കണ്ണൂർ - കീഴാറ്റൂർ സമരത്തിന്റെ മൂന്നാം ഘട്ടത്തോടനുബന്ധിച്ച് മഹാരാഷ്ട്ര മോഡൽ ലോംഗ് മാർച്ച് സംഘടിപ്പിക്കാൻ വയൽക്കിളകൾ ഒരുങ്ങുന്നു. ഹൈവേ ഇരകളുടെ മാർച്ചും സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല സമരവുമാണ് ലക്ഷ്യമിടുന്നത്. ഒരാഴ്ചക്കകം ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.
വയൽ നികത്തിയുള്ള ബൈപാസിനു പകരം എലിവേറ്റഡ് ഹൈവേ ആകാമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശത്തിനു വ്യക്തത വരാത്തതിനാലാണ് സമര പരിപാടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നും കീഴാറ്റൂർ സമരം ആരും ഹൈജാക്ക് ചെയ്തിട്ടില്ലെന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പരഞ്ഞു.
സമരത്തെക്കുറിച്ച് വ്യക്തമായ ധാരണ വയൽക്കിളികൾക്കുണ്ട്. ഈ സമരവുമായി യോജിപ്പുള്ള ആരുടെ പിന്തുണയും തേടുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസം നടന്ന 'കേരളം കീഴാറ്റൂരിലേക്ക്' സമര പരിപാടി വൻ വിജയമായതിനെത്തുടർന്നാണ് ചിലർ ഇതേക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും സുരേഷ് പറഞ്ഞു.
കീഴാറ്റൂർ വയലിലൂടെ എലിവേറ്റഡ് ഹൈവേ എന്ന ആശയം വയൽക്കിളികൾ തള്ളിയിട്ടുണ്ട്. പുതിയ അലൈൻമെന്റ് പ്രഖ്യാപിക്കാത്ത പക്ഷം, കേരളത്തിൽ ഹൈവേ വികസനത്തിന്റെ ഇരകളായ മുഴുവൻ പേരെയും സംഘടിപ്പിച്ച് ലോംഗ് മാർച്ച് നടത്താനാണ് തീരുമാനം. സർക്കാരിൽനിന്നു അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കീഴാറ്റൂരിൽനിന്നു മാറ്റി പൊതുസമൂഹത്തിനു മുന്നിലെത്തിക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിൽ സംഘാടകരെ പോലും അത്ഭുതപ്പെടുത്തിയ ജനപങ്കളിത്തമാണ് ഉണ്ടായത്. 2000 പേർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് നിശ്ചയിച്ചതെങ്കിലും ഇതിന്റെ ഇരട്ടിയിലധികം പേർ കീഴാറ്റൂരിലേക്കു ഒഴുകിയെത്തി. ഇത് സമരത്തിനു ലഭിച്ച പിന്തുണയുടെ പ്രതീകമാണെന്നും സമരം കൂടുതൽ ശക്തമാക്കാൻ ഇത് പ്രചോദനമേകുന്നുവെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.