Sorry, you need to enable JavaScript to visit this website.

എയിംസ് സ്ഥാപിക്കേണ്ടത് കാസർകോട്ട് തന്നെ

ആരോഗ്യരംഗത്തെ ഈ പിന്നോക്കാവസ്ഥക്കു പുറമേയാണ് എൻഡോസൾഫാൻ ഏൽപിച്ച ദുരിതങ്ങൾ. കാൽ നൂറ്റാണ്ടുകാലം നടത്തിയ എൻഡോസൾഫാൻ പ്രയോഗം ഉണ്ടാക്കിയ ദുരന്തങ്ങൾ തുടരുകയാണ്.  2000 ൽ നിരോധിച്ചിട്ടും ഇപ്പോഴും കുട്ടികൾ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ട്. വർഷം തികയുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങൾ മരണപ്പെട്ടു പോകുന്നു. ഇനിയും തലമുറകളോളം നീണ്ടുനിന്നേക്കാവുന്ന രോഗാവസ്ഥയെ മറികടക്കാൻ ഗവേഷണവും പഠനവും നടത്താവുന്ന മെച്ചപ്പെട്ട ചികിത്സ ലഭിക്കാവുന്ന ആരോഗ്യ സംവിധാനം അനിവാര്യമാണ്. അവിടെയാണ് എയിംസ് പ്രസക്തമാകുന്നത്. 

 

ഏറെക്കാലമായി കേരളം ആവശ്യപ്പെടുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരമായതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തതായി കെ മുരളീധരൻ എംപിക്ക് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ നൽകിയ മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയെത്തി അന്തിമ പരിശോധന നടത്തി സ്ഥലം സംബന്ധിച്ച് തീരുമാനം സ്വീകരിക്കും. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരൻ എംപി കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. അതിനായി അനുകൂലമായ സ്ഥലങ്ങൾ അറിയിക്കണമെന്ന് വ്യക്തമാക്കി കേന്ദ്രം കേരളത്തിന് കത്ത് നൽകിയിരുന്നു. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മൂന്ന് സ്ഥലങ്ങളാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളതെന്നാണ് വിവരം. 

അതേസമയം എയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുകയാണ്. ഈ ആവശ്യമുന്നയിച്ചു നടക്കുന്ന  അനിശ്ചിതകാല നിരാഹാര സമരം കഴിഞ്ഞ ദിവസം 101 ാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ 101 സ്ത്രീകൾ  ഉപവാസം നടത്തി. സമരത്തിൽ നിരവധി എൻഡോസൾഫാൻ ഇരകളും പങ്കെടുത്തു. കഴിഞ്ഞ നാലു മാസത്തിനിടിയൽ അഞ്ച് കുട്ടികളാണ് എൻഡോസൾഫാൻ സമ്മാനിച്ച വേദനകൾക്ക് വിരാമമിട്ട് മരണം വരിച്ചത് എന്നതു കൂടി ഇതുമായി ബന്ധപ്പെട്ട് കൂട്ടിവായിക്കണം. ഏറെ കാലമായി നിർജീവമായിരുന്ന എൻഡോസൾഫാൻ സെൽ അടുത്തിടെ പുനഃസംഘടിച്ചെങ്കിലും ജില്ലയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് മുടങ്ങിയിട്ട് വർഷങ്ങളായി. നേരത്തേ ദുരിതബാധിതർക്ക് സൗജന്യ ചികിത്സ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോഴത്  നൽകുന്നില്ലെന്നാണ് പരാതി.  കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി വിഭാഗത്തിൽ ന്യൂറോളജിസ്റ്റുകളെ നിയമിച്ചെങ്കിലും സ്‌കാനിങ് ഉൾപ്പെടെ ചികിത്സാ ഉപകരണങ്ങളോ സംവിധാനങ്ങളോ ഇവിടെയില്ല. ദുരിതബാധിതർക്കുള്ള അഞ്ചു ലക്ഷം ധനസഹായം  മൂന്നാഴ്ചക്കുള്ളിൽ നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ഇരകളിപ്പോൾ. 

ഇത്തരമൊരു സാഹചര്യത്തിലാണ് എയിംസ് സ്ഥാപിക്കേണ്ടത് കാസർകോട്ടാകണമെന്ന ആവശ്യത്തിനു പ്രസക്തിയേറുന്നത്. കേരളത്തിന്റെ ഒരറ്റത്തുള്ള ജില്ലയായതിനാൽ അതു ഗുണകരമാകില്ല എന്ന അഭിപ്രായത്തിനൊന്നും ഒരർത്ഥവുമില്ല. എങ്കിൽ സെക്രട്ടറിയേറ്റ് മുതൽ ആർ സി സി വരെയുളള സ്ഥാപനങ്ങൾ തിരുവനന്തപുരത്താകാൻ പാടില്ലല്ലോ. അതിന്റെ പേരിൽ സിൽവർ ലൈൻ സ്ഥാപിക്കുമെന്നാണല്ലോ പറയുന്നത.് ആ സിൽവർ ലൈനിൽ കയറി തെക്കുനിന്നുള്ളവർക്ക് എയിംസിൽ എത്താമല്ലോ. ഐ ഐ ടി പിന്നോക്ക ജില്ലയായ പാലക്കാട്ട് സ്ഥാപിച്ച മാതൃകയാണ് ഇക്കാര്യത്തിലും പിന്തുടരേണ്ടത്. കേന്ദ്ര സർവകലാശാല കാസർകോട്ട് സ്ഥാപിച്ചതും ഉചിതമായി തീരുമാനമായിരുന്നു. 

ചന്ദ്രഗിരി പുഴയ്ക്കപ്പുറം വിദ്യാഭ്യാസത്തിനും ജോലിക്കും വ്യാവസായികാവശ്യങ്ങൾക്കുമെല്ലാമെന്ന പോലെ ചികിത്സക്കും മിക്കവരും ആശ്രയിക്കുന്നത് ഇപ്പോൾ  മംഗലാപുരത്തെയാണ.് നാൽപതിലധികം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ഏഴ് മെഡിക്കൽ കോളേജുകളും മംഗലാപുരത്തുണ്ട്. അവിടെയത്തുന്നവരിൽ വലിയൊരു ഭാഗം കാസർകോട്ടുകാരാണ്. ഇവിടെ എയിംസോ മറ്റേതെങ്കിലും ഉന്നത നിലവാരമുള്ള ആശുപത്രികളോ വരുന്നത് തടയുന്നത് അവയുടെ ലോബിയാണെന്ന ആരോപണവും നിലവിലുണ്ട്. മെഡിക്കൽ കോളേജ് വികസനം ഇഴയുന്നതിനും കാരണം അതാകാം.  കോവിഡിന്റെ ആദ്യകാലത്ത്  കർണാടക അതിർത്തികൾ അടഞ്ഞപ്പോൾ 24 ഓളം പേരാണ് മറ്റു രോഗങ്ങൾ വന്ന് ചികിത്സ കിട്ടാതെ മരിച്ചതെന്നു കൂടി ഓർക്കുന്നത് നല്ലതാണ്. ആരോഗ്യത്തിൽ ലോകനിലവാരമെന്നവകാശപ്പെടുന്ന ഒരു സംസ്ഥാനത്താണ് ഇത് നടന്നത്.  ലോകതലത്തിൽ ആയിരം രോഗികൾക്ക് ഒരു ഡോക്ടറെന്ന ആനുപാതമായിരിക്കേ കേരളത്തിലത് 600 പേർക്ക് ഒരു ഡോക്ടറാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ കാസർകോട്ട് 1600 പേർക്കാണത്രേ ഒരു ഡോക്ടറുള്ളത്. 

ആരോഗ്യ രംഗത്തെ ഈ പിന്നോക്കാവസ്ഥക്കു പുറമേയാണ് എൻഡോസൾഫാൻ ഏൽപിച്ച ദുരിതങ്ങൾ. കാൽ നൂറ്റാണ്ടു കാലം നടത്തിയ എൻഡോസൾഫാൻ പ്രയോഗം ഉണ്ടാക്കിയ ദുരന്തങ്ങൾ തുടരുകയാണ്.  2000 ൽ നിരോധിച്ചിട്ടും ഇപ്പോഴും കുട്ടികൾ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ട്. വർഷം തികയുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങൾ മരണപ്പെട്ടു പോകുന്നു. ഇനിയും തലമുറകളോളം നീണ്ടുനിന്നേക്കാവുന്ന രോഗാവസ്ഥയെ മറികടക്കാൻ ഗവേഷണവും പഠനവും നടത്താവുന്ന മെച്ചപ്പെട്ട ചികിത്സ ലഭിക്കാവുന്ന ആരോഗ്യ സംവിധാനം അനിവാര്യമാണ്. അവിടെയാണ് എയിംസ് പ്രസക്തമാകുന്നത്. 2014 ൽ തന്നെ ജില്ലയിലെ എം.എൽ.എമാർ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതാണ്. തുടർന്ന് പലതവണ പ്രക്ഷോഭങ്ങൾ നടന്നു. മറ്റൊരു ജില്ലയും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിട്ടില്ല എന്നുമോർക്കണം.

ആരോഗ്യ മേഖല മാത്രമല്ല, ഏതു മേഖലയെടുത്താലും ഏറ്റവുമധികം അവഗണന നേരിടുന്ന ജില്ലയാണ് കാസർകോട് എന്നത് പകൽപോലെ വ്യക്തമാണ്. വടക്കെ അറ്റത്തായതിനാലാകണം അവിടത്തെ പ്രശ്നങ്ങളൊന്നും തെക്ക് തലസ്ഥാനത്തെത്തുന്നില്ല. എത്തിയാലും ഒരു കാര്യവുമില്ല. ഇപ്പോൾ സിൽവർ ലൈനിനെ കുറിച്ച് വാചാലരാകുന്നവർ മറച്ചുവെക്കുന്നത് കേരളത്തിലോടുന്ന എത്രയോ ട്രെയിനുകളാണ് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നതെന്നതാണ്. പല ദീർഘദൂര ട്രെയിനുകൾക്കുമാകട്ടെ കാസർകോട്ട് സ്റ്റോപ്പുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാർട്ടികളുടെ പ്രചാരണ ജാഥകൾ ആരംഭിക്കുന്നതിന്റെ പേരിലാണ് കാസർകോട് ജില്ല മാധ്യമങ്ങളിൽ പോലും പ്രത്യക്ഷപ്പെടുക. പിന്നെ എയിംസിന്റെ പേരിലും. 

വിദ്യാഭ്യാസ മേഖലയിലായാലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലായാലും തൊഴിൽ മേഖലയിലായാലും അവഗണനയോടൊപ്പം പരിഹാസം നേരിടുന്ന സമൂഹമാണ് തങ്ങളുടേതെന്ന് കാസർകോട്ടുകാർ പറയുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗം പണിഷ്‌മെന്റ് ട്രാൻസ്ഫർ ആയി വന്നവരാണ്. അവരിൽ നിന്ന് എന്തു നീതിയാണ് ഒരു സമൂഹത്തിനു ലഭിക്കുക? ഒരറ്റത്തു കിടക്കുന്നു എന്നതുകൊണ്ട് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള കാരണമാകുന്നതിന്റെ അർത്ഥവും ഇവർക്കു മനസ്സിലാകുന്നില്ല. വിദ്യാഭ്യാസ മേഖലയിലെ കാസർകോടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കണെമെങ്കിൽ ഏതെങ്കിലും ഒരു സർക്കാർ ഓഫീസിൽ പോയി നോക്കിയാൽ മതി. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും തെക്കൻ ജില്ലക്കാരായിരിക്കും. ഇവരിൽ ബഹുഭൂരിപക്ഷത്തിനും ഇവിടെ ജോലി ചെയ്യാൻ താൽപര്യമില്ല. തരം കിട്ടിയാൽ ട്രാൻസ്ഫർ വാങ്ങി സ്ഥലം വിടുക മാത്രമാണ് അവരുടെ ലക്ഷ്യം. തിങ്കളാഴ്ചയും ശനിയാഴ്ചയുമൊന്നും മിക്കവാറും പേർ ഓഫീസിലുണ്ടാവില്ല. മാത്രമല്ല സംസാരിക്കുന്ന ഭാഷയുടെ പേരിൽ കാസർകോട്ടുകാർ പലപ്പോഴും ഉദ്യോഗസ്ഥരാൽ അപമാനിക്കപ്പെടുന്നു. മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്‌നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരിൽ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. സർക്കാർ ഓഫീസുകളിൽ പോകുമ്പോൾ തങ്ങളുടെ ആവശ്യങ്ങൾ സാധിക്കാൻ വലിയ പാടാണെന്നു അവർ പറയുന്നു. അവരെയൊന്നും തുല്യതയോടെ കാണാൻ പോലും നമുക്കാവുന്നില്ല എന്നതാണ് വാസ്തവം. ഭാഷാ ന്യൂനപക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടു പോലും ഇതാണവസ്ഥ. കാർഷിക, വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മേഖലകളിലെല്ലാം കടുത്ത അവഗണന തന്നെയാണ് ഇവിടത്തുകാർ നേരിടുന്നത്. പാലക്കാട് അതിർത്തി പ്രദേശത്തുള്ളവർ മിക്ക കാര്യങ്ങൾക്കും കോയമ്പത്തൂരിനെ ആശ്രയിക്കുന്ന പോലെ ഇവിടുത്തുകാർ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ കാസർകോടിനോട് നീതി പുലർത്താൻ സർക്കാരിനു ലഭിച്ചിരിക്കുന്ന അവസരമാണിത്. സാമാന്യം ഭേദപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ള ജില്ലകളെയാണ് കേരളം നിർദേശിച്ചിരിക്കുന്നതെന്നാണ് അറിവ്. പരിഗണനാ ലിസ്റ്റിൽ പോലും കാസർകോടിനെ ഉൾപ്പെടുത്തിയിട്ടില്ലത്രേ. ആ തെറ്റു തിരുത്താൻ ഉടനെ സർക്കാർ തയാറാകണം. പരിഗണനാ ലിസ്റ്റിൽ ആദ്യത്തേതായി കാസർകോടിനെ ഉൾപ്പെടുത്തണം. അതിനായി ശക്തമായി കേന്ദ്രത്തോട് വാദിക്കണം. ദശകങ്ങളായി എൻഡോസൾഫാൻ ദുരന്തങ്ങളടക്കം പേറുന്ന അവിടുത്തെ ജനതയോടുള്ള പ്രായശ്ചിത്തമായെങ്കിലും ഈ തീരുമാനമെടുക്കാൻ സർക്കാർ തയയ്യാറാകുമെന്നു തന്നെ കരുതാം. അല്ലെങ്കിൽ പാവപ്പെട്ടവർക്കും ചൂഷിതർക്കുമൊപ്പമാണ് തങ്ങളെന്ന അവകാശവാദത്തിന് എന്തർത്ഥമാണുള്ളത്?

Latest News