കണ്ണൂര്‍- തലശേരി പുന്നോലില്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപിക രേഷ്മ പി. ജോലി രാജിവെച്ചു. രേഷ്മ ജോലി ചെയ്തിരുന്ന അമൃത വിദ്യാലയത്തില്‍നിന്ന് അവരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് രാജി. ഇന്ന് രാവിലെയാണ് രേഷ്മയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കൊലക്കേസ് പ്രതിയ്ക്ക് സംരക്ഷണം നല്‍കിയതിന് അറസ്റ്റിലായതോടെയാണ് അധ്യാപികയായ രേഷ്മക്കെതിരെ അമൃത വിദ്യാലയം മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. ഹരിദാസ് വധക്കേസ് പ്രതിയായ നിജില്‍ ദാസിന് പിണറായി പാണ്ട്യാല മുക്കിലെ വീട്ടില്‍ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് രേഷ്മ അറസ്റ്റിലായത്. കേസില്‍ പതിനഞ്ചാം പ്രതിയാക്കിയാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിലായ ദിവസം വൈകിട്ടോടെ രേഷ്മക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ഓട്ടോ ഡ്രൈവറായിരുന്ന നിജില്‍ ദാസുമായി അധ്യാപികയായ രേഷ്മക്ക് ഒരു വര്‍ഷത്തെ പരിചയം ഉണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭര്‍ത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ ഇടം നല്‍കിയത്. നിജില്‍ ദാസ് ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നും പോലീസ് വ്യക്തമാക്കുന്നു.