റോബോട്ടിൽ മാപ്പിംഗ് റഡാർ കാമറകൾ
മക്ക- വിശുദ്ധ ഹറമിൽ അണു നശീകരണ ജോലികൾക്ക് 70 സംഘങ്ങളും റോബോട്ടുകളും പ്രവർത്തനം തുടങ്ങി. 11 റോബോട്ടുകളാണ് ഹറംകാര്യ വകുപ്പ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ അണുവിമുക്തമാക്കുന്ന സ്ഥലമായി വിശുദ്ധ ഹറം മാറിയിട്ടുണ്ട്.
അണു നശീകരണ ജോലികൾക്ക് 70 ലേറെ സംഘങ്ങളെയും ഹറമിൽ നിയോഗിച്ചിട്ടുണ്ട്. ഈ സംഘങ്ങളിൽ ആകെ 700 ലേറെ ജീവനക്കാരും 100 ലേറെ സൂപ്പർവൈസർമാരും അടങ്ങിയിരിക്കുന്നു. ഹറമിന്റെ മുക്കുമൂലകളും മുറ്റങ്ങളും ടോയ്‌ലെറ്റുകളും അണുവിമുക്തമാക്കാൻ ഇരുപത്തിനാലു മണിക്കൂറും ഇവർ പ്രവർത്തിക്കുന്നു.
പ്രീ-മാപ്പിൽ പ്രോഗ്രാം ചെയ്ത ഒരു ഓട്ടോമേറ്റഡ് കൺട്രോൾ സിസ്റ്റം വഴിയാണ് റോബോട്ടുകൾ ഹറമിൽ അണു നശീകരണ ജോലികൾ നടത്തുന്നത്. മനുഷ്യ ഇടപെടലുകൾ കൂടാതെ അഞ്ചു മുതൽ എട്ടു മണിക്കൂർ വരെ റോബോട്ടുകൾ പ്രവർത്തിക്കും. ഓരോ റോബോട്ടിലും 23.8 ലിറ്റർ അണു നശീകരണി സൂക്ഷിക്കാൻ ശേഷിയുണ്ട്. മണിക്കൂറിൽ രണ്ടു ലിറ്റർ അണു നശീകരണിയാണ് റോബോട്ട് ഉപയോഗിക്കുക. ഓരോ റൗണ്ടിലും 600 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്ത് റോബോട്ടുകൾ ബാക്ടീരിയകളെ ഇല്ലാതാക്കും.
അണു നശീകരണ പ്രക്രിയയിൽ ഉപയോഗിക്കുന്ന കണങ്ങളുടെ വലിപ്പം അഞ്ചു മുതൽ പതിനഞ്ചു വരെ മൈക്രോ മീറ്ററാണ്. പത്തു മീറ്റർ വരെ ദൂരെയുള്ള പ്രതിബന്ധങ്ങൾ കണ്ടെത്താൻ റോബോട്ടുകൾക്ക് സാധിക്കും. ഉയർന്ന നിലവാരമുള്ള മാപ്പിംഗ് റഡാർ അടങ്ങിയ ക്യാമറ റോബോട്ടിലുണ്ട്. യൂറോപ്യൻ ക്വാളിറ്റി അംഗീകാര സർട്ടിഫിക്കറ്റ് (സി.ഇ) അടക്കം ഏതാനും അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകൾ റോബോട്ട് നേടിയിട്ടുണ്ട്. ഇത്തവണ ഇതുവരെ ഉംറ തീർഥാടകർക്കിടയിൽ പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.