Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റിന് ചിതയൊരുക്കും ചതി

ക്രിക്കറ്റിനെ നാണം കെടുത്തിയ പന്തു ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ പത്രങ്ങൾ ഒന്നാം പേജിൽ നൽകിയ വാർത്തകൾ.    

സിഡ്‌നി - ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുക എന്നാൽ ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുക എന്ന് കൂടി അർത്ഥമുണ്ടെന്ന് കരുതുന്നവരുണ്ട്, ക്രിക്കറ്റ് ലോകത്ത്. പ്രധാനമന്ത്രിയേക്കാൾ അന്തസ്സുള്ള പദവിയായി ക്രിക്കറ്റ് ക്യാപ്റ്റനെ കാണുന്നവരുമുണ്ട്. ഈ ഉന്നതമായ സ്ഥാനവും ഓസ്‌ട്രേലിയക്കാരുടെ ക്രിക്കറ്റിനോടുള്ള ആഴത്തിലുള്ള ഇഷ്ടവുമാണ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കുറ്റസമ്മതം കേട്ട് രാജ്യം ഒന്നടങ്കം ഞെട്ടാൻ കാരണമായത്. താൻ ചതി ചെയ്തുവെന്ന സമ്മതിച്ചതിനു പുറമെ അത് മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നു കൂടി സ്മിത്ത് പറഞ്ഞതോടെ രാജ്യം ഒന്നടങ്കം നാണക്കേടിന്റെ കുഴിയിൽ പതിക്കുകയും ചെയ്തു.  
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ കളിയുടെ ഗതിമാറ്റാൻ പന്തിൽ കൃത്രിമം കാട്ടാൻ താൻ പദ്ധതിയിട്ടുവെന്ന സ്മിത്തിന്റെ വെളിപ്പെടുത്തൽ രാജ്യം ഞെട്ടലോടെയാണ് കേട്ടത്. സഹതാരം കാമറൂൺ ബാൻക്രാഫ്റ്റ് കളിക്കിടെ പന്തിൽ രഹസ്യമായി മഞ്ഞ ടാപ്പ് ഒട്ടിക്കാൻ ശ്രമിച്ചത് കാമറയിൽ കുടുങ്ങിയതോടെയാണ് സ്മിത്തിന്റെ ഈ പദ്ധതി വെളിച്ചത്തായത്. പണി പാളി എന്നു മനസ്സിലാക്കിയ ബാൻ ക്രാഫ്റ്റ് തെളിവു മറച്ചുവെക്കാൻ പന്ത് ട്രൗസറിനുള്ളിലേക്ക് തിരുകുന്നതെല്ലാം ലോകം ഒരു കോമഡി പോലെയാണ് കണ്ടത്.
ഈ ഒറ്റ സംഭവത്തോടെ ഇതിഹാസ താരങ്ങളും ഓസ്‌ട്രേലിയൻ സ്‌പോർട്‌സ് കമ്മീഷനും പൊതുജനവുമെല്ലാം ഇതിനെ അപലപിച്ചു രംഗത്തെത്തി. എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ വലിയ പ്രാധാന്യത്തോടെ വാർത്ത നൽകി. ടി.വി ചാനൽ ചർച്ചകളിലും കോഫി ഷോപ്പുകളിലെ സംസാരങ്ങളുമെല്ലാം ഈ തിരിമറിയെ കുറിച്ചായി. പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഞെട്ടലും കടുത്ത നിരാശയും അറിയിച്ചു. 'ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ഇത്തരമൊരു ചതി ചെയ്യുമെന്നത് ഒരിക്കലും വിശ്വസിക്കാൻ പോലും കഴിയില്ല,' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
മാന്യൻമാരുടെ കളിയെന്ന വിളിപ്പേരുള്ള ക്രിക്കറ്റിന് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഒരു കായിക ഇനത്തിലും അപ്പുറമാണ് സ്ഥാനം. 
രാജ്യത്തെ രൂപപ്പെടുത്തിയെടുക്കാനും ഒരു ദേശീയ സ്വഭാവം വികസിപ്പിച്ചെടുക്കാനും സഹായിക്കുന്ന ഒരു കളിയായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ പൊതുവെ ഗണിക്കപ്പെടുന്നത്. ആ അയഞ്ഞ പച്ചത്തൊപ്പി ധരിക്കാൻ അവസരം ലഭിക്കുന്നത് തന്നെ വളരെ മഹത്തരമായാണ് ആളുകൾ കാണുന്നത്. 450 പേർക്കു മാത്രം ലഭിക്കുന്ന അവസരം. സ്‌പോർട്‌സിലെ കരുത്ത് ദേശീയ സ്വത്വവുമായി ഇഴചേർന്ന് കിടക്കുന്ന ഈ മുൻ ബ്രിട്ടീഷ് കോളനിയുടെ കീർത്തിയും ഖ്യാതിയും രാജ്യത്തിന് വലിയ ഉത്തരവാദിത്തവും നൽകുന്നുണ്ട്. ചതി എന്നത് ഓസ്‌ട്രേലിയൻ ക്രിക്കറ്റർമാർ  ചെയ്യുന്ന ഒന്നല്ലെന്നും ഇപ്പോഴത്തെ സംഭവം അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന ഒന്നാണെന്നും ക്രിക്കറ്റ് ആരാധകരെല്ലാം പറയുന്നു. 
ക്രിക്കറ്റ് നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാണെന്നും നമ്മെ നിർണയിക്കുന്ന ഒന്നാണെന്നും പറയാൻ മാത്രം മുഴുപ്പേജ് പത്രപരസ്യമാണ്  സ്‌പോർട്‌സ് വസ്ത്ര കമ്പനിയായ സ്‌കിൻസ് മേധാവി ജൈമി ഫുളർ ഇന്ന് രംഗത്തെത്തിയത്. എന്താണ് നീതിയെന്നും എന്താണ് അനീതിയെന്നും എന്താണ് ശരി തെറ്റുകളെന്നും നമ്മെ പഠിപ്പിക്കുന്ന കളിയാണ് ക്രിക്കറ്റെന്നും ഇന്നലത്തെ പത്രത്തിൽ നൽകിയ പരസ്യത്തിൽ അദ്ദേഹം പറയുന്നു. ഇത്തരം വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇതു ഗൗരവത്തിലെടുത്തില്ലെങ്കിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനു മാത്രമായിരിക്കില്ല നാണക്കേട്. നിങ്ങൾക്കെല്ലാവർക്കും ക്രിക്കറ്റിനും നമുക്കെല്ലാവർക്കുമായിരിക്കും നാണക്കേടെന്നും അദ്ദേഹം പറയുന്നു.
ഈ ക്രൂരമായ ചതി മറക്കാൻ  ഓസ്‌ട്രേലിയക്കാർക്ക് കുറെ സമയമെടുക്കുമെന്ന് പ്രമുഖ ക്രിക്കറ്റ് എഴുത്തുകാരി കാതറിൻ മഗ്രിഗർ പറയുന്നു. എന്തു വിലകൊടുത്തും ജയിക്കാൻ ചതി ചെയ്യുക എന്നത് ക്രിക്കറ്റല്ലെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡിൽ എഴുതിയ ലേഖനത്തിൽ അവർ പറഞ്ഞു. 
രാജ്യത്തുടനീളം ക്രിക്കറ്റ് ആരാധകർക്കുണ്ടായ രോഷം മനസ്സിലാക്കാവുന്നതാണ്. അവരാണ് യഥാർത്ഥ വിശ്വാസികളെന്നും ഈ ടീം അവരിലും താഴെയാണെന്നും കാതറിൻ എഴുതുന്നു. 
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ എന്തോ ചീഞ്ഞു നാറുന്നുണ്ടെന്നാണ് ദി ഓസ്‌ട്രേലിയൻ പത്രത്തിലെ ക്രിക്കറ്റ് ലേഖകൻ പീറ്റർ ലാലർ പറയുന്നത്. വിജയം മാത്രം കാണാൻ പൊതുജനം ഇഷ്ടപ്പെട്ടപ്പോൾ വിജയവും പാരമ്പര്യവും ദേശീയതയുമെല്ലാമാണ് ജീർണ്ണിച്ച ആ വസ്ത്രത്തെ മറച്ചു പിടിച്ചത്. ചതിക്കാനുള്ള ഒരു ഗൂഢാലോചന ആ വസ്ത്രത്തേയും ഉരിച്ചു കളഞ്ഞിരിക്കുന്നു. വലിയ അറ്റക്കുറ്റപ്പണി തന്നെ ഇനി വേണ്ടി വരുമെന്നും അദ്ദേഹം എഴുതുന്നു.

 

Latest News