കണ്ണൂര്‍- സജീവ രാഷ്ടീയം ഉപേക്ഷിക്കാനൊരുങ്ങി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജെയിംസ് മാത്യു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ഘടകത്തില്‍ തുടരണമെന്ന പാര്‍ട്ടി നിര്‍ദേശം നല്‍കിയെങ്കിലും ജെയിംസ് മാത്യു ഇത് അംഗീകരിക്കാന്‍ തയറായില്ല. ഇന്ന് രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും.
സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ നേതാക്കളില്‍ പ്രധാനിയാണ് ജെയിംസ് മാത്യു. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ തുടരുന്നില്ല എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി ഒഴിവാക്കിയിരുന്നു.നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനാണ് വിട നല്‍കുന്നത്. എസ്എഫ്‌ഐയുടെ സംസ്ഥാന അഖിലേന്ത്യ തലങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിയാണ് ജെയിംസ് മാത്യു. ഇരിക്കൂറില്‍ നിന്ന് 1987, 2006 വര്‍ഷങ്ങളില്‍ മത്സരിച്ച ജെയിംസ് മാത്യു തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് 2011 ലും 2016 ലും നിയമസഭയിലെത്തി.