കേരള ടൂറിസത്തിന്റെ പ്രചാരകരാവുകയാണ് ലണ്ടൻ നഗരവീഥികളിലെ ഡബിൾ ഡക്കർ ബസുകൾ. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റേതാണ് ഈ ആശയം. സെൻട്രൽ ലണ്ടനിൽ സർവീസ് നടത്തുന്ന ഡബിൾ ഡക്കർ ബസുകൾ കേരള ടൂറിസത്തിന്റെ പരസ്യം കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. കേരളത്തിന്റെ അത്യാകർഷകമായ ദൃശ്യങ്ങളുമായാണ് ഈ മാസാദ്യം മുതൽ ബസുകൾ സർവീസ് നടത്തി വരുന്നത്. മാർച്ച് അവസാനം വരെയാണ് ബസ് ബ്രാന്റിംഗ് കാമ്പയിൻ. റെഡ് ബസുകളെ ഉപയോഗിച്ചുള്ള പരസ്യ പ്രചാരണം ഇതാദ്യമായാണ്. ഇത് ഉദ്ദേശിച്ച ഫലം ചെയ്തുവെന്നാണ് ടൂറിസം ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ലണ്ടൻ നഗരവാസികളേയും ടൂറിസ്റ്റുകളേയും ഒരേ പോലെ ആകർഷിക്കാൻ ഇതിന് സാധിച്ചു. സെൻട്രൽ ലണ്ടനിലെ അഞ്ച് ഡിപ്പോകളിൽ നിന്നാണ് ഡബിൾ ഡക്കർ ബുസകൾ ഓപ്പറേറ്റ് ചെയ്യുന്നത്. ഇവയിലെല്ലാം കേരളത്തിന്റെ പരസ്യങ്ങളും കാണാം. കായലും ഹൗസ് ബോട്ടുകളും കഥകളിയുമെല്ലാം ലണ്ടൻ മഹാനഗരത്തിൽ പുനരാവിഷ്‌കരിച്ച പ്രതീതി.
യു.കെയിൽ ടൂറിസം വകുപ്പ് പരസ്യം ചെയ്യുന്നത് ഇതാദ്യമല്ല. രണ്ട് വർഷം മുമ്പ് ടാക്‌സികളെയാണ് ബ്രാന്റ് ചെയ്തത്. ഇതിനായി ലണ്ടൻ, ബിർമിങ്ഹാം. ഗ്ലാസ്‌ഗോ എന്നീ മൂന്ന് നഗരങ്ങളിലെ ടാക്‌സികളെയാണ് തെരഞ്ഞെടുത്തത്. ടാക്‌സി കാമ്പയിൻ വൻ വിജയമായിരുന്നു. ബ്രിട്ടനിൽ നിന്ന് പ്രതിവർഷം ഒന്നര ലക്ഷം സഞ്ചാരികളാണ് പ്രതിവർഷം ഇന്ത്യയിലെത്തിച്ചേരുന്നത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും കേരള ടൂറിസം പബ്ലിസിറ്റി നടത്തിയിരുന്നു. ലണ്ടനിലെ ട്യൂബ് സ്റ്റേഷനുകളിൽ കഴിഞ്ഞ വർഷം കേരള ടൂറിസത്തിന്റെ ഡിസ്‌പ്ലേ ബോർഡുകളുണ്ടായിരുന്നു. ഇരുപത് സ്റ്റേഷനുകളിലെ യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇത് ചെയ്തത്. ഓരോ സ്റ്റേഷനിലും ട്രെയിൻ വരാനുള്ള നാല് മിനിറ്റ് ഇടവേളകളിൽ ഈ പരസ്യത്തിന് ധാരാളം കാണികളെ ലഭിച്ചുവെന്നാണ് സർക്കാരിന്റെ കണക്ക്.