സോളങ്കിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റലും അഹമ്മദാബാദിലെ ആവർത്തിച്ചുള്ള വർഗീയ സംഘർഷവും കോൺഗ്രസ് കാലത്തെ പതിവ് തലവാചകങ്ങളായിരുന്നു. കോൺഗ്രസിന് ഇപ്പോഴും പ്രതീക്ഷയ്ക്ക് വക നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇടഞ്ഞു നിൽക്കുന്ന ഹർദിക് പട്ടേൽ ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ജിഗ്‌നേഷ് മേവാനിക്ക് നീതി ഉറപ്പാക്കുക എന്നീ രണ്ടു കാര്യങ്ങളാണ് ഇതിനായി നേതൃത്വം ചെയ്യേണ്ടത്.
ഗുജറാത്ത് പരീക്ഷണ ശാലയായത് പുതിയ നൂറ്റാണ്ട് പിറന്ന ശേഷമാണ്. ഗുജറാത്തിലെ എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് ദേശീയ രാഷ്ട്രീയ നേതൃത്വം അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നുണ്ടോയെന്നതിൽ സംശയമുണ്ട്. ഈ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതിൽ നിയമത്തിന്റെ ദുരുപയോഗം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നിശിത വിമർശകനാണ് മേവാനി. അദ്ദേഹത്തെ കഴിഞ്ഞ ദിവസം അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയുണ്ടായി. മേവാനി പുറത്തിറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്നാണ് വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ട്വീറ്റ് ചെയ്തു എന്നാരോപിച്ചാണ് ആദ്യം കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. അസമിലെ ബിജെപി നേതാവ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. നീതി നിർവഹണം ഒട്ടും വൈകാതിരിക്കാൻ വിമാനത്തിലാണ് എംഎൽഎയെ പോലീസ് അസമിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ചയാണ് മേവാനിക്ക് അസം കോടതി ഈ കേസിൽ ജാമ്യം അനുവദിച്ചത്. തൊട്ടുപിന്നാലെ അസമിലെ ബാർപേട്ട പോലീസെത്തി മറ്റൊരു കേസിൽ മേവാനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ സാധിക്കില്ല. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്നാരോപിച്ചാണ് പുതിയ കേസ്.
അസമിലെ കൊക്രാജറിലുള്ള പ്രാദേശിക ബിജെപി നേതാവിന്റെ പരാതിയിലാണ് മേവാനിയെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ വിരോധം വെച്ചാണ് കേസെടുക്കുന്നതെന്നായിരുന്നു മേവാനിയുടെ പ്രതികരണം. ബിജെപിയും ആർഎസ്എസും നടത്തുന്ന ഗൂഢാലോചനയാണിത്. തന്റെ പ്രതിഛായ ഇല്ലാതാക്കാനാണ് ശ്രമം. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് നീക്കങ്ങൾ. രോഹിത് വെമുലയോടും ചന്ദ്രശേഖർ ആസാദിനോടും ചെയ്തത് തന്നെയാണ് തന്നോടും ചെയ്യുന്നതെന്നും മേവാനി പറഞ്ഞിരുന്നു. മേവാനിയുടെ ട്വീറ്റിൽ മോഡി ഗോദ്‌സെയുടെ ആരാധകനാണെന്ന് പറഞ്ഞിരുന്നു. ഗുജറാത്തിലെ വെരാവൽ പട്ടണം ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നാണ്. ഇവിടെ ധാരാളം സൂഫി ദർഗകളുണ്ട്. ഇതിലൊന്നിൽ കയറി നിന്നും ഈ വർഷം നവമി ആഘോഷിച്ചിരുന്നു. കുറെകാലമായി സമാധാനപരമായി കഴിഞ്ഞിരുന്ന വെരാവലിൽ അശാന്തിയുടെ വിത്ത് വിതച്ചത് ഈ സംഭവമാണ്. അടുത്തിടെയുണ്ടായ സാമുദായിക സംഘർഷ സീസൺ ഒമ്പത് സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഗുജറാത്തും അതിലുൾപ്പെട്ടത് വെരാവലിലെ കുഴപ്പത്തിന്റെ പേരിലാണ്. മേവാനിയുടെ ട്വീറ്റിൽ ഇതു കൂടി പറഞ്ഞു: ഗുജറാത്തിലെ വെരാവൽ പോലുള്ള സ്ഥലങ്ങളിലെ സംഘർഷത്തിന് അറുതി വരുത്താൻ പ്രധാനമന്ത്രി മോഡി ഇടപെടണം. ഇക്കാര്യം ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് അസം പോലീസ് ഗുജറാത്തിലെത്തി രായ്ക്കുരാമാനം എംഎൽഎയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ഇന്ത്യൻ ശിക്ഷാ നിയമം 295 ാം വകുപ്പ് പ്രകാരം മതവികാരം വ്രണപ്പെടുത്തി, സാമുദായിക ഭിന്നതയുണ്ടാക്കി, പ്രകോപനപരമായ പരാമർശങ്ങൾ നടത്തി എന്നതൊക്കെയായിരുന്നു എംഎൽഎക്കെതിരെയുള്ള കുറ്റം. അറസ്റ്റിന് ആസ്പദമായി ചൂണ്ടിക്കാട്ടിയ ട്വീറ്റിൽ ഒരിടത്തും സമുദായങ്ങളെ അകറ്റുന്ന ഒരു പരാമർശവുമില്ല.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ പാലൻപുരിൽ വെച്ചായിരുന്നു അറസ്റ്റ്. അസമിലെ കൊക്രാജറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവായ അനൂപ് കുമർ ദെ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. ആളുകളെ ഭിന്നിപ്പിക്കുന്നതും എപ്പോഴും നരേന്ദ്ര മോഡിയെ വിമർശിക്കുന്നതുമാണ് പോസ്റ്റുകൾ എന്ന് ഇയാൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയവുമായി ബന്ധപ്പെട്ട കുറ്റകൃത്യം, മതവികാരം വ്രണപ്പെടുത്തൽ, സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രകോപനം എന്നീ കുറ്റങ്ങളാണ് ജിഗ്‌നേഷിനെതിരെ ചുമത്തിയിരുന്നത്. അസമിലെ കൊക്രജർ പോലീസിൽ ഗുജറാത്തിൽ അധികാര പരിധിയുണ്ടോയെന്നതാണ് പരിശോധിക്കേണ്ട മറ്റൊരു കാര്യം. സാധാരണ ഗതിയിൽ ഗുജറാത്ത് പോലീസ് തന്നെ നോക്കേണ്ട കേസാണിത്. അസം പോലീസിന്റെ ന്യായം എം.എൽ.എയുടേത് ട്വീറ്റായതിനാൽ ഇന്റർനെറ്റിലൂടെ ലോകത്ത് എവിടെയും കിട്ടും. ഏതായാലും ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. ക്രിമിനൽ നടപടി ക്രമത്തിന്റെ ദുരുപോയഗമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് നിസ്സംശയം പറയാം.
പരാതി ലഭിച്ച് 24 മണിക്കൂറിനകം ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. വിമത സ്വരം ഉയർത്തുന്നവരെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് മോഡിയുടെ ശ്രമം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കുമെന്ന് മേവാനി നേരത്തെ പറഞ്ഞിരുന്നു. ഉടൻ തന്നെ അദ്ദേഹം കോൺഗ്രസിൽ ഔദ്യോഗികമായി ചേരും. ജിഗ്‌നേഷിനും പാർട്ടിയിൽ സുപ്രധാന ചുമതല നൽകിയേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഗുജറാത്തിൽ വലിയ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. വോട്ട് വിഹിതം 40 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ട് നീങ്ങാനാണ് നേതൃത്വം ഒരുങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ പ്രചാരണങ്ങളും കോൺഗ്രസിന് സംസ്ഥാനത്ത് വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേൽ സമുദായത്തെ ഒപ്പം നിർത്തുന്നതിനോടൊപ്പം തന്നെ ആദിവാസി, ഒബിസി വിഭാഗങ്ങളുമായെല്ലാം രാഹുൽ നിരന്തരം ബന്ധപ്പെട്ടു. 2019 ൽ പാർട്ടിയിൽ എത്തിയ ഹർദിക് പട്ടേലിനെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആയി നേതൃത്വം നിയമിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വിമർശനമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ഹർദിക് പട്ടേൽ ഉയർത്തുന്നത്. തനിക്ക് സംസ്ഥാന നേതൃത്വവുമായി മാത്രമാണ് അതൃപ്തിയെന്നും ദേശീയ നേതൃത്വവുമായി യാതൊരു തർക്കവും ഇല്ലെന്നും ഹർദിക് പറയുന്നു. താൻ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റാണ്. എന്നാൽ അത്തരത്തിൽ യാതൊരു ഉത്തരവാദിത്തവും നൽകാനോ തന്നെ കേൾക്കാനോ പാർട്ടി നേതാക്കൾ തയാറാകുന്നില്ലെന്നും ഹർദിക് വിമർശിക്കുന്നു.
മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ഗുജറാത്ത് കടക്കുമ്പോൾ കോൺഗ്രസിന് നേരത്തേയുള്ള അംഗബലമില്ല. പാർട്ടിയിൽ ശക്തരായ നേതാക്കളെ കൊണ്ടുവന്ന് ബിജെപിക്ക് കനത്ത തിരിച്ചടി നൽകാനാണ് കോൺഗ്രസ് ഹൈക്കമാന്റ് ലക്ഷ്യം വെക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് മോഡിയുടെ നാട്ടിൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിച്ചാൽ അത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നും കോൺഗ്രസ് കണക്കു കൂട്ടുന്നുണ്ട്.
കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി ശക്തരായ നേതാക്കളുടെ അഭാവമാണ്. അഹമ്മദ് പട്ടേലിനെ പോലെ ശക്തനായൊരു നേതാവിന്റെ അഭാവം സംസ്ഥാനത്ത് പ്രവർത്തകർക്കിടയിൽ ആവേശം കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 77 ഇടത്തായിരുന്നു കോൺഗ്രസ് ജയിച്ചത്. എട്ട് സീറ്റുകളിൽ 1000 ത്തിൽ താഴെയായിരുന്നു മാർജിൻ. അടുത്ത കാലത്തെ യു.പി തെരഞ്ഞെടുപ്പിലെ പെർഫോമൻസുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ ഭേദം. ജിഗ്‌നേഷ് മേവാനി, ഹർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ കൂട്ടുകെട്ട് കോൺഗ്രസിന് മുന്നേറ്റം ഉണ്ടാക്കുന്നതിൽ നിർണായക ഘടകങ്ങളായി. സൗരാഷ്ട്ര, കച്ച് മേഖലകളിൽ കോൺഗ്രസിന് കൂറ്റൻ ലീഡ് നേടാൻ സാധിച്ചിരുന്നു.
1984 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ വേളയിൽ അഹമ്മദ് പട്ടേലെന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് പാർലമെന്റിലെത്തിയത് രാജ്യസഭാ സ്ഥാനാർഥിയായിട്ടല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുകയായിരുന്നു. കോൺഗ്രസ് മൃദു ഹിന്ദുത്വം പരീക്ഷിക്കാൻ തുടങ്ങിയപ്പോൾ അഹമ്മദ് പട്ടേലിനെ പോലുള്ളവരെ സ്‌റ്റേജിനടുത്ത് കാണരുതെന്ന് വരെയായി. അത് പോട്ടെ, തെക്കേ ഇന്ത്യയിലെ ആന്ധ്രാ പ്രദേശ് പോലെ ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തിദുർഗമായിരുന്നു ഗുജറാത്ത്. കൂടപ്പിറപ്പായ ഗ്രൂപ്പ് പോരും മുടങ്ങാതെ കൂട്ടിനുണ്ടായിരുന്നു. സോളങ്കിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റലും അഹമ്മദാബാദിലെ ആവർത്തിച്ചുള്ള വർഗീയ സംഘർഷവും കോൺഗ്രസ് കാലത്തെ പതിവ് തലവാചകങ്ങളായിരുന്നു. കോൺഗ്രസിന് ഇപ്പോഴും പ്രതീക്ഷയ്ക്ക് വക നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇടഞ്ഞു നിൽക്കുന്ന ഹർദിക് പട്ടേൽ ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ജിഗ്‌നേഷ് മേവാനിക്ക് നീതി ഉറപ്പാക്കുക എന്നീ രണ്ടു കാര്യങ്ങളാണ് ഇതിനായി നേതൃത്വം ചെയ്യേണ്ടത്.