Sorry, you need to enable JavaScript to visit this website.

ഉംറ യാത്രക്ക് ചെലവ് കുറക്കാന്‍ സൗദികള്‍ ജിദ്ദയിലെത്തുന്നത് അയല്‍രാജ്യങ്ങള്‍ വഴി

റിയാദ്- ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതോടെ ഉത്തര സൗദിയിലും കിഴക്കന്‍ സൗദിയിലുമുള്ളവര്‍ ജിദ്ദയിലേക്ക് പോകുന്നത്  അയല്‍ രാജ്യങ്ങളിലേക്ക് പോയ ശേഷം. വിശുദ്ധ റമദാനില്‍ ഉംറ കര്‍മം നിര്‍വഹിക്കാനാണ് ഇവര്‍ ഈ വഴി ആശ്രയിക്കുന്നത്. കര മാര്‍ഗം ജോര്‍ദാനിലും കുവൈത്തിലും ബഹ്‌റൈനിലും എത്തിയ ശേഷം ഈ രാജ്യങ്ങളുടെ വിമാന കമ്പനികളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ജിദ്ദ യാത്ര തരപ്പെടുത്തുകയാണ് ചെയ്യുന്നത്.
സൗദിയില്‍ സ്വകാര്യ, സര്‍ക്കാര്‍ വിമാന കമ്പനികള്‍ ആഭ്യന്തര ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരിക്കയാണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് വിമാന സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ നിരക്ക് വര്‍ധനവില്‍ ആവലാതിപ്പെടുന്നു. ഉത്തര സൗദിയില്‍ ജോര്‍ദാനു സമീപമുള്ള ഖുറയ്യാത്തിലെയും തുറൈഫിലെയും നിവാസികളില്‍ ചിലര്‍ ജോര്‍ദാന്‍ വഴി ജിദ്ദയിലേക്ക് പോകാന്‍ ഇപ്പോള്‍ താല്‍പര്യം കാണിക്കുകയാണ്. അമ്മാന്‍ എയര്‍പോര്‍ട്ടിലേക്ക് ഖുറയ്യാത്തില്‍ നിന്ന് 100 കിലോമീറ്ററും തുറൈഫില്‍ നിന്ന് 240 കിലോമീറ്ററും മാത്രമാണ് ദൂരമുള്ളത്.
ഉത്തര സൗദിയില്‍ നിന്ന് ജിദ്ദയിലേക്ക് സൗദി വിമാന കമ്പനികള്‍ ഈടാക്കുന്ന ടിക്കറ്റ് നിരക്കുകളും ജോര്‍ദാന്‍ വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്കുകളും തമ്മില്‍ ഇരട്ടിയിലേറെ അന്തരമുണ്ട്. ഖുറയ്യാത്തില്‍ നിന്ന് ജിദ്ദയിലേക്ക് ഇക്കോണമി ക്ലാസില്‍ വണ്‍വേ ടിക്കറ്റ് നിരക്ക് 1,200 റിയാലാണ്. എന്നാല്‍ ജിദ്ദയില്‍ നിന്ന് ജോര്‍ദാനിലേക്ക് ടിക്കറ്റ് നിരക്ക് 400 റിയാല്‍ മുതല്‍ 600 റിയാല്‍ വരെ മാത്രമാണ്.
പ്രാദേശിക വിമാന കമ്പനിയില്‍ നിന്ന് 1,300 റിയാലിന് ടിക്കറ്റ് വാങ്ങുന്നതിനു പകരം റിയാദില്‍ നിന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്ക് ജോര്‍ദാന്‍ വിമാന കമ്പനിയില്‍ 420 റിയാലിന് ടിക്കറ്റ് ബുക്ക് ചെയ്ത് അമ്മാനില്‍ നിന്ന് കര മാര്‍ഗം തുറൈഫിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് സൗദി പൗരന്മാരില്‍ ഒരാള്‍ പറഞ്ഞു. കുവൈത്തിനും ബഹ്‌റൈനും സമീപമുള്ള സൗദി നഗരങ്ങളില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും ഈ രാജ്യങ്ങളില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും തമ്മിലുള്ള അന്തരം ഭീമമാണെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറയുന്നു.
ആഭ്യന്തര ടിക്കറ്റ് നിരക്ക് വര്‍ധന കാരണം ദമാം, അല്‍കോബാര്‍, ദഹ്‌റാന്‍ എന്നിവിടങ്ങളിലെ നിവാസികള്‍ ഉംറ നിര്‍വഹിക്കാന്‍ ജിദ്ദ വഴി മക്കയിലേക്ക് പോകാന്‍ മനാമ എയര്‍പോര്‍ട്ടാണ് ആശ്രയിക്കുന്നതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു.
മനാമയില്‍ നിന്ന് ജിദ്ദയിലേക്ക് റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 1,321 റിയാലാണ്. എന്നാല്‍ ദമാമില്‍ നിന്ന് ജിദ്ദയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 1,770 റിയാലാണ് സൗദി വിമാന കമ്പനികള്‍ ഈടാക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. കുവൈത്തിനു സമീപമുള്ള ഹഫര്‍ അല്‍ബാത്തിനില്‍ നിന്ന് ജിദ്ദയിലേക്ക് റിട്ടേണ്‍ ടിക്കറ്റ് 2,300 റിയാലാണ് സൗദി കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ കുവൈത്തില്‍ നിന്ന് ജിദ്ദയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് കുവൈത്ത് വിമാന കമ്പനികള്‍ ഈടാക്കുന്നത് 1,030 റിയാല്‍ മാത്രമാണെന്നും സൗദി പൗരന്‍ മിശ്അല്‍ അല്‍ശമ്മരി പറഞ്ഞു.
സൗദിയില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്ന ചുമതല ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അതോറിറ്റി ഇടപെടുന്നില്ല. ആവശ്യത്തിനും ലഭ്യതക്കും അനുസൃതമായാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. എന്നാല്‍ സമീപ കാലത്ത് യുക്തിസഹമല്ലാത്ത നിലയില്‍ ടിക്കറ്റ് നിരക്കുകള്‍ കമ്പനികള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നെന്ന് യാത്രക്കാരും വിദഗ്ധരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഒരുപോലെ പറയുന്നു.  ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രാജ്യമായ സൗദിയില്‍ ദീര്‍ഘ യാത്രകള്‍ക്ക് മുഖ്യമായും ആശ്രയിക്കുന്നത് വിമാനങ്ങളെയാണ്.

 

Latest News