Sorry, you need to enable JavaScript to visit this website.

കേസ് നടത്താൻ സംഘ്പരിവാർ സഹായിച്ചു -ഹാദിയയുടെ അച്ഛൻ

കോട്ടയം -  മകൾക്ക്  വേണ്ടിയുള്ള കേസ് നടത്തിപ്പിൽ സംഘപരിവാർ സംഘടനകളുടെ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി പിതാവ് അശോകന്റെ വെളിപ്പെടുത്തൽ. സുപ്രീം കോടതിയിൽ അഭിഭാഷകരുടെ കമ്പനിയാണ് കേസ് നടത്തിയത്. കേസ് നടത്തിപ്പിനാവശ്യമായ അഭിഭാഷകരെ സ്‌പോൺസർ ചെയ്തതും ഈ കമ്പനിയാണെന്നു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞു. കമ്പനി ഏതെന്ന് ഇതുവരെ തിരക്കിയിട്ടില്ല. 
ദൽഹിയിൽനിന്നുള്ള മലയാളി അഭിഭാഷകൻ വൈക്കത്തെ വീട്ടിലെത്തി കേസ് നോക്കിക്കോളാമെന്നു പറഞ്ഞ് ഏറ്റെടുക്കുകയായിരുന്നു. 
സുപ്രീം കോടതിയിൽ  കേസ് നടത്തിപ്പിനായി  വ്യക്തിപരമായി ഏഴു ലക്ഷം രൂപയാണ് ചെലവായത്. പ്രധാനമായും  അഭിഭാഷകന്റെ ദൽഹിയിലേക്കുള്ള പോക്കുവരവിനുള്ള ട്രെയിൻ ടിക്കറ്റും മറ്റു ചെലവുകളുമാണ് താൻ നോക്കിയത്. ഏഴു ലക്ഷത്തിന് പുറമെ ഹൈക്കോടതിയിലും വലിയ തുക ചെലവായിട്ടുണ്ട്. മകൾക്കു വേണ്ടിയായതിനാൽ  ചെലവിന്റെ കണക്ക് സൂക്ഷിച്ചില്ല. തന്റെ കൈയിൽ പണില്ലാതെ  വന്നപ്പോൾ ബി.ജെ.പിയാണ് പണം നൽകിയത്. ട്രെയിൻ ടിക്കറ്റൊക്കെ ബുക്കു ചെയ്തതും അഭിഭാഷകന്റെ അക്കൗണ്ടിലേക്ക് പണമിട്ടുകൊടുത്തും ബി.ജെ.പിക്കാർ സഹായിച്ചിരുന്നു. ഹാദിയ വിഷയത്തിൽ  എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെയും അശോകൻ രൂക്ഷമായി വിമർശിക്കുന്നു. ഗതികെട്ട വെള്ളാപ്പള്ളിയുടെ സംഘടന വായ പൊളിച്ചു നിൽക്കുകയായിരുന്നുവെന്നും സമുദായത്തിന്റെ നേതാവായി നടക്കുന്ന വെള്ളാപ്പള്ളി ഒന്നും മിണ്ടിയില്ലെന്നും  അശോകൻ കുറ്റപ്പെടുത്തി. 
തനിക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടായപ്പോൾ ആർ.എസ്.എസിന്റെ ഒരു വിഭാഗം വൈക്കം യൂണിയനെ സമീപിച്ചപ്പോൾ 10,000 രൂപ നൽകി. എന്നാൽ, സുപ്രീം കോടതിയിൽ  കേസ് നടത്താൻ  10,000 രൂപ കൊണ്ട് എന്തു ചെയ്യാനാകും. സ്വത്തുക്കൾ ഏതെങ്കിലും ട്രസ്റ്റിന് എഴുതി്വവയ്ക്കാനാണ് പലരും തന്നോട് പറഞ്ഞത്. പക്ഷേ, മകൾ തിരിച്ചുവരുമെന്ന കണക്കുകൂട്ടലിലാണ് താൻ. ഹിന്ദുവായി തിരിച്ചുവന്നെങ്കിൽ മാത്രമേ അംഗീകരിക്കൂ. ഇനി കേസുമായി യാതൊരു വിധത്തിലും മുന്നോട്ടു പോവാനില്ല. എപ്പോഴും മകളെ ശല്യം ചെയ്താൽ അവൾക്ക് ചിന്തിക്കാനുള്ള സമയം കിട്ടില്ല. അച്ഛനെ വിട്ടുപോയത് ശരിയല്ലെന്ന് അവൾക്ക് നാളെ ചിന്തിക്കാനുള്ള സമയം കൊടുക്കുകയാണ്. പത്രസമ്മേളനത്തിൽ ആരോ എഴുതിക്കൊടുക്കുന്നതാണ് അവൾ വായിക്കുന്നതെന്നും അശോകൻ പറഞ്ഞു.

 

Latest News