Sorry, you need to enable JavaScript to visit this website.

പ്രതിയെ ഒളിപ്പിച്ച സംഭവം; സി.പി.എം-ആർ.എസ്.എസ് അന്തർധാരയുടെ ഭാഗം- അഡ്വ.മാർട്ടിൻ ജോർജ് 

ഡി.സി.സി നേതൃത്വത്തിൽ പിണറായി ബസാറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡി.ഡി.സി പ്രസിഡന്റ്  അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി- കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ച വീട്ടുടമ പ്രശാന്തനും ഭാര്യ രേഷ്മയും ഏത് പാർട്ടിക്കാരാണെന്ന് പോലും  തിരിച്ചറിയാൻ  സാധിക്കാത്ത അവസ്ഥയാണെന്നും ഇതിന് കാരണം സി.പി.എമ്മും ആർ.എസ്.എസും  തമ്മിലുള്ള  അന്തർധാരയാണെന്നും ഡി.ഡി.സി പ്രസിഡന്റ്  അഡ്വ.മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി. കൊലയാളിക്ക് പോലും സംരക്ഷണം ഒരുക്കുന്ന വിധത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സി.പി.എം-ആർ.എസ്.എസ് ധാരണ ശക്തിപ്പെടുന്നതായി ആരോപിച്ച് പിണറായി ബസാറിൽ ഡി.സി.സി നേതൃത്വത്തിൽ സംഘടിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർട്ടിൻ ജോർജ്.

പിണറായിയുടെ വീട്ടിനുള്ള സുരക്ഷയെ മറികടന്ന് അയൽപക്കത്ത് കൊലപാതക കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞതിനെക്കുറിച്ച് വളരെ വിശദമായി അന്വേഷണം നടത്തണം. പ്രതി ഒളിവിൽ കഴിഞ്ഞ വീട്ടുടമസ്ഥൻ പ്രശാന്തൻ സി.പി.എം പ്രവർത്തകനാണെന്ന് എല്ലാവർക്കും അറിയാം. ഇവിടെയുള്ള ബ്രാഞ്ച് സെക്രട്ടറി പോലും പ്രശാന്തും കുടുംബവും സി.പി.എം കാരാണെന്ന് പറഞ്ഞത് പൊതുജനങ്ങൾ കേട്ടതാണ്. എന്നാൽ പ്രശാന്തനും രേഷ്മയുമുൾപ്പെടെയുള്ള അവരുടെ കുടുംബം മുഴുവനും ആർ.എസ്.എസാണെന്ന് എം.വി ജയരാജൻ ഇപ്പോൾ വിളിച്ച് പറയുകയാണ്. രേഷ്മയെക്കുറിച്ച് വളരെ മോശപ്പെട്ട നിലയിലുള്ള അപവാദം പറയുന്ന എം.വി ജയരാജന് ഇത് പറയാനുള്ള യോഗ്യതയെന്താണ്. ഒരു സ്ത്രീയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഇത് തീർത്തും അപലപനീയമാണ്. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിച്ചാലും  മാന്യമായി സംസാരിക്കാനറിയാത്തവരെ ആരും തന്നെ അംഗീകരിക്കില്ലെന്നും മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി.

  കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വീടിന് സമീപം ബോംബേറ് നടന്നിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് കാണിക്കുന്നത.് ഇത് വെള്ളരിക്കാപട്ടണമാണോ. രേഷ്മയുടെ വീടിന് ബോംബെറിഞ്ഞിട്ട് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. ഇത്രയും സുരക്ഷയുള്ള മേഖലയിൽ ഒരു കൊടും ക്രിമിനലിനെ താമസിപ്പിച്ചതാരെന്ന് കണ്ടെത്തണം. ആർ.എസ്.എസും  സി.പി.എമ്മും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമാണ്. കെ.ടി ജയകൃഷ്ണൻ കൊലപാതക കേസ് പോലും സി.പി.എമ്മും ആർ.എസ്.എസും അഡ്ജസ്‌മെന്റ് ചെയ്തു കഴിഞ്ഞു. കൊലപാതകികളെ സംരക്ഷിക്കുന്ന നടപടിയും കൊണ്ട് സി.പി.എം മുന്നോട്ട് പോകുകയാണ്. എം.വി ജയരാജൻ ഓരോ ദിവസവും പലതും പറഞ്ഞ് ആടിനെ പട്ടിയാക്കുകയാണ്. സി.പി.എം -ബി.ജെ.പി അഡ്ജസ്റ്റ്‌മെന്റ് രാഷട്രീയത്തിനെതിരെ പൊതുജന പ്രതിഷേധം ഉയർന്ന് വരും. വീട് ബോംബെറിഞ്ഞ പ്രതികളെ ഉടൻ വെളിച്ചത്ത് കൊണ്ട് വരണം. പ്രതിക്ക് ഭക്ഷണം എത്തിച്ച് കൊടുത്തവരെയും  പ്രതിക്ക് താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ പോലീസ് തയ്യാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
രേഷ്മയെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകമാണ് വീടിന് ബോംബേറ് നടന്നത.് ഇത്രയും വേഗം ബോംബ് എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് അന്വേഷിക്കണമെന്നും ബോംബെറിയുന്ന സമയത്ത് മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ പോലീസ് പിക്കറ്റ് പോസ്റ്റ് മാറ്റിക്കൊടുത്തതെന്തിനാണെന്നു വ്യക്തമാക്കണമെന്ന് കെ.പി.സി.സി മുൻ ജന.സെക്രട്ടറി വി.എ നാരായണൻ ആവശ്യപ്പെട്ടു. 
വി.എൻ പുരുഷോത്തമൻ അധ്യക്ഷനായി. ഡി.സി.സി ജന.സെക്രട്ടറി മുഹമ്മദ് ഫൈസൽ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി എന്നിവരും സംസാരിച്ചു.

Latest News