Sorry, you need to enable JavaScript to visit this website.

ഷാർജയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ

ഷാർജ- ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഇന്തോനേഷ്യൻ വീട്ടു ജോലിക്കാരിക്ക് ഷാർജ ശരീഅ കോടതി വധശിക്ഷ വിധിച്ചു. 2016ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വീട്ടുടമ ഈസ അൽ മംസിയുടെ ഒമ്പതു മാസം പ്രായമുള്ള മകൾ സൽമ അൽ മംസിയെയാണ് 30കാരിയായ വേലക്കാരി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചും നിലത്തിട്ടും മർദ്ദനമേറ്റ കുഞ്ഞ് രണ്ടാഴ്ചയോളം ആശുപത്രിയിൽ കോമയിൽ കിടന്ന ശേഷമാണ് മരിച്ചത്. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റിരുന്നുവെന്നും തലച്ചോറിലെ ബ്ലീഡിംഗ് തടയാൻ വേണ്ടി ശസ്ത്രക്രിയ ചെയ്തിരുന്നുവെന്നും അൽ ഖാസിമി ഹോസ്പിറ്റലിൽ കുഞ്ഞിനെ പരിശോധിച്ച ഡോ. സതീഷ് കൃഷ്ണൻ പറയുന്നു.

കേസിൽ 2017 ജനുവരി 18നാണ് കോടതി വിചാരണ ആരംഭിച്ചത്. പ്രതിയായ വീട്ടുജോലിക്കാരി കുഞ്ഞിനെ അടിച്ചിരുന്നെന്നും നിലത്തെറിഞ്ഞിരുന്നെന്നും വടി കൊണ്ട് മർദ്ദിച്ചിരുന്നെന്നും മാതാപിതാക്കൾ കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന പ്രൊസിക്യൂഷൻ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു. അബുദബിയിലെ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥനാണ് കുഞ്ഞിന്റെ പിതാവ് ഈസ അൽ മംസി. കൊല്ലപ്പെട്ട സൽമയുടെ ഇരട്ട സഹോദരി ജനിച്ച് 12 ദിവസങ്ങൾക്കു ശേഷം മരണപ്പെട്ടിരുന്നു.
 

Latest News