Sorry, you need to enable JavaScript to visit this website.

ലോ പ്രൈസ്  ബിരിയാണിയുടെ  നാട്‌

ചേളാരി വഴി പരപ്പനങ്ങാടിയിലേക്ക് പോകുമ്പോൾ ചേറക്കാട് അങ്ങാടി കഴിഞ്ഞു 200 മീറ്റർ അകലെ റോഡരികിൽ ഒരു ചെറുപ്പക്കാരൻ നാല് കുഴി എടുക്കുന്നത് ശ്രദ്ധിച്ചു. കുഴിയിൽ നാട്ടാനുള്ള നാല് വലിയ തടിയും കുറച്ചു കമുങ്ങ് കഷ്ണങ്ങളും രണ്ടു കെട്ട് മെടഞ്ഞ ഓലയും കൂടി കണ്ടപ്പോൾ അത് ഏതോ സംഘടനയുടെ ബസ് വെയ്റ്റിങ് ഷെഡ്ഡാണെന്നാണ് തോന്നിയത്. 
മൂന്ന് ദിവസത്തിനു ശേഷം ഇതേ റോഡിലൂടെ തിരിച്ചു പോകുമ്പോൾ അതേ സ്ഥലത്ത് തരക്കേടില്ലാത്ത ജനക്കൂട്ടവും ആ ഷെഡിനു മുകളിൽ ഒരു ഫ്‌ളെക്‌സ് ബോർഡും കണ്ടു. സമീപത്തേക്ക് പ്രവേശിക്കുന്തോറും ആ ഷെഡ്ഡ് എന്താണെന്ന് വ്യക്തമാവുകയാണ്. 'പ്രതീക്ഷ തട്ടുകട' മെനുവും പ്രൈസ് ബോർഡും കണ്ടപ്പോൾ ഒരു നിമിഷം ഹോണ്ട ആക്ടീവ തട്ടുകടയുടെ പിറകിലുള്ള വയലിനോട് ചാരി നിർത്തി പ്രതീക്ഷയുടെ സമീപത്തേക്ക് ചെന്നു. 


ചിക്കൻ ബിരിയാണി 60 രൂപ, ബീഫ് ബിരിയാണി 50 രൂപ ദോശ 30 രൂപ - ഇതാണ് പ്രധാന വിലവിവര പട്ടിക.
60 രൂപക്ക് വിൽക്കുന്ന ബിരിയാണിയുടെ ബിസിനസ് തന്ത്രം എന്താണെന്ന് തട്ടുകട ഉടമയോട് ചോദിക്കുന്നതിനേക്കാൾ നല്ലത് വാങ്ങി കഴിച്ചു രുചി അറിയുകയാകും. വീട്ടിൽ പാചകം ചെയ്ത ബിരിയാണിയുടെ മണവും രുചിയും. ഹോട്ടലിൽ 120 - 140 രൂപക്ക് വിൽക്കുന്ന ബിരിയാണിയുടെ വിളമ്പൽ കൂടി നോക്കിയാൽ വിലക്കുറവിന്റെ മാജിക് ഏതൊരാളെയും ആശ്ചര്യപ്പെടുത്തും. 
ബിരിയാണി കഴിക്കാൻ നിൽക്കുന്ന ഉപഭോക്താക്കളുടെ നിര കണ്ടു. അവിടെ കൂടിയവരിൽ അധികവും കേട്ടറിഞ്ഞും രുചിച്ചറിഞ്ഞും, പാർസൽ വാങ്ങിക്കൊണ്ടു പോകാനും വീണ്ടും വരുന്നവരാണ്. 'പ്രതീക്ഷയിൽ' എത്തുന്നവർ നിരവധിയാണെന്ന് തട്ട് കട ഉടമ പറയുന്നു. കിലോമീറ്ററോളം ദൂരത്ത് നിന്ന് സ്വന്തം വാഹനത്തിൽ വന്ന് ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ മടങ്ങുന്നവരുമുണ്ട്. പൂർണ്ണമായും വീട്ടിൽ വളർത്തിയ പച്ചക്കറികളും മായം ചേർക്കാത്ത കറിപൗഡറുകളും ഉപയോഗിച്ചാണ് ഇവരുടെ ഭക്ഷണം പാകം ചെയ്യൽ. 
യാത്രക്കാർക്ക് ആശ്വാസം ലഭിക്കുന്ന ഇത്തരം തട്ടുകടകൾ വ്യവസായ, ഗ്രാമ, ഹൈവേ റോഡരികിൽ പെരുകി വരികയാണ്. ആറു മാസം കഴിഞ്ഞ് ഈ റോഡിലൂടെ വീണ്ടും യാത്ര ചെയ്തപ്പോൾ തട്ടുകടകളുടെ എണ്ണം പതിനൊന്നായി ഉയർന്നിരുന്നു. അതായത് ഹോട്ടലിനേക്കാളും വളരുകയാണ് തട്ടുകടകൾ.
കേരളത്തിൽ ഉന്ത് വണ്ടിയിലെ ചായക്കടകളും പെട്ടിക്കടകളും വർഷങ്ങൾക്ക് മുമ്പേ പ്രധാന വ്യവസായ മേഖലകളിൽ സാധരണക്കാരുടെ അംഗീകാരം നേടിയതാണ്. തിരുവനന്തപുരം കോഴിക്കോട്, എറണാകുളം നഗരങ്ങളിൽ ബസ് സ്റ്റാന്റിലും വ്യവസായ മേഖലകളിലും മാത്രം കണ്ടിരുന്ന പെട്ടിക്കടകളുടെ മറ്റൊരു രൂപമാണ് തട്ടുകടകൾ. അത്തരം പെട്ടിക്കടകൾ ഓർഡർ അനുസരിച്ച് പാകം ചെയ്യലാണ് പതിവെങ്കിൽ ഇപ്പോൾ പൂർണ്ണമായും വീടുകളിലെ അടുക്കളയിൽ പാകം ചെയ്ത് കൊണ്ടുവന്ന് വിൽക്കുന്ന രീതിയാണ്. ഹോട്ടലുകളിലെ തീവെട്ടിക്കൊള്ളക്ക് പകരം തട്ടുകട വ്യവസായം ബദൽ ഭക്ഷണ ശാലയായി എല്ലാവരുടെയും സംതൃപ്തി നേടി മുന്നേറുന്നു. 
കോഴിയിറച്ചി, മൽസ്യം, പച്ചക്കറികൾ എന്നിവയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടൽ ഭക്ഷണ വില കുറക്കാറില്ല. ഇന്ധന കമ്പനികളുടേത് പോലെ തീവെട്ടിക്കൊള്ളയുടെ 
കേന്ദ്രമായി ഹോട്ടലുകൾ മാറുന്നു. കോഴി കിലോ 80 രൂപയും, തക്കാളി കിലോ 8 രൂപയും മുരിങ്ങക്കായ ഒഴികെയുള്ള എല്ലാ പച്ചക്കകറികൾക്കും ഇരുപത് രൂപക്ക് താഴെയും ചില്ലറ വിലയുള്ളപ്പോഴാണ് ഹോട്ടൽ ഭക്ഷണ ശാലകളിൽ ഈ സർവേ നടത്തിയത്. ഇതിനു വേണ്ടി അഞ്ച് പ്രധാന ഹോട്ടലും പത്ത് ഓളം തട്ടുകടകളിലെയും വിലയും ഭക്ഷണ മേന്മയും നേരിട്ട് പരിശോധിക്കുകയുണ്ടായി.


120 രൂപക്ക് ബിരിയാണി വിളമ്പിയാൽ പോലും ലാഭമില്ല എന്ന ഹോട്ടൽ ഉടമകളുടെ കണക്കുകൾ കബളിപ്പിക്കലാണെന്ന് മനസ്സിലാക്കാം. ഊണിന് 45 രൂപയാണെങ്കിൽ കിലോ 80 രൂപക്ക് 10 എണ്ണം കിട്ടുന്ന മീഡിയം ഐല വറുത്തതിന് 90 രൂപയും ജി.എസ്.ടിയും കൂട്ടി ബില്ലിട്ട ഹോട്ടലിൽ നിന്നും ഇറങ്ങിയത് ആ ബോർഡ് നോക്കി ഗുഡ്‌ബൈ പറഞ്ഞുകൊണ്ടാണ്.
പിറ്റേ ദിവസം തട്ടുകടയിൽ നിന്നും ഊണിനും ഐല വറുത്തതിനും കൂടി ചോദിച്ചത് 50 രൂപ മാത്രം. 30 രൂപ ഊണിനും 20 മീൻ വറുത്തതിനും മാത്രമല്ല മീൻകറിയും പച്ചക്കറിയും ഉപ്പേരിയും അച്ചാറും മോരും രസവുമെല്ലാം ആവശ്യത്തിന് കിട്ടുന്നുമുണ്ട്. വാടക, വൈദ്യുതി, ശമ്പളം ഇതെല്ലം തട്ടുകടകളെ സംബന്ധിച്ചടത്തോളം വളരെ കുറവാണെങ്കിലും ഹോട്ടലുകളുടെ ലാഭം വെച്ച് നോക്കുമ്പോൾ ഹോട്ടൽ വ്യവസായത്തെ ന്യായീകരിക്കാൻ കഴിയില്ല. 
റെയിൽവേ സ്‌റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമിലെ ഭക്ഷണശാലകളിൽ വില വിവര പട്ടികയോടൊപ്പം ചായയുടെയും പലഹാരങ്ങളുടയും അളവും തൂക്കവും രേഖപ്പെടുത്തിയത് കാണാം. എറണാകുളം സൗത്ത് സ്‌റ്റേഷന് സമീപമുള്ള ഒരു പ്രമുഖ ഹോട്ടലിലെ പൊറാട്ടയുടെ വലിപ്പവും തൂക്കവും കണ്ടപ്പോൾ അതിശയം തോന്നി. ആ മാതിരി പൊറാട്ട എട്ട് എണ്ണം കഴിക്കുന്നതും സൗത്ത് കളമശ്ശേരിയിലെ സായാഹ്‌ന തട്ടുകടയിൽ നിന്നും മൂന്ന് പൊറാട്ട വാങ്ങി കഴിക്കുന്നതും തുല്യം. വിലയും സമാസമം. 
ഇതാണ് ഹോട്ടലുകളെ മാറ്റി നിറുത്താൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം. കേരളത്തിൽ പ്രധാന നഗരങ്ങളിൽ ആധുനിക രീതിയിലുള്ള തട്ടുകടകളുടെ സാധ്യത കൂടിവരുന്നതായി തെളിയുന്നു. ഒന്നാമത്തെ കാരണം പൂർണ്ണമായും ജൈവ വളങ്ങൾ ഉപയോഗിച്ച് വിഷാംശരഹിത ഭക്ഷണം തട്ടുകടകളിൽ കിട്ടുമെന്ന വിശ്വാസം. രണ്ടാമത് വിലക്കുറവ്. ഇത് രണ്ടും ഇപ്പോൾ ജനങ്ങളുടെ ഒഴിവാക്കാൻ കഴിയാത്ത ചിന്തയാണ്.
തട്ടുകടകളുടെ പേരിലുമുണ്ട് ഗ്രാമീണത. പ്രതീക്ഷ, ഭാഗ്യം, ബിരിയാണി ഹൗസ് തുടങ്ങിയ നാടൻ പേരുകളിൽ അറിയപ്പെടുന്ന നാടൻ ഭക്ഷണ ശാലകൾ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വർധിച്ചു വരുന്നത് വിലക്കയറ്റത്തിൽ വിയർക്കുന്നവർക്ക് തണലാണ്. ദിവസം 20,000 രൂപ വരെ വിൽപനയുള്ള തട്ടുകടകൾ നഗരങ്ങളിൽ സ്വയം തൊഴിൽ വ്യവസായമായി നല്ല നിലയിൽ നടത്തിപ്പോകുന്നു. കേരളത്തിൽ ലോ പ്രൈസ് ബിരിയാണി ഹൗസുകളുടെ കാലമാണ് ഇനി വരാൻ പോകുന്നത്.

 

Latest News