കണ്ണൂര്‍ - ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ വെല്ലുവിളിയുമായി സ്വര്‍ണ്ണകള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. ഡി.വൈ.എഫ്.ഐ നേതാവിനും സംഘടനകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പ്രതികരണമായാണ് അര്‍ജുന്‍ ആയങ്കി വെല്ലുവിളിയുയര്‍ത്തിയത്.
' വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും, പലതും പറയാന്‍ ഞാനും നിര്‍ബന്ധിതനാവുമെന്നും, അപ്പോഴുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി പ്രശ്‌നത്തിന് തുടക്കമിട്ടവരായിരിക്കുമെന്നും, പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നുവെന്നുമാണ് ' അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ, മെയ് 1ന് കാണാമെന്നും, പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നുമായിരുന്നു ആയങ്കിയുടെ മുന്നറിയിപ്പ്. പാര്‍ട്ടി ഗ്രാമത്തില്‍ തന്നെ താമസിച്ചാണ് ആയങ്കിയുടെ മുന്നറിയിപ്പും വെല്ലുവിളിയുമെന്നതാണ് ശ്രദ്ധേയം.
ഡി.വൈ.എഫ്.ഐയ്ക്കും, മുന്‍ ജില്ല പ്രസിഡണ്ട് മനുതോമസിനും എതിരായി തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടതിനെത്തുടര്‍ന്ന് ജില്ലാ സെക്രട്ടറി എം. ഷാജറാണ് അസി. കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പ്രഭു ലാല്‍ കൂത്തുപറമ്പ് എന്നയാളുടെ ഫേസ് ബുക് അക്കൗണ്ട് വഴിയാണ് അപവാദ പ്രചാരണം നടത്തിയത്. കൂത്തുപറമ്പില്‍ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ മനു തോമസ്, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇത് ഈ സംഘം സമൂഹ മാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നു. മനു തോമസിനെ പ്രസിഡന്റ്് സ്ഥാനത്തു നിന്ന് പുറത്താക്കിയതാണെന്നും ഇത് തങ്ങളുടെ വിജയമാണെന്നും, മനു തോമസിനെതിരെ ഇനിയും നടപടിയുണ്ടാകുമെന്നു മൊക്കെയായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് എം.ഷാജര്‍, അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി, നൗഫല്‍ തേക്കട എന്നിവര്‍ക്കെതിരെ അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
നേരത്തെ സജീവ സി.പി.എം പ്രവര്‍ത്തകരായിരുന്ന അര്‍ജുന്‍ ആയങ്കി, അകാശ് തില്ലങ്കേരി എന്നിവര്‍ പി.ജെ.ആര്‍മിയുടെയും, സി.പി.എം സോഷ്യല്‍ മീഡിയയുടെയും പ്രചാരകര്‍ കൂടിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതോടെ ആകാശ് തില്ലങ്കേരിയേയും, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് അര്‍ജുന്‍ ആയങ്കിയേയും പുറത്താക്കിയെങ്കിലും, ഇവര്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രചാരകരായി തുടര്‍ന്നു. ഇതിനിടെയാണ് കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് കേസ് പുറത്തു വരുന്നതും ചില സി.പി.എം നേതാക്കള്‍ക്ക് ഇവരുമായുള്ള ബന്ധവും പുറത്തു വന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണ്ണകള്ളകടത്ത് സംഘങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. കൂത്തുപറമ്പില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടി മാഫിയാസംഘങ്ങള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തു.