കേപ്ടൗൺ- ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയതിന് അച്ചടക്ക നടപടി നേരിടുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാണർക്കും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. ക്രിക്കറ്റ് താരങ്ങളും ആരാധകരും ഈ ആവശ്യവുമായി രംഗത്തെത്തി. അതേസമയം, സ്മിത്തിനും വാണർക്കും പുറമെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെയും നടപടി വേണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ നായകൻ നാസർ ഹുസൈൻ ആവശ്യപ്പെട്ടു. പന്ത് ചുരണ്ടൽ ക്രിക്കറ്റിൽ സാധാരണമാണെങ്കിലും ഇത്തരത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള നടപടികളുണ്ടാകാറില്ലെന്ന് നാസർ ഹുസൈൻ പറഞ്ഞു. ഡെയ്‌ലി മെയിലിൽ എഴുതിയ ലേഖനത്തിലാണ് നാസർ ഹുസൈൻ ഇക്കാര്യം പറഞ്ഞത്. കേപ്ടൗണിൽ ഓസീസ് സ്വീകരിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യമാണ്. ഇതിനെ വിശേഷിപ്പിക്കാൻ മറ്റു വാക്കുകളില്ല. ക്രിക്കറ്റിലെ ഏറ്റവും മോശമായ ജോലിയാണ് കാമറൂൺ ബെൻക്രാഫ്റ്റ് ചെയ്തതെന്നും നാസർ ഹുസൈൻ പറഞ്ഞു.
പന്തിൽ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച സ്മിത്തിനെ ഒരു മാച്ചിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴയിടുകയും ചെയ്തിരുന്നു. കളിക്കളത്തിലെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഇരുവർക്കുമെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം നടത്തി വരികയാണ്. ശക്തമായ നിലപാടുളള ഓസീസ് അധികൃതർ അന്വേഷണം പൂർത്തിയായ ശേഷം രണ്ടു താരങ്ങൾക്കും ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.
ഗുരുതരമായ ചട്ടലംഘനങ്ങൾക്ക് ആജിവനാന്ത വിലക്കാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് നിയമം. പന്തിൽ കൃത്രിമം കാട്ടിയത് ഗുരുതരമായ കളിനിയമ ലംഘനമാണ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അച്ചടക്ക സമിതി മേധാവി ഇയാൻ റോയ്, ടീം പെർഫോമൻസ് മാനേജർ പാറ്റ് ഹൊവാഡ് എന്നിവർ ദക്ഷിണാഫ്രിക്കയിലെത്തി താരങ്ങളെയും കോച്ചിനേയും ചോദ്യം ചെയ്തിരുന്നു. ഇവർ അന്വേഷണം പൂർത്തിയാക്കിയ ശേഷം കുറ്റത്തിനുള്ള ശിക്ഷ ശുപാർശ ചെയ്യും. ഈ റിപ്പോർട്ടിൻമേൽ ഒരു സ്വതന്ത്ര കമ്മീഷണർ വാദം കേട്ട ശേഷമായിരിക്കും പിഴയുടെ കാഠിന്യം തീരുമാനിക്കുക. പെരുമാറ്റച്ചട്ട ലംഘനത്തിന് ലഭിക്കുന്ന പരമാവധി പിഴ ആജിവനാന്ത വിലക്കാണ്.