കൊളംബോ-ശ്രീലങ്കയിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കാൻ ആഹ്വാനം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. റമ്പൂക്കന പട്ടണത്തിൽ കഴിഞ്ഞ ആഴ്ച നടന്ന പ്രക്ഷോഭത്തിന് നേരെയാണ് പോലീസ് വെടിയുതിർത്തത്.
തലസ്ഥാനമായ കൊളംബോയെ കേന്ദ്ര നഗരമായ കാൻഡിയുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഹൈവേയും റെയിൽവേ ലൈനും ഉപരോധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ലൈവ് റൗണ്ടും പ്രയോഗിക്കുകയായിരുന്നു. ഈ കേസിലാണ് സീനിയർ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്. വെടിവെപ്പിൽ രണ്ടു കുട്ടികളുടെ പിതാവായ 42 കാരൻ കൊല്ലപ്പെട്ടിരുന്നു.
''വെടിവെപ്പ് നടത്താൻ നിയമവിരുദ്ധ ഉത്തരവുകൾ നൽകിയതിന് ഉദ്യോഗസ്ഥൻ ഉത്തരവാദിയാണെന്ന് മജിസ്ട്രേറ്റ് പറഞ്ഞു,'' ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത നാല് കോൺസ്റ്റബിൾമാരെയും അറസ്റ്റ് ചെയ്തു. ജനക്കൂട്ടം ഇന്ധന ടാങ്കർ കത്തിക്കാൻ ശ്രമിച്ചുവെന്നും വലിയ ദുരന്തം തടയാൻ ഉദ്യോഗസ്ഥർ വെടിവച്ചുവെന്നുമാണ് പോലീസ് ആദ്യം വാദിച്ചത്.