Sorry, you need to enable JavaScript to visit this website.

രാജസ്ഥാൻ റോയൽസിനെ നയിക്കാൻ സ്മിത്തില്ല

ന്യൂദൽഹി- പന്തിൽ കൃത്രിമം കാണിച്ചതിന് നടപടി നേരിടുന്ന ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് നായകസ്ഥാനത്ത്‌നിന്ന് രാജിവെച്ചു. പന്തിൽ കൃത്രിമം കാണിച്ചതിന് ആജീവനാന്ത വിലക്ക് നേരിടുമെന്ന വാർത്തകൾക്കിടെയാണ് റോയൽസിന്റെ നായകസ്ഥാനത്ത്‌നിന്ന് സ്വയം ഒഴിയാൻ സ്റ്റീവ് സ്മിത്ത് തീരുമാനിച്ചത്. 1.9 മില്യൺ ഡോളറിന്റെ കരാറാണ് രാജസ്ഥാൻ റോയൽസുമായി സ്റ്റീവ് സ്മിത്തിനുണ്ടായിരുന്നത്. അടുത്തമാസം ഏഴിനാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്. രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയാണ് സ്റ്റീവ് സ്മിത്തിന്റെ പടിയിറക്കം. നിലവിൽ നടക്കുന്ന വിവാദങ്ങൾ ഐ.പി.എൽ ക്രിക്കറ്റിനെ ബാധിക്കാതിരിക്കാൻ വേണ്ടിയുള്ള ഉചിതമായ തീരുമാനമാണ് സ്റ്റീവ് സ്മിത്ത് സ്വീകരിച്ചിരിക്കുന്നതെന്ന് രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ അറിയിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ഒരു ടെസ്റ്റിൽനിന്ന് സ്മിത്തിനെ വിലക്കിയിട്ടുണ്ട്. സ്മിത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് നായകസ്ഥാനത്ത്‌നിന്ന് ഒഴിഞ്ഞത്. 
കേപ്ടൗണിൽ നടന്ന സംഭവം ക്രിക്കറ്റ് ലോകത്തിനാകമാനം അപമാനമാണ്. ബി.സി.സി.ഐയുമായി സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ ഉപദേശമനുസരിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും രാജസ്ഥാൻ റോയൽസ് മേധാവി സുബിൻ ബറൂച്ച പറഞ്ഞു. സ്റ്റീവ് സ്മിത്തുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
ക്രിക്കറ്റിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുള്ള മുഴുവൻ നടപടികളോടും സഹകരിക്കുമെന്ന് ടീം ഉടമകളിലൊരാളായ മനോജ് ബഡാലേ പറഞ്ഞു. 
സ്ഥാനം ഒഴിയാനുള്ള സ്റ്റീവ് സ്മിത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും അജിൻക്യ രഹാനെയെ പോലുള്ള മികച്ച താരം നായകസ്ഥാനത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടന്ന സംഭവം ക്രിക്കറ്റിന് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 


രഹാനെ നയിക്കും

മുംബൈ- സ്റ്റീവ് സ്മിത്ത് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഐ.പി.എൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെ ഇന്ത്യൻ താരം അജിൻക്യ രഹാനെ നയിക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. 72 ഇന്നിംഗ്‌സുകളിൽനിന്ന് 2333 റൺസാണ് രഹാനെയുടെ പേരിലുള്ള റൺ സമ്പാദ്യം. നാലു കോടി രൂപക്കാണ് 29-കാരനായ വാട്‌സണിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന് വേണ്ടി 2008-ലാണ് രഹാനെ ഐ.പി.എൽ ക്രിക്കറ്റിൽ അരങ്ങേറിയത്. 2011 മുതൽ 2015 വരെ രാജസ്ഥാൻ റോയൽസിനൊപ്പമായിരുന്നു.



ഷെയ്ൺ വോൺ നായകനായിരുന്ന കാലത്ത് പതിനൊന്ന് വർഷം മുമ്പാണ് രാജസ്ഥാൻ റോയൽസ് ഐ.പി.എൽ കിരീടം ചൂടുന്നത്. അഴിമതിയെ തുടർന്ന് രണ്ടുവർഷത്തെ വിലക്ക് നേരിട്ട ശേഷം ഈ വർഷമാണ് ക്ലബ്ബ് തിരിച്ചുവന്നത്. എന്നാൽ തിരിച്ചുവരവിൽ തന്നെ കനത്ത അടിയാണ് ക്ലബ്ബിന് ഏൽക്കേണ്ടി വന്നത്. നേരത്തെ അഴിമതി ആരോപണത്തെ തുടർന്ന് വിലക്ക് നേരിട്ട രാജസ്ഥാൻ റോയൽസ് വീണ്ടും സമാനമായ ആരോപണം നേരിടേണ്ടി വരുമോയെന്ന ആശങ്കയും സ്മിത്തിനെതിരായ നടപടിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ സീസണിലും ഏറ്റവും ജനപ്രിയ താരമായ ഒരാളായിരുന്നു സ്റ്റീവ് സ്മിത്ത്. റൈസിംഗ് പൂനെ സൂപ്പർജെയിന്റ്‌സിൽ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സിനൊപ്പമായിരുന്നു സ്മിത്ത്. ബെൻ സ്റ്റോക്‌സും ഇത്തവണ റോയൽസിനൊപ്പമുണ്ട്. 
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പന്തിൽ കൃത്രിമം കാണിച്ചത് പിടിക്കപ്പെട്ടതാണ് ഓസീസ് നായകനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാണർക്കും വിനയായത്.  തന്റെ നിർദേശപ്രകാരമാണ് കാമറൂൺ ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടിയതെന്ന് സ്മിത്ത് വ്യക്തമാക്കിയതോടെ ക്രിക്കറ്റ് ലോകം ഒന്നാകെ ഇളകിമറിയുകയും ചെയ്തു. ലോകത്താകമാനമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരും സ്മിത്തിന്റെയും ഓസീസിന്റെയും നടപടിക്കെതിരെ രംഗത്തെത്തി. സ്മിത്തിനെയും വാണറെയും ടീമിൽനിന്ന് മാറ്റിയ ഓസീസ് വിക്കറ്റ് കീപ്പർ  ടിം പയ്‌നയെ നായകനാക്കി. 
ബാൻക്രോഫ്റ്റ് മഞ്ഞ വസ്തു കൊണ്ട് പന്ത് ചുരണ്ടുന്ന ദൃശ്യമാണ് ടി.വി ക്യാമറകൾ പിടിച്ചെടുത്തത്. അത് സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിക്കപ്പെട്ടതോടെ എട്ട് ടെസ്റ്റിൽ മാത്രം പരിചയമുള്ള താരം പരിഭ്രാന്തനാകുകയായിരുന്നു. 
മഞ്ഞനിറത്തിലുള്ള വസ്തു എന്താണെന്ന് അമ്പയർ ചോദിച്ചപ്പോൾ സൺ ഗ്ലാസിന്റെ കറുത്ത കവർ എടുത്തു കാണിച്ചാണ് ബെൻക്രോഫ്റ്റ് രക്ഷപ്പെട്ടത്.എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ ടി.വി ക്യാമറകൾ ഇടതടവില്ലാതെ കാണിച്ചതോടെ ടീമിന്റെ യോജിച്ചുള്ള തീരുമാനമായിരുന്നു പന്ത് ചുരണ്ടലെന്ന് സ്മിത്ത് വെളിപ്പെടുത്തി. ഇതോടെയാണ് സ്മിത്തിനും വാണർക്കുമെതിരെ നടപടി വന്നത്. 

Latest News