ നടത്തിയ ജനസമ്പർക്ക പരിപാടി. മോഡി സർക്കാരിനെതിരെ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന നിരവധി അവസരങ്ങളുണ്ടായിട്ടും 2014 നു ശേഷം 24 മണിക്കൂറിലേറെ ദൈർഘ്യമുള്ള ഒരു പ്രതിഷേധം പോലും നടത്താൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 


1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോൺഗ്രസ് രാജ്യത്ത് പടിപടിയായി നേരിട്ട ശോഷണത്തിന്റെ കണക്കുകൾ നിരത്തിയാണ് പ്രശാന്ത് കിഷോർ പരിഹാര നിർദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കണക്കുകളും നിർദേശങ്ങളും ഏറെ പ്രസക്തവുമാണ്. എന്നാൽ കോൺഗ്രസ് അവ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു. ഉദയ്പുരിലെ ചിന്തൻ ശിബിരിൽ കൂലങ്കഷമായി ചർച്ച ചെയ്ത് ലക്ഷ്യബോധത്തോടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് സന്നദ്ധമാകുമോ, അതോ തുടക്കത്തിലെ കാട്ടിക്കൂട്ടലുകൾക്കു ശേഷം കാര്യങ്ങൾ പഴയ പടിയാകുമോ എന്ന് കാത്തിരുന്ന് കാണണം.


ഏതായാലും നെഹ്‌റു കുടുംബത്തെ അപ്പാടെ കർട്ടന് പിന്നിലേക്ക് മാറ്റിയുള്ള ഒരു പരിഷ്‌കരണത്തിനും കോൺഗ്രസ് നേതാക്കൾ തയാറല്ലെന്ന് സൂചന ലഭിച്ചുകഴിഞ്ഞു. ഇത് മനസ്സിലാക്കി അവരെ കൂടി ഉൾപ്പെടുത്തുന്ന ബദൽ നിർദേശവും പി.കെ മുന്നോട്ടുവെച്ചിട്ടുണ്ട്. അതനുസരിച്ച് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരുക, ഒപ്പം പാർട്ടിയെ 24 മണിക്കൂറും നയിക്കാൻ ചുമതലയുള്ള വർക്കിംഗ് പ്രസിഡന്റിനെ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് കണ്ടെത്തുക. പാർലമെന്ററി ബോർഡ് പുനരുജ്ജീവിപ്പിച്ച് രാഹുൽ ഗാന്ധിയെ അതിന്റെ അധ്യക്ഷനാക്കുക. അധികാരം പലരിൽ കേന്ദ്രീകരിക്കുന്ന ഈ പരിഷ്‌കരണം എത്രത്തോളം ഗുണകരമാകുമെന്ന് വ്യക്തമല്ല.


കോൺഗ്രസ് ഇന്ന് നേരിടുന്ന രണ്ട് വലിയ പ്രശ്‌നങ്ങൾക്ക് പ്രശാന്ത് കിഷോർ പരിഹാരം നിർദേശിച്ചതായി കാണുന്നുമില്ല. ഈ പാർട്ടിയുടെ ജനിതക ദോഷമായ ഗ്രൂപ്പിസത്തിന് അറുതിവരുത്താൻ എങ്ങനെ കഴിയുമെന്നതാണ് ഒന്ന്. രണ്ടാമത്തേത് അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി കോൺഗ്രസ് നേതാക്കൾ പാർട്ടിയെ ഉപേക്ഷിച്ച് ബി.ജെ.പി അടക്കം മറ്റ്ുപാർട്ടികളിൽ ചേക്കേറുന്ന പ്രവണതക്ക് എങ്ങനെ അന്ത്യം കുറിക്കുമെന്നും. ഇക്കാര്യങ്ങളിൽ കൂടി ഫലപ്രദമായ നിർദേശങ്ങൾ പ്രശാന്ത് കിഷോർ നൽകുകയും കോൺഗ്രസ് അവ നടപ്പാക്കുകയും ചെയ്താൽ മാത്രമേ പാർട്ടിക്ക് ഒരു തിരിച്ചുവരവ് സാധ്യമാവൂ. 

Latest News